Sorry, you need to enable JavaScript to visit this website.

കട്ടനും കൂടപ്പിറപ്പും

മെസിന്റെ ചാർജ് മൽബു ഏറ്റെടുക്കുന്നതു വരെ കാര്യങ്ങൾ നടത്തിയിരുന്നത് ഉസ്മാനായിരുന്നു. അതുകൊണ്ടു തന്നെ എല്ലാ വിഷയങ്ങളിലും ഉസ്മാനുമായൊരു കൂടിയാലോചന പതിവാണ്. മാത്രമല്ല, കേരള ഹൗസിൽ പിന്നീട് വന്നുചേർന്നയാളാണ് മൽബു. ഉസ്മാന്റെ വാപ്പ മൊയ്തു കൂട്ടുകാരനായതുകൊണ്ടു മാത്രമാണ് ചെറുപ്പക്കാർക്കിടയിൽ ഒരു കട്ടിൽ മൽബുവിന് ഒത്തു കിട്ടിയത്. 
അപ്പോൾ നേരത്തേയുള്ള അന്തേവാസികളുടെ അഭിപ്രായങ്ങൾ പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. ഒരാളെ മെസിൽ ചേർക്കണമെന്ന ഉസ്മാന്റെ ആവശ്യം ന്യായമാണ്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഇതൊന്നും പ്രത്യേകം ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് മൽബു തുറന്നു പറയുകയും ചെയ്തു.


കോവിഡ് കർഫ്യൂവിനെ തുടർന്ന് ജോലിയും കൂലിയുമില്ലാതായി പ്രതിസന്ധിയിലായവർക്ക് ഏറ്റവും ചുരുങ്ങിയത് ഭക്ഷണമെങ്കിലും എത്തിക്കാൻ പ്രവാസി സന്മനസ്സുകൾ രംഗത്തിറങ്ങിയ കാലമാണ്. അപ്പോൾ ഈയൊരു ആവശ്യത്തിന് ആരും എതിരു നിൽക്കുമെന്ന് കരുതാൻ വയ്യ. അഥവാ എതിർത്താൽ തന്നെ സംഗതിയുടെ ഗൗരവം ബോധ്യപ്പെടുത്തിയാൽ അവർ തിരുത്തുകയും ചെയ്യും.
കേരള ഹൗസിലാണ് താമസമെങ്കിലും ഇതുവരെ ഭക്ഷണത്തിൽ പങ്കുചേരാതെ മാറിനിന്നിരുന്ന ഒരാളെ ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത പുതിയ സാഹചര്യത്തിൽ മെസിൽ ചേർക്കണമെന്നതാണ് ഉസ്മാൻ ഉന്നയിച്ച വിഷയം. 


ഇവിടെ താമസിക്കുകയാണെങ്കിൽ മെസിൽ കൂടി ചേരണമെന്ന് പല തവണ പറഞ്ഞിരുന്നെങ്കിലും പല കാരണങ്ങൾ പറഞ്ഞ് അയാൾ ഒഴിയുകയാണ് ചെയ്തിരുന്നത്. അതിലൊരു കാരണം താൻ പോയാൽ മാത്രമേ എളാപ്പ ഭക്ഷണം കഴിക്കൂ എന്നതായിരുന്നു. കുറച്ചു ദൂരെയാണ് എളാപ്പ താമസം. ടിയാന് പോകാൻ സാധിച്ചില്ലെങ്കിൽ ഈ എളാപ്പ ഭക്ഷണം ചിലപ്പോൾ സൈക്കിളിൽ എത്തിച്ചുകൊടുക്കുകയും ചെയ്യും. 


ഹാരിസ് ജോലി ചെയ്യുന്ന കൊട്ടാരത്തിൽനിന്ന് എളാപ്പാക്ക് ലഭിക്കുന്ന ഭക്ഷണം തിന്നു തീരാത്തതിനാലാണ് ഇതൊക്കെ സംഭവിക്കുന്നതെന്ന് അന്തേവാസികളിൽ പലർക്കും അറിയാമായിരുന്നു. അത് അയാളുടെ സാമർഥ്യമെന്ന പൊതു വിലയിരുത്തലിൽ എത്തുകയും ചെയ്തു. ഒപ്പം താമസിക്കുന്ന ഒരാളെ കൂടി മെസിൽ കിട്ടിയാൽ അത് അന്തേവാവാസികൾക്കെല്ലാം നേട്ടമാണ്. തുക ഷെയർ ചെയ്തു പോകും.


ആ രഹസ്യം കണ്ടെത്തിയ ലുങ്കി ഹനീഫ അതൊരു വലിയ വിഷയമാക്കിയിരുന്നു.  എളാപ്പ എച്ചിലു കൊണ്ടുവരുമെന്ന ഹനീഫയുടെ പ്രഖ്യാപനം കേരള ഹൗസിൽ കഥാനായകനുമായി കശപിശക്ക് കാരണമാവുകയും ചെയ്തു. പഴയ ആ കശപിശ കണക്കിലെടുത്താണ് ഉസ്മാൻ മൽബുവുമായി പ്രത്യേകം ആലോചിക്കുന്നത്. ഹനീഫ ഉടക്കുമോ എന്നതായിരുന്നു ഭയത്തിന്റെ കാരണം.
രാവിലെയും വൈകിട്ടും കിച്ചണിൽ കയറി സ്വന്തമായി കട്ടനിട്ട് കുടിക്കുന്ന മെസ് വിരുദ്ധനായ ടിയാനെ ഒരു പാഠം പഠിപ്പിക്കാൻ ഹനീഫ ചെയ്ത വേല അവനു തന്നെ അക്കിടിയായ സംഭവം ഓർമയുണ്ട്.


അങ്ങനെ നമ്മളെ കാശ് കൊണ്ടു വാങ്ങുന്ന ഗ്യാസും ചായപ്പൊടിയും പഞ്ചസാരയും തീർക്കേണ്ടെന്നു പറഞ്ഞുകൊണ്ടാണ് ഹനീഫ ആ കടുംകൈ ചെയ്തത്. ഒരു ദിവസം രാവിലെ ടിയാൻ ഉണർന്നു കട്ടനിടാൻ വരുന്നതിനു മുമ്പേ കിച്ചൺ പൂട്ടി താക്കോലെടുത്തു. പക്ഷേ കുറച്ച് കഴിഞ്ഞപ്പോൾ താക്കോൽ കാണാതായി. 
താക്കോൽ തിരോധാനത്തിനു തുമ്പില്ലാതായതോടെ കിച്ചൺ ഒരിക്കലും പൂട്ടാൻ പാടില്ലെന്നായിരുന്നു അന്തേവാസികളുടെ പൊതു അഭിപ്രായം. അയാൾ കട്ടനിടാതിരിക്കാൻ ആ സിലിണ്ടറിനു പൂട്ടിട്ടാൽ മതിയായിരുന്നുവെന്ന് മറ്റൊരു മെസിന്റെ ചരിത്രം വിവരിച്ചുകൊണ്ട് ഒരു വിദ്വാൻ പറഞ്ഞു.


വിമർശനങ്ങൾക്കൊടുവിൽ അന്നുച്ചക്ക് എല്ലാവർക്കും ആടു മന്തി വരുത്തിയാണ് പ്രശ്‌നത്തിന് ഹനീഫ സുല്ലിട്ടത്. 
ഏതായാലും മൽബുവും ഉസ്മാനും ചേർന്ന് ഹനീഫക്കു മുമ്പിൽ വിഷയം അവതരിപ്പിച്ചു.
അതിനെന്താപ്പാ...  അവൻ  നമ്മുടെ  കൂടപ്പിറപ്പല്ലേ എന്നായിരുന്നു ഹനീഫയുടെ മറുപടി. 

Latest News