ഒൻപതുവയസുകാരിയെ പീഡിപ്പിച്ച കേസിൽ ബി.ജെ.പി നേതാവിനെ അനുകൂലിച്ച് ഭാര്യ രംഗത്ത്

തലശ്ശേരി- തന്റെ ഭർത്താവിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും, ശാസ്ത്രീയമായ അന്വേഷണത്തിലൂടെ യഥാർത്ഥ പ്രതിയെ പുറത്തു കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് പാലത്തായി പീഡന കേസിലെ പ്രതി പത്മരാജൻ മാസ്റ്ററുടെ ഭാര്യ വി.വി. ജീജ ഡി.ജി.പിക്കു പരാതി നൽകി.പാലത്തായിലെ നാലാം ക്ലാസുകാരി പീഡനത്തിന് ഇരയായ സംഭവത്തിൽ ഏറെ ദുരൂഹതയുണ്ടെന്നും മുസ്്‌ലിം ലീഗ്, എസ്.ഡി.പി.ഐ നേതൃത്വത്തിന്റെ ഇടപ്പെടലും കേസിൽ ഉണ്ടായെന്നും അതിനു കാരണം തന്റെ ഭർത്താവ് സി.എ.എ അനുകൂല നിലപാടുകൾ നവ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതാകാമെന്നും പരാതിയിലുണ്ട്. പീഡനം നടന്നു എന്ന് കുട്ടി ആരോപിക്കുന്ന ദിവസങ്ങളിൽ തന്റെ ഭർത്താവ് സ്‌കൂളിൽ ഇല്ലെന്നും അതു മൊബൈൽ ഫോണിന്റെ ലോക്കേഷൻ അടക്കം പരിശോധിച്ചാൽ തെളിയിക്കാൻ സാധിക്കുമെന്നും ജീജ പറയുന്നു. അതു പോലെ ക്ലാസ് മുറിയിൽ നിന്നും രണ്ടര മീറ്റർ മാറിയുള്ള ശുചി മുറിയിൽ നിന്നാണ് പീഡിപ്പിച്ചതെന്ന വാദം ബാലിശമാണെന്ന് ആർക്കും ബോധ്യമാകും. അതിനാൽ തന്നെ  ശാസ്ത്രീയമായി അന്വേഷണത്തിലൂടെ മാത്രമെ യഥാർത്ഥ സത്യം പുറത്തു വരികയുള്ളൂ. അതിനു പുറമെ പെൺകുട്ടി മൊബൈൽ ഫോണിൽ നവ മാധ്യമങ്ങളായ വാട്ട്‌സപ്പ്, ഫെയ്‌സ് ബുക്ക് തുടങ്ങിയവ ഉപയോഗിക്കുന്നു എന്നതിനാൽ ആ ഫോൺ പരിശോധിക്കേണ്ടതാണ്. ഏറെ ദുരൂഹത നിറഞ്ഞതാണ്  കുട്ടിയുടെ മൊഴി എന്ന് പരിശോധനയിൽ മനസിലാക്കാം കുറ്റമറ്റ രീതിയിൽ അന്വേഷണം നടത്തിയാൽ മാത്രമെ സത്യം പുറത്തു വരികയുള്ളൂ. അതിനാൽ പ്രത്യേക അന്വേഷണ സംഘത്തെ ഈ കേസിൽ ഉൾപ്പെടുത്തുകയും, നിംഹാൻസ് പോലുള്ള പ്രമുഖ ആശുപത്രികളിൽനിന്നും സൈക്കോളജിസ്റ്റിന്റെ സേവനം  കൂടി അന്വേഷണത്തിനു തേടണമെന്നും വി.വി. ജീജ പരാതിയിൽ പറയുന്നുണ്ട്. സംഭവത്തെ വർഗീയമായി കണ്ട് ചില ദൃശ്യമാധ്യമങ്ങൾ പ്രായപൂർത്തിയാകാത്ത കുട്ടികളെ അടക്കം നിയമവിരുദ്ധമായി കാണിച്ച് വാർത്ത ചെയ്യുന്നതും ഈ കേസിനെ അട്ടിമറിക്കാനാണെന്നും പണം നൽകി വാർത്ത ചെയ്യുന്നതാണെന്ന് സംശയിക്കുന്നതായും പരാതിയിലുണ്ട്.
 

Latest News