കുവൈത്ത് സിറ്റി- കൊറോണ വൈറസ് വ്യാപനം ജീവിത മാര്‍ഗങ്ങള്‍ അടയ്ക്കുകയും ജീവിതം നിശ്ചലമാക്കുകയും ചെയ്തതോടെ മാനസിക സംഘര്‍ഷത്തിലപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. അനിശ്ചിത ഭാവിയും ദുരിത ജീവിതവും താഴെക്കിടയിലുള്ള പ്രവാസികളെയാണ് ഏറെ ബാധിച്ചിരിക്കുന്നത്.
വരുമാനമില്ലാതെ സംഘര്‍ഷത്തിലായ ഇന്ത്യക്കാരുടെ മരണവും അനുദിനം വര്‍ധിക്കുകയാണ്. ഇന്നലെയും കുവൈത്തില്‍ രണ്ടു ഇന്ത്യക്കാരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി മലയാളി ദുബായില്‍ മരിച്ചിരുന്നു.
എന്നാല്‍ മാനസിക സംഘര്‍ഷം വേണ്ടെന്നും സ്ഥിതിഗതികള്‍ അതിവേഗം സാധാരണ ഗതിയിലെത്തുമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു. ഈ സന്നിഗ്ധ ഘട്ടത്തെ ആത്മവിശ്വാസത്തോടെ നേരിടണം. നാട്ടിലെ കുടുംബത്തിനോ, ഗള്‍ഫ് രാജ്യത്ത് തങ്ങള്‍ക്കോ എന്താവശ്യത്തിനും സംവിധാനമുണ്ടെന്നും സാമൂഹിക പ്രവര്‍ത്തകരും എംബസിയും ഒപ്പമുണ്ടെന്നും അവര്‍ പറഞ്ഞു.
തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ജനങ്ങളില്‍ കൊറോണ ഭീതി പരത്തുന്ന ഇലക്ട്രോണിക്, ഓണ്‍ലൈന്‍ മാധ്യമങ്ങളെയും കര്‍ശനമായി നിരീക്ഷിക്കുമെന്ന് കുവൈത്ത് അധികൃതര്‍ പറഞ്ഞു. കുറ്റക്കാരെ കര്‍ശനമായി നേരിടുമെന്നും കുവൈത്ത് വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പുണ്ട്. 27 മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു.






