കേരളത്തില്‍ നാളെ മുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍; ആദ്യഘട്ടം ഗ്രീന്‍, ഓറഞ്ച് ബി സോണുകളില്‍

തിരുവനന്തപുരം- കേരളത്തില്‍ തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍. ആദ്യഘട്ടം ഗ്രീന്‍, ഓറഞ്ച് ബി സോണുകളിലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരികയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വാർത്താക്കുറിപ്പിൽ അറിയിച്ചു. 

കോട്ടയം, ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശ്ശൂര്‍ ജില്ലകളിലാണ് നിയന്ത്രണങ്ങള്‍ ഭാഗികമായി ലഘൂകരിക്കുക. ഇതില്‍ കോട്ടയം, ഇടുക്കി എന്നിവ ഗ്രീന്‍ സോണിലും ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശ്ശൂര്‍ ജില്ലകളാണ് ഓറഞ്ച് ബി സോണുകളിലുമാണ്. രോഗവ്യാപനത്തിന്റെ തീവ്രതയനുസരിച്ച്  റെഡ്, ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീന്‍ എന്നീ നാലു സോണുകളായാണ് കേരളത്തില്‍ ജില്ലകളെ തരംതിരിച്ചിട്ടുള്ളത്.

അതേസമയം, ഗ്രീന്‍, ഓറഞ്ച് ബി ഉള്‍പ്പെടെ എല്ലാ ജില്ലകള്‍ക്കും അതിര്‍ത്തി കടന്നുള്ള യാത്രകള്‍ക്ക് നിരോധനമുണ്ട്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും, ഗൈഡ്‌ലൈനില്‍ വ്യക്തമാക്കിയിട്ടുള്ള മറ്റ് അടിയന്തിര ആവശ്യങ്ങള്‍ക്കും മാത്രമേ ജില്ലാ, സംസ്ഥാന അതിര്‍ത്തികള്‍ കടന്ന് യാത്രചെയ്യാന്‍ അനുവദിക്കുകയുള്ളൂ. 

ഒറ്റ അക്ക നമ്പറുകളില്‍ അവസാനിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള വാഹനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ യാത്രാനുമതി നല്‍കിയിട്ടുണ്ട്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രമേ പൂജ്യം, രണ്ട്, നാല്, ആറ്, എട്ട് അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ കഴിയൂ.

ആരോഗ്യമേഖല, കൃഷി, മത്സ്യബന്ധനം, ഇന്ധനവിതരണം, തൊഴിലുറപ്പ് പദ്ധതികള്‍, ചരക്ക് ഗതാഗതം, മൃഗസംരക്ഷണം, അവശ്യസാധനങ്ങളുടെ വിതരണം, സ്വകാര്യ, വാണിജ്യസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലുമുള്ള വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും അനുമതി നല്‍കിയിട്ടുണ്ട്. സാമൂഹ്യ അകലം പാലിച്ചുകൊണ്ടാവണം ഇവ പ്രവര്‍ത്തിപ്പിക്കേണ്ടത്. 

അതേസമയം, ആരാധനാകേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തിയേറ്ററുകള്‍, ഷോപ്പിങ് മാളുകള്‍, പാര്‍ക്കുകള്‍, ബാറുകള്‍ മുതലയായവ പ്രവര്‍ത്തിക്കില്ല. ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാതരം പരിപാടികളും നിരോധിച്ചിട്ടുണ്ട്. വിവാഹം മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് 20ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ അനുവാദമില്ല.

നേരത്തേ വിലക്കുകളില്‍നിന്ന് ഒഴിവാക്കപ്പെട്ട എല്ലാ സ്ഥാപന, സേവന വിഭാഗങ്ങള്‍ക്കും പഴയതുപോലെ പ്രവര്‍ത്തനം തുടരാവുന്നതാണ്.

Latest News