ഗുഡ്ഗാവ്- മൊബൈല്‍ ഫോണ്‍ 2500 രൂപക്ക് വിറ്റിട്ടും ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തതിനാലാണ് ബിഹാര്‍ സ്വദേശിയായ ചാബു മണ്ഡല് എന്ന തൊഴിലാളി ആത്മഹത്യ ചെയ്തതെന്ന് ഭാര്യയുടെ വെളിപ്പെടുത്തല്‍. ചെറിയ ഫാനും ഭക്ഷ്യവസ്തുക്കളും വാങ്ങുന്നതിനാണ് ഫോണ്‍ വിറ്റത്. തിരികെ വീട്ടിലെത്തിയപ്പോള്‍ ഭക്ഷണം കഴിക്കാതെ എല്ലാവരും വിശന്നിരിക്കുന്നതില് മനംനൊന്താണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് ഭാര്യ പൂനത്തെ ഉദ്ധരിച്ചുള്ള ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ യുവാവിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നാണ് ജില്ലാ ഭരണകൂടം അവകാശപ്പെടുന്നത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ കുടുംബം ആവശ്യപ്പെട്ടിട്ടില്ലെന്നും പോലീസ് പറഞ്ഞു. 34 കാരനായ ചാബു കൊറോണ വൈറസ് വ്യാപനത്തില്‍ ആശങ്കപ്പെട്ടിരുന്നുവെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. കുടുംബത്തിന് സൗജന്യ ഭക്ഷണം ലഭിച്ചിരുന്നുവെന്നും ഭക്ഷണ വിതരണകേന്ദ്രം താമസസ്ഥലത്തിന് തൊട്ടുത്തായിരുന്നുവെന്നും അധികൃതര്‍ വിശദീകരിക്കുന്നു.
1500 രൂപ മാസവാടക നല്‍കേണ്ട വീട്ടിലാണ് കുടുംബത്തിന്റെ താമസം. വീട്ടുടമ വാടക ചോദിച്ച് നിരന്തരം വരാറുണ്ടെന്ന് കുടുംബം പറയുന്നു. തകരഷീറ്റു മേഞ്ഞ കുടിലിനുള്ളില്‍ കടുത്ത ചൂടായതിനാലാണ് ചെറിയ ഫാന്‍ വാങ്ങാന്‍ തീരുമാനിച്ചത്. മൊബൈല്‍ ഫോണ്‍ വിറ്റാല്‍ 10,000 രൂപയ്ക്കടുത്ത് ലഭിക്കുമെന്ന് ഭര്‍ത്താവ് പ്രതീക്ഷിച്ചിരുന്നതെന്ന് ഭാര്യ പൂനം പറയുന്നു. അതുകൊണ്ട് ഫാനും ഭക്ഷ്യവസ്തുക്കളും വാങ്ങാമെന്ന് കരുതി. എന്നാല്‍ 2500 രൂപ മാത്രമാണ് മൊബൈല്‍ ഫോണിന് ലഭിച്ചത്. അദ്ദേഹത്തിന് കടുത്ത മാനസിക പ്രയാസം ഉണ്ടായിരുന്നുവെങ്കിലും ആത്മഹത്യ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ഭാര്യ പറയുന്നു.
അയല്‍ക്കാര്‍ പിരിവെടുത്തു നല്കിയ 5000 രൂപകൊണ്ടാണ് കുടുംബം ചാബു മണ്ഡലിന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്തത്.
ചാബു ഹരിയാനയിലെ ഗുഡ്ഗാവില്‍ പെയ്ന്റിംഗ് ജോലികളാണ് ചെയ്തിരുന്നത്. ഭാര്യക്കും നാല് മക്കള്‍ക്കും ഭാര്യയുടെ മാതാപിതാക്കള്‍ക്കും ഒപ്പമാണ് കഴിഞ്ഞിരുന്നത്. ഇളയ കുട്ടിക്ക് അഞ്ചു മാസം മാത്രമാണ് പ്രായം. പ്രദേശത്ത് വിതരണം ചെയ്തിരുന്ന സൗജന്യഭക്ഷണം കഴിച്ചാണ് കുടുംബം കഴിഞ്ഞിരുന്നത്. അയല്‍ക്കാരും പല സഹായങ്ങളും നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ബുധനാഴ്ച സൗജന്യ ഭക്ഷണം എത്തിയില്ല. മൊബൈല്‍ ഫോണ്‍ വിറ്റു കിട്ടിയ തുകയ്ക്ക് വാങ്ങിയ ഭക്ഷ്യവസ്തുക്കള്‍ പാകംചെയ്യാന്‍ തുടങ്ങവെയാണ് ചാബു ആത്മഹത്യ ചെയ്തതെന്ന് ഭാര്യ പൂനം പറയുന്നു.
ലോക്ഡൗണ്‍ തുടങ്ങിയതിനു ശേഷം ചാബു കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. ജോലിയും വരുമാനവും ഇല്ലാതായി. ഭക്ഷണം കിട്ടാന്‍ നന്നേ ബുദ്ധിമുട്ടിയിരുന്നു.






