വാഷിംഗ്ടണ്‍- ലോകത്ത് ഒന്നര ലക്ഷം പേരുടെ മരണത്തിനിടയാക്കിയ പുതിയ കൊറോണ വൈറസ് ചൈനയിലെ വുഹാന്‍ ലാബില്‍നിന്നാണ് രക്ഷപ്പെട്ടതെന്ന റിപ്പോര്‍ട്ടുകള്‍ അമേരിക്ക പരിശോധിച്ചുവരികയാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഞങ്ങള്‍ അത് പരിശോധിക്കുകയാണ്. ധാരാളം പേര് അത് പരിശോധിക്കുന്നുണ്ട്. കാര്യമുണ്ടെന്നാണ് തോന്നുന്നത്- ട്രംപ് പറഞ്ഞു.
ഒരു തരം വവ്വാലിനെ കുറിച്ചാണ് അവര്‍ പറയുന്നത്. എന്നാല്‍ അത്തരമൊരു വവ്വാല് ആ പ്രദേശത്ത് ഉണ്ടായിരുന്നില്ലെന്നാണ് മനസ്സിലാകുന്നതെന്നും അവിടത്തെ വെറ്റ് മാര്‍ക്കറ്റില്‍ പറയുന്ന ഇനത്തില്‍ പെടുന്ന വവ്വാലിനെ വിറ്റിരുന്നില്ലെന്നും ട്രംപ് പറഞ്ഞു. ആ വവ്വാല് 40 മൈല്‍സ് അകലെയായിരുന്നു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വുഹാന്‍ ലാബില്‍നിന്നാണ് മാരക വൈറസ് രക്ഷപ്പെട്ടതെന്ന് കണ്ടെത്താന്‍ അമേരിക്ക പൂര്‍ണതോതിലുള്ള അന്വേഷണം ആരംഭിച്ചതായി ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ലാബിനെ കുറിച്ചും കോവിഡിന്റെ തുടക്കത്തെ കുറിച്ചുമുള്ള വിവരങ്ങള്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചുവരികയാണ്.
ഒട്ടേറെ അവിശ്വസനീയ സംഭവങ്ങളാണുണ്ടായത്. അതുകൊണ്ടു തന്നെ അന്വേഷണങ്ങള്‍ നടക്കുകയണെന്നും തങ്ങളത് കണ്ടെത്തുമെന്നും ട്രംപ് പറഞ്ഞു. ഏതു തരത്തിലായാലും അത് വന്നത് ചൈനയില്‍നിന്നാണെന്നും ഇപ്പോള്‍ 184 രാജ്യങ്ങള്‍ അത് കൊണ്ട് ദുരിതം അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വുഹാനിലെ ലാബിന് അമേരിക്ക നല്‍കിയിരുന്ന ഗ്രാന്റ് നിര്‍ത്തുമെന്നും പ്രസിഡന്റ് വെളിപ്പെടുത്തി.






