ലഖ്‌നൗ- ലോക്ഡൗണിനിടെ ഭക്ഷണം വാങ്ങാനിറങ്ങിയതിനെ തുടർന്ന് പോലീസ് മർദ്ദനമേറ്റ് കൗമാരക്കാരൻ കൊല്ലപ്പെട്ടു. യു.പിയിലാണ് സംഭവം. മുഹമ്മദ് റിസ്വാൻ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. വിശപ്പ് സഹിക്കാനാകാതെ ബിസ്‌കറ്റ് വാങ്ങാൻ പുറത്തിറങ്ങിയതായിരുന്നു. തന്റെ മകന് വിശപ്പ് സഹിക്കാനായില്ലെന്നും തുടർന്ന് ബിസ്‌കറ്റ് വാങ്ങാൻ പുറത്തിറങ്ങിയപ്പോൾ പോലീസ് തല്ലിച്ചതക്കുകയായിരുന്നുവെന്നും മുഹമ്മദ് റിസ്വാന്റെ അച്ഛൻ മുഹമ്മദ് ഇസ്രായിൽ പറഞ്ഞു. അംബേദ്കർ നഗറിലെ ചജ്ജപുർ ഗ്രാമത്തിലാണ് സംഭവം. കടയിൽ മറ്റു ചിലരും സാധനം വാങ്ങാൻ എത്തിയിരുന്നെങ്കിലും റിസ്വാനെ മാത്രമാണ് പോലീസ് തെരഞ്ഞുപിടിച്ച് മർദ്ദിച്ചത്. ലാത്തിയും തോക്കിന്റെ പാത്തിയും ഉപയോഗിച്ചായിരുന്നു മർദ്ദനം. സംഭവത്തെ പറ്റി അന്വേഷിക്കുകയാണെന്നും തെറ്റു ചെയ്ത ഒരാളും പോലീസ് സേനയിൽ ഉണ്ടാകില്ലെന്നുമാണ് പോലീസ് സൂപ്രണ്ട് അലോക് പാണ്ഡ്യ പറഞ്ഞത്.






