നാട്ടില്‍ പോകാനായില്ല; ദേവിക്ക് സമർപ്പിക്കാന്‍ ശില്‍പിയായ യുവാവ് നാവ് മുറിച്ചു

ഗാന്ധിനഗർ- ലോക്ഡൗണ്‍ കാരണം നാട്ടില്‍ പോകാനാകാതെ ഗുജറാത്തില്‍ കുടുങ്ങിയ യുവാവ് ക്ഷേത്രത്തിലെത്തി നാവ് മുറിച്ചു.  ബനസ്ക്കന്ത ജില്ലയിലാണ് സംഭവം. 24കാരനായ വിവേക് ശർമ എന്നയാളാണ് സ്വന്തം നാവ് മുറിച്ചത്.

മധ്യപ്രദേശിലെ മൊറേന സ്വദേശിയാണ്. രക്തത്തിൽ കുളിച്ച് ബോധരഹിതനായി കിടക്കുന്ന നിലയിൽ ഇയാളെ പ്രദേശവാസികൾ കണ്ടെത്തുകയായിരുന്നു. മുറിച്ചെടുത്ത നാവ് കൈയിൽ പിടിച്ച നിലയിലായിരുന്നു. അതേസമയം, ദേവിയുടെ പ്രതീക്ക് വേണ്ടി യുവാവ് നാവ് സമർപ്പിച്ചതാണെന്നും റിപ്പോർട്ടുകളുണ്ട്. പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ നാട്ടിൽ പോകാൻ കഴിയാതെ യുവാവ് വിഷാദത്തിലായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.  സൂയി ഗാം താലൂക്കിലെ നാദേശ്വരി ഗ്രാമത്തില്‍ നാദേശ്വരി മാതാജി ക്ഷേത്രത്തില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ഗുജറാത്തിലെത്തി ശില്‍പിയായി ജോലി ചെയ്യുകയാണ് യുവാവ്. സ്ഥലത്തെത്തുമ്പോള്‍ നാവ് കൈയില്‍ പിടിച്ച നിലയിലായിരുന്നുവെന്നും ഉടന്‍ തന്നെ സൂയി ഗാം ആശുപത്രിയില്‍ എത്തിച്ചുവെന്നും പോലീസ് എസ്.ഐ എച്ച്.ഡി പാർമർ പറഞ്ഞു.

അതീവ വിഷാദത്തിലായിരുന്ന യുവാവ് ദേവിക്ക് സമർപ്പിച്ചാല്‍ സ്ഥിതിഗതികള്‍ മാറുമെന്നും കരുതിയിരുന്നുവെന്ന് റിപ്പോർട്ടുകളില്‍ പറയുന്നു. യുവാവ് സുഖം പ്രാപിച്ച് മൊഴിയെടുക്കുന്നതുവരെ ഇക്കാര്യങ്ങളൊന്നും സ്ഥിരീകരിക്കാനാവില്ലെന്ന നിലപാടിലാണ് പോലീസ്.

 

 

Latest News