തലശ്ശേരി- വാതിലോ ജനലോ ഇല്ലാത്ത അടച്ചുറപ്പില്ലാത്ത വീട്ടില്‍ രണ്ട് പിഞ്ചു കുട്ടികളും അമ്മയും തനിച്ച് താമസിക്കുന്നതറിഞ്ഞു സഹായവുമായി പാനുര്‍ ജനമൈത്രി പോലീസ്.
പന്ന്യന്നുര്‍ പഞ്ചായത്ത് മനേക്കര കുറ്റേരിയില്‍ അടച്ചുറപ്പില്ലാത്ത വീട്ടില്‍ രണ്ട് പിഞ്ചുകുട്ടികളോടപ്പം തനിച്ച് താമസിക്കുന്ന മീത്തില്‍ ഷീനയ്ക്കാണ് പാനൂര്‍ ജനമൈത്രി പോലീസ് വാതിലുകളും ജനലുകളും പണി കഴിപ്പിച്ച് കൊടുത്തത്.
ഭര്‍ത്താവ് ഉപേക്ഷിച്ച് നിത്യവൃത്തിക്ക്‌പോലും കഷ്ടപെടുന്ന രണ്ട് പിഞ്ചു കുട്ടികളടക്കമുള്ള കുടുംബത്തിന് ലോക്ഡൗണ്‍ കാലത്ത് ഭക്ഷണ ക്വിറ്റ് വിതരണത്തിനിടയിലാണ് ദുരവസ്ഥ പാനൂര്‍ ജനമൈത്രി പോലീസിന്റെ ശ്രദ്ധയില്‍പെട്ടത്. ഈ വീടിന് ജനലോ വാതിലുകളോ ഇല്ലാതെ ഭീതിയോടെയാണ് കുടുംബം കഴിഞ്ഞിരുന്നത്. അടിസ്ഥാന സൗകര്യമൊന്നുമില്ലാതെ കൊച്ചു കൂര മഴയില്‍ ചോര്‍ന്നൊലിക്കാറുണ്ടായിരുന്നു. ഈ അവസ്ഥ മനസിലാക്കിയ സി.ഐ ഫായിസലിയുടെ നേതൃത്വത്തില്‍ ആവശ്യമായ ജനലുകളും വാതിലുകളും ഉടന്‍ നല്‍കുകയായിരുന്നു. ജനമൈത്രീ ഗ്രൂപ്പിലെ പേരു വെള്ളിപ്പെടുത്താത്ത മനുഷ്യ സ്‌നേഹിയാണ് 35000 രൂപ നല്‍കിയത്. ലോക്ഡൗണിന് ശേഷം വീടിന്റെ ബാക്കിയുള്ള അറ്റകുറ്റപണികള്‍ തീര്‍ക്കും. ഷീനയുടെ രണ്ട് മക്കളുടെ വിദ്യാഭ്യാസ ചിലവും ജനമൈത്രീ പോലീസ് ഏറ്റെടുക്കും.
ചടങ്ങില്‍ സി.ഐ ഫായിസലി, ജനമൈത്രി ഓഫീസര്‍മാരയ ദേവദാസ്, സുജോയ്, സാമൂഹിക പ്രവര്‍ത്തകന്‍ ഒ.ടി നവാസ് എന്നിവര്‍ പങ്കെടുത്തു.