ന്യൂദല്‍ഹി- മ്യാന്മറിലെ റോഹിങ്യ മുസ്ലിംകളുടെ പാലായത്തിന്റെ പ്രഭവ കേന്ദ്രമായ റാഖൈനില്‍ വികസനമെത്തിക്കാന്‍ ഇന്ത്യ സഹായിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാഗ്ദാനം. റോഹിങ്യ വംശജര്‍ക്കെതിരായ അതിക്രമങ്ങള്‍ രൂക്ഷമായ പ്രശ്നബാധിത സംസ്ഥാനമാണ് മ്യാന്മറിലെ ഏറ്റവും വലിയ ദരിദ്ര പ്രദേശം. മതിയായ അടിസ്ഥാന സൗകര്യങ്ങളോ ജനങ്ങള്‍ക്ക് സ്ഥിരമായ ജീവിത മാര്‍ഗം സാധ്യമാക്കുന്ന കൃഷിക്കോ വ്യവസായങ്ങള്‍ക്കോ മ്യാന്മര് സര്‍ക്കാരില്‍ നിന്നും ഒരു പ്രേത്സാഹനവും ഈ പ്രദേശത്തിനു ലഭിക്കുന്നില്ല.
റാഖൈനിലെ ആക്രമസംഭവങ്ങള്‍ക്ക് തീവ്രവാദികളെ പഴിച്ച് ഇന്ത്യയും മ്യാന്മറും മോഡിയുടെ സന്ദര്‍ശന വേളയില്‍ സംയുക്ത പ്രസ്താവനയിറക്കിയിരുന്നു. മോഡിയും മ്യാന്മര് നേതാവ് ഓങ് സാന്‍ സൂ കിയും ഒപ്പു വച്ച സംയുക്ത പ്രസ്താവനയിലാണ് റാഖൈനിന്റെ മൊത്തത്തിലുള്ള സാമൂഹിക സാമ്പത്തിക പുരോഗതിക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഇന്ത്യയ്ക്കു സഹായിക്കാനാകുമെന്ന വാഗ്ദാനമുള്ളത്. അതിക്രമങ്ങളെ അടിച്ചമര്‍ത്തുന്ന മ്യാന്മറിന്റെ നടപടിയെ മോഡി സ്വാഗതം ചെയ്തു.
വിദ്യാഭ്യാസം, ആരോഗ്യ സരംക്ഷണം, കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും, ഭക്ഷ്യ സംസ്കരണം, സാമൂഹിക വികസനം, ചെറു പാലങ്ങളുടെ നിര്‍മ്മാണം, റോഡു വികസനം, ചെറുകിട വൈദ്യുത പദ്ധിതകള്‍, ജീവനോപാധി വികസനം, തൊഴില്‍ പരിശീലനം, പരിസ്ഥിതി, സാംസ്കാരിക സംരക്ഷണം എന്നീ മേഖലകളില്‍ വിവിധ പദ്ധതികള്‍ക്ക് ഇന്ത്യയ്ക്ക് നടപ്പാക്കാനാകുമെന്ന് പ്രസ്താവനയില്‍ പറയുന്നു.
ഈ വാഗ്ദാനം മ്യാന്മര് സ്വാഗതം ചെയ്തിട്ടുണ്ട്. പദ്ധതികള്‍ നടപ്പിലാക്കുന്നത് അന്തിമ രൂപം നല്കാന് ഇരുരാജ്യങ്ങളും അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കൂടിയാലോചനകള്‍ തുടങ്ങും. ഇവ കൂടാതെ മ്യാന്മറില് മറ്റു അടിസ്ഥാനസൗകര്യ വികസന പദ്ധതികളും ഇന്ത്യ ഏറ്റെടുക്കുന്നുണ്ട്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സഹായത്തോടെ പകോക്കുവില് വിമാനത്താവളം നിര്‍മ്മിക്കും.
മോഡിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന 40 മ്യാന്മര് പൗരന്മാരെ മോചിപ്പിച്ചിരുന്നു. ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന മ്യാന്മര് പൗരന്മാര്ക്ക് സൗജന്യ വിസയും മോഡി പ്രഖ്യാപിച്ചിരുന്നു.