ജിദ്ദ- ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനൽ റൗണ്ടിലേക്ക് സൗദി യോഗ്യത നേടിയടിന്റെ ആഘോഷത്തിൽ പൊതുജനങ്ങളെക്കൂടി പങ്കാളികളാക്കുന്നതിന് പ്രമുഖ കമ്പനികൾ ഓഫറുകൾ പ്രഖ്യാപിച്ചു. ദേശീയ ടെലികോം കമ്പനിയായ എസ്.ടി.സി തങ്ങളുടെ വരിക്കാർക്ക് രണ്ടു ദിവസത്തേക്ക് പരിധിയില്ലാത്ത സൗജന്യ ലോക്കൽ കോൾ ആണ് ഓഫർ ചെയ്തത്. വ്യാഴാഴ്ച പുലർച്ചെ 12 മുതൽ എസ്.ടി.സി നെറ്റ്‌വർക്കിലും കമ്പനി നെറ്റ്‌വർക്കിനു പുറത്തുള്ള നെറ്റ്‌വർക്കുകളിലുമുള്ള മുഴുവൻ ലോക്കൽ കോളുകളും സൗജന്യമായിരിക്കുമെന്ന് എസ്.ടി.സി സി.ഇ.ഒ ഖാലിദ് അൽബയാരി പറഞ്ഞു. ദേശീയ വിമാന കമ്പനിയായ സൗദി അറേബ്യൻ എയർലൈൻസ് സർവീസുകളിൽ ഒരാഴ്ചത്തേക്ക് സൗജന്യമായി അൺലിമിറ്റഡ് ഇന്റർനെറ്റ് ഓഫറാണ് യാത്രക്കാർക്ക് പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ മുതൽ ഒരാഴ്ചത്തേക്കാണ് ഓഫർ നിലവിലുണ്ടാവുക. എല്ലാ ക്ലാസുകളിലെയും യാത്രക്കാർക്ക് ഈ ഓഫർ ലഭിക്കും.






