Sorry, you need to enable JavaScript to visit this website.

പുകവലി പഴഞ്ചന്‍ ശീലം; ഇന്ത്യന്‍ യുവാക്കള്‍ക്കിടയില്‍ വെള്ളമടിയും മരുന്നടിയും വര്‍ധിച്ചതായി പഠനം

ന്യൂദല്‍ഹി- രാജ്യത്തുടനീളം യുവാക്കളുടെ ലഹരി ദുരുപയോഗത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചതായി ഗ്ലോബല്‍ അഡള്‍ട്ട് റ്റൊബാക്കോ സര്‍വെ. ഏഴു വര്‍ഷത്തിനിടെ പുകവലിക്ക് യുവാക്കള്‍ക്കിടയില്‍ പ്രിയം കുറഞ്ഞു വരികയാണെന്നും  ഇളം പ്രായക്കാരും യുവാക്കളും വന്‍തോതില്‍ മദ്യപാനത്തിലേക്കും മയക്കുമരുന്ന് ദുരുപയോഗത്തിലേക്കും നീങ്ങുന്നതായാണ് കണ്ടെത്തല്‍.  15-24 പ്രായക്കാര്‍ക്കിടയില്‍ പുകവലിശീലം മൂന്നിലൊന്നായും 15-17 പ്രായക്കാര്‍ക്കിടയില്‍ പകുതിയായും കുറഞ്ഞിട്ടുണ്ട്. അതേസമയം മദ്യപാനം, മയക്കുമരുന്ന് ദുരുപയോഗം എന്നിവ ഇളം പ്രായക്കാര്‍ക്കിടയില്‍ വലിയ തോതില്‍ വര്‍ധിക്കുകയും ചെയ്തു. 12 വയസ്സില്‍ മദ്യപിക്കുകയും ഹെറോയിന്‍ ഉപയോഗിക്കുകയും ചെയ്യുന്ന കുട്ടികള്‍ വരെ ഉണ്ടെന്നാണ് കണ്ടെത്തല്‍.

യുഎന്‍ കണക്കുകള്‍ പ്രകാരം ഒരു കോടിയോളം ഇന്ത്യക്കാരാണ് മയക്കുമരുന്ന് ദുരുപയോഗം നടത്തുന്നവര്‍. ആഗോള തലത്തില്‍ ഏതാണ്ട് 24.7 കോടി പേരും. ഈ പ്രശ്‌നം എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാക്കുന്ന ദേശീയ തലത്തിലുള്ള ഏറ്റവും പുതിയ വിവരങ്ങളൊന്നും ലഭ്യമല്ല. അതേസമയം ഇത്തരം കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടായതായി ഡോക്ടര്‍മാരും ചൂണ്ടിക്കാട്ടുന്നു. ലഹരി ദുരുപയോഗവുമായി ബന്ധപ്പെട്ട് എത്തുന്ന കൗമാരക്കാരുടെ എണ്ണം പതിറ്റാണ്ടിനിടെ അഞ്ചിരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്ന് ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ മാനസികാരോഗ്യ വിഭാഗം ഡയറക്ടര്‍ ഡോ സമിര്‍ പരിഖ് പറയുന്നു.

വന്‍തുക മുടക്കി വാങ്ങുന്ന മയക്കുമരുന്നുകളേക്കാള്‍ കുട്ടികളെ ലഹരി ദുരുപയോഗത്തിലേക്ക് അടുപ്പിക്കുന്നത് വേഗത്തില്‍ ലഭിക്കുന്ന മയക്കുമരുന്നുകളിലേക്കാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇവ ശ്വസിക്കുന്നതിലൂടെ ഇവര്‍ ലഹരി കണ്ടെത്തുന്നത്. ഇവ ശ്വസിക്കുന്നത് എത്രത്തോളം അനാരോഗ്യകരമാണെന്ന് തിരിച്ചറിയാതെ പോകുന്നതും ഒരു പ്രശ്‌നമാണ്.

അതേസയമം കൃത്യമായ വിവരം നല്‍കുന്ന സര്‍വേകള്‍ വിരളമാണെന്നാണ് വിദഗ്ധര്‍ പറയുന്നു. ഈ കണക്കുകള്‍ക്കു വേണ്ടി പലരും ആശ്രയിക്കുന്നത് 2004-ല്‍ കേന്ദ്ര സാമൂഹി നീതി മന്ത്രാലയവും യുഎന്‍ ഏജന്‍സിയും ചേര്‍ന്ന് നടത്തിയ ഒരു പഠനമാണ്. ഇതു പ്രകാരം ഇന്ത്യയില്‍ ലഹരിക്കടിമപ്പെട്ടവരില്‍ 20 ശതമാനവും 21 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. ഇന്ത്യയിലെ ലഹരി ദുരുപയോഗ പ്രവണതയുടെ രീതിയും വ്യാപ്തിയും അറിയാന്‍ നടത്തിയ സര്‍വേ 12 മുതല്‍ 60 വയസ്സു വരെ പ്രായമുള്ളവര്‍ക്കിടയിലാണ് നടത്തിയത്. 21 ശതമാനം പേരും എല്ലാ മാസവും മദ്യപിക്കുന്നവരാണ് സര്‍വെ കണ്ടെത്തി. 0.7 ശതമാനം മാത്രമാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നത്.

ഈ ലക്ഷണങ്ങള്‍ കുട്ടികളില്‍ കണ്ടാല്‍ ലഹരിക്കടിമപ്പെട്ടുവെന്ന് സംശയിക്കാം

1. പെരുമാറ്റത്തില്‍ പെട്ടെന്നുള്ള മാറ്റം. മാനസികാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍

2. ഉറക്കമില്ലായ്മ. ഭക്ഷണം കഴിക്കുന്നതിലെ ക്രമരാഹിത്യം. ദഹനക്കുറവ്.

3. ജീവിതത്തില്‍ അശ്രദ്ധ.

4. പുതിയ കൂട്ടുകെട്ടുകള്‍, സുഹൃത്തുക്കള്‍.

5. അടിക്കടി രോഗ ബധിക്കുക.

6. പണം അമിതമായി ചെലവഴിക്കുക.

7. പഠനത്തില്‍ പിന്നോട്ടടിക്കുക. 

Latest News