യു.എ.ഇയിലും ഖത്തറിലും കുവൈത്തിലും മരണങ്ങള്‍

റിയാദ് - കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ സൗദി അറേബ്യക്കു പുറമെ, യു.എ.ഇയിലും ഖത്തറിലും കുവൈത്തിലും കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യു.എ.ഇയില്‍ പുതുതായി 484 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ യു.എ.ഇയില്‍ കൊറോണ ബാധിതരുടെ എണ്ണം 7,265 ആയി. രാജ്യത്ത് 74 പേര്‍ കൂടി രോഗമുക്തരായിട്ടുമുണ്ട്. യു.എ.ഇയില്‍ ഇതുവരെ ആകെ 1,360 പേരാണ് കൊറോണ വൈറസ് മുക്തരായത്. ഇരുപത്തിനാലു മണിക്കൂറിനിടെ യു.എ.ഇയില്‍ രണ്ടു കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ യു.എ.ഇയില്‍ കൊറോണ മരണങ്ങള്‍ 43 ആയി ഉയര്‍ന്നു.
ഖത്തറില്‍ 567 കൊറോണ കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 6,015 ആയി ഉയര്‍ന്നു. ഇരുപത്തിനാലു മണിക്കൂറിനിടെ ഖത്തറില്‍ 37 പേര്‍ രോഗമുക്തരായി. ഇതോടെ ഖത്തറില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 555 ആയി. രാജ്യത്ത് ഒരു കൊറോണ രോഗി കൂടി മരണപ്പെട്ടു. ഖത്തറില്‍ ഇതുവരെ ഒമ്പതു പേരാണ് കൊറോണ ബാധിച്ച് മരണപ്പെട്ടത്.
കുവൈത്തില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ രണ്ടു കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 55 വയസ് പ്രായമുള്ള ഇന്ത്യക്കാരനും 49 വയസ് പ്രായമുള്ള ബംഗ്ലാദേശുകാരനുമാണ് മരണപ്പെട്ടത്. കുവൈത്തില്‍ ഇതുവരെ ഒമ്പതു പേരാണ് കൊറോണ ബാധിച്ച് മരണപ്പെട്ടത്. കുവൈത്തില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ 80 കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 1,995 ആയി. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരില്‍ 47 പേരും ഇന്ത്യക്കാരാണെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍സനദ് അറിയിച്ചു. കുവൈത്തില്‍ 24 മണിക്കൂറിനിടെ 62 പേര്‍ രോഗമുക്തി നേടി. ഇതോടെ കൊറോണ വൈറസ് മുക്തരായവരുടെ എണ്ണം 367 ആയി ഉയര്‍ന്നു.
ബഹ്‌റൈനില്‍ കൊറോണ ബാധിതരുടെ എണ്ണം 1,895 ആയി. ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് 14 പേര്‍ക്കാണ് കൊറോണബാധ സ്ഥിരീകരിച്ചത്. ബഹ്‌റൈനില്‍ പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതുവരെ ഏഴു കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒമാനില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ 144 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഒമാനില്‍ കൊറോണ ബാധിതരുടെ എണ്ണം 1,410 ആയി. രാജ്യത്ത് ഇതുവരെ ഏഴു കൊറോണ രോഗികളാണ് മരണപ്പെട്ടത്. ഒമാനില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ കൊറോണ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

Latest News