തബൂക്ക്- ലേബർ ക്യാമ്പുകളും കോർപറേറ്റ് ഓഫീസുകളുമടക്കമുള്ള ചെങ്കടൽ പദ്ധതിയുടെ ആദ്യഘട്ടമായ തീരദേശ ഗ്രാമത്തിന്റെ പ്രവൃത്തികൾക്ക് തുടക്കമായി. 1.5 മില്യൺ ചതുരശ്ര മീറ്റർ ചുറ്റളവുള്ള പദ്ധതി പ്രദേശം സമുദ്ര നിരപ്പിൽ നിന്ന് 3.5 മീറ്റർ ഉയർത്തി നികത്തുന്ന ജോലികളാണിപ്പോൾ പുരോഗമിക്കുന്നത്. തബൂക്ക് പ്രവിശ്യയിലെ ഉംലുജ്, അൽവജ്ഹ് നഗരങ്ങൾക്കിടയിലെ പ്രദേശമാണിത്.
ഹൂട്ട ഹെഗർഫെൽഡ്, സൗദി കൺസൾട്ട് എന്നീ രണ്ടു കമ്പനികളാണ് നിലമൊരുക്കുന്ന കരാറേറ്റെടുത്തിരിക്കുന്നത്. ലേബർ ക്യാമ്പിന് ചുറ്റുമുള്ള പ്രദേശം നികത്തുന്നതിന് 2.6 മില്യൺ ഘന മീറ്റർ മണ്ണ് ഇവിടെ നിന്ന് നീക്കം ചെയ്യേണ്ടതുണ്ട്. പ്രതിദിനം പതിനായിരം ഘനമീറ്റർ മണ്ണ് നീക്കം ചെയ്തും ഏഴായിരം ചതുരശ്ര മീറ്റർ ഭൂമി മണ്ണിട്ട് മൂടിയുമാണ് നിലം നികത്തൽ നടക്കുന്നത്. ഹൂട്ട കമ്പനിക്കാണ് ഇതിന്റെ ചുമതല. പദ്ധതിയുടെ കൺസൾട്ടൻസി കരാറാണ് സൗദി കൺസൾട്ടിനുളളത്. ആദ്യഘട്ടം ആരംഭിക്കുന്നതോടെ ജോലിക്കെത്തുന്ന പതിനാലായിരത്തോളം തൊഴിലാളികൾക്ക് താമസിക്കാനുള്ളതാണ് തീരദേശ ഗ്രാമം. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കമ്പനികളുടെയും ഓഫീസുകൾ ഇവിടെയായിരിക്കും പ്രവർത്തിക്കുക.
ജിദ്ദയിൽ നിന്ന് 500 കിലോമീറ്റർ വടക്ക് 200 കിലോമീറ്റർ തീരപ്രദേശത്ത് 28,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ രാജ്യത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമായാണ് ഈ ഭാഗം വികസിപ്പിക്കാനിരിക്കുന്നത്.
തൊണ്ണൂറിലധികം ചെറു ദ്വീപുകളുളള ദ്വീപ് സമൂഹം, പവിഴപ്പുറ്റുകൾ സമൃദ്ധമായ ഇടം, സജീവമല്ലാത്ത അഗ്നിപർവതങ്ങൾ, മരുഭൂമി, മനോഹര പാറക്കെട്ടുകൾ, വ്യതിരിക്തമായ സാംസ്കാരിക ആകർഷണങ്ങൾ, 25 ഡിഗ്രി താപനില തുടങ്ങി പ്രദേശത്തിന്റെ ടൂറിസം സാധ്യത കണ്ടറിഞ്ഞാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഈ പദ്ധതി പ്രഖ്യാപനം നടത്തിയത്. പദ്ധതി പൂർത്തിയാകുന്നതോടെ ലോക ടൂറിസം ഭൂപടത്തിൽ സൗദി അറേബ്യക്ക് മഹനീയ സ്ഥാനമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഒരു വർഷം ഒരു മില്യൺ ടൂറിസ്റ്റുകളെത്തുമെന്നാണ് കണക്കുകൂട്ടുന്നത്.
2022 ൽ ആദ്യഘട്ടം പൂർത്തിയാകും. രണ്ടാം ഘട്ടം 2030 ലാണ് പൂർത്തിയാവുക. 2019 ഫെബ്രുവരിയാണ് നിർമാണ പ്രവൃത്തികൾ തുടങ്ങിയത്. കരയിലും അഞ്ച് ദ്വീപുകളിലുമായി 3000 റൂമുകളുള്ള 14 ലക്ഷുറി ഹോട്ടലുകളാണ് ആദ്യഘട്ടത്തിൽ നിർമിക്കുന്നത്. ശുറൈറ ദ്വീപിലേക്ക് 3.3 കിലോമീറ്റർ പാലം പണിയും പുരോഗമിക്കുകയാണ്.






