ദുബായ് - കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വദേശി ജീവനക്കാരെ പിരിച്ചുവിടുകയോ വേതനം കുറക്കുകയോ ചെയ്യരുതെന്ന് രാജ്യത്തെ സ്വകാര്യ കമ്പനികളോട് യു.എ.ഇ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം ആവശ്യപ്പെട്ടു. നിലവിലെ പ്രതിസന്ധിക്കിടെ വേതനരഹിത ലീവ് പോലെ അനുരഞ്ജനത്തോടെയുള്ള നടപടികൾ കമ്പനികൾ സ്വീകരിക്കുകയാണ് വേണ്ടത്. പ്രവർത്തനം നിലച്ച കമ്പനികളിലെ ജീവനക്കാർ മൂന്നു മാസ, ആറു മാസ കാലാവധിയുള്ള താൽക്കാലിക വർക്ക് പെർമിറ്റിന് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയവുമായി ബന്ധപ്പെടണം. താൽക്കാലിക വർക്ക് പെർമിറ്റ് നേടുന്നവർ പ്രതിസന്ധി തീർന്ന ശേഷം ആദ്യ കമ്പനിയിലെ ജോലിയിൽതന്നെ തിരികെ പ്രവേശിക്കുകയാണ് വേണ്ടത്.
മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തെ സമീപിക്കാതെ ഒരു സ്വദേശിയെയും പിരിച്ചുവിടാനോ വേതനം കുറക്കാനോ പാടില്ലെന്ന് കമ്പനികൾക്ക് അയച്ച കത്തിൽ മന്ത്രാലയം ആവശ്യപ്പെട്ടു. മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത മുഴുവൻ സ്ഥാപനങ്ങൾക്കും ബാധകമാക്കിയ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞിട്ടുണ്ട്. പുതിയ വർക്ക് പെർമിറ്റുകൾ നേടുന്നതിനും വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിനും ഇതിലൂടെ സ്ഥാപനങ്ങൾക്ക് സാധിക്കും.
താൽക്കാലിക വർക്ക് പെർമിറ്റ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ പൂർത്തിയായ തൊഴിലാളികൾ വിർച്വൽ ജോബ് മാർക്കറ്റിൽ രജിസ്റ്റർ ചെയ്ത് ലഭ്യമായ തൊഴിലവസരങ്ങൾ അന്വേഷിച്ച് കണ്ടെത്തണം. കൊറോണ വ്യാപനം തടയുന്നതിന് സ്വീകരിച്ച മുൻകരുതലുകൾ പ്രതികൂലമായി ബാധിച്ച സ്ഥാപനങ്ങളെ സഹായിക്കുന്നതിന് മന്ത്രാലയം ഏതാനും ചോയ്‌സുകൾ ലഭ്യമാക്കിയിട്ടുണ്ട്.
മുൻകരുതലുകൾ നടപ്പാക്കുന്ന കാലത്ത്, നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇരു കക്ഷികൾക്കും തൃപ്തികരമായ നിലക്ക് തൊഴിൽ കരാറുകളിൽ ഭേദഗതികൾ വരുത്തുന്നതിന് അവസരമൊരുക്കിയിട്ടുണ്ട്.
തൊഴിലുമടകളും തൊഴിലാളികളും തമ്മിൽ ധാരണയിലെത്തുന്നതു പ്രകാരം മുൻകരുതൽ നടപടികൾ നിലവിലുള്ള കാലത്ത് തൊഴിലാളികൾക്ക് വേതനരഹിത ലീവ് അനുവദിക്കാവുന്നതാണെന്നും മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം പറഞ്ഞു.






