കുവൈത്ത് സിറ്റി- ഇരുപത്തിനാലു മണിക്കൂറിനിടെ കുവൈത്തിലും ഒമാനിലും മൂന്നു കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈത്തിൽ രണ്ടു പേരും ഒമാനിൽ ഒരാളുമാണ് മരിച്ചത്. കുവൈത്തിൽ സ്വദേശി പൗരനും ഇറാനിയുമാണ് മരിച്ചത്. കുവൈത്തിൽ 24 മണിക്കൂറിനിടെ 134 പേർക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ്19 രോഗികളുടെ എണ്ണം 1658 ആയി ഉയർന്നു. കുവൈത്തിൽ പുതുതായി രോഗബാധ സ്ഥിരീകരിച്ചവരിൽ 63 പേർ ഇന്ത്യക്കാരാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽസനദ് പറഞ്ഞു. കുവൈത്തിൽ ഇതിനകം 258 പേരാണ് രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടെ 33 പേർ കൂടി രോഗമുക്തരായതോടെയാണിത്. കുവൈത്തിൽ ഇതുവരെ അഞ്ചു കൊറോണ രോഗികളാണ് മരിച്ചത്.
ഖത്തറിൽ ഇന്നലെ 560 കൊറോണ കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ ഖത്തറിൽ കൊറോണ ബാധിതരുടെ എണ്ണം 4663 ആയി ഉയർന്നു. ഖത്തറിൽ പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഖത്തറിൽ ആകെ ഏഴു കൊറോണ രോഗികളാണ് മരിച്ചത്.
ബഹ്‌റൈനിൽ പുതുതായി 40 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊറോണ കേസുകൾ 1740 ആയി. ബഹ്‌റൈനിൽ പുതുതായി രോഗബാധ സ്ഥിരീകരിച്ചവരിൽ രണ്ടു പേർ വിദേശ തൊഴിലാളികളും പത്തു പേർ നേരത്തേ രോഗം ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയവരും 22 പേർ ഇറാനിൽ നിന്ന് തിരിച്ചെത്തിയവരുമാണ്. അവശേഷിക്കുന്നവർക്ക് ഏതു രീതിയിലാണ് രോഗം ബാധിച്ചതെന്ന് നിർണയിക്കുന്നതിന് അന്വേഷണം തുടരുകയാണ്. രാജ്യത്ത് ഇരുപത്തിനാലു മണിക്കൂറിനിടെ 22 പേർ രോഗമുക്തരായിട്ടുണ്ട്. ഇതോടെ ബഹ്‌റൈനിൽ കൊറോണ വൈറസ് വിമുക്തരായവരുടെ എണ്ണം 725 ആയി ഉയർന്നു. ബഹ്‌റൈനിൽ പുതിയ കൊറോണ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബഹ്‌റൈനിൽ ഇതുവരെ ഏഴു കൊറോണ രോഗികളാണ് മരണപ്പെട്ടത്.
ഒമാനിൽ പുതുതായി 50 പേർക്കു കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഒമാനിൽ കൊറോണ ബാധിതരുടെ എണ്ണം 1069 ആയി. ഒമാനിൽ ഇന്നലെ ഒരു കൊറോണ മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ അഞ്ചു കൊറോണ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
യു.എ.ഇയിൽ വ്യാഴാഴ്ച 460 കൊറോണ കേസുകളും രണ്ടു മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ച രാത്രിയിലെ കണക്കുകൾ പ്രകാരം യു.എ.ഇയിൽ 5825 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. യു.എ.ഇയിൽ ഇതുവരെ 35 കൊറോണ രോഗികളാണ് മരിച്ചത്.






