റിയാദ് - സൗദിയില്‍ കൊറോണ ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. ഇരുപത്തിനാലു മണിക്കൂറിനിടെ 762 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 7,142 ആയി ഉയര്‍ന്നു. ഇവരില്‍ 71 പേരുടെ നില ഗുരുതരമാണ്. ഇന്ന് സ്ഥിരീകരിച്ച കൊറോണബാധാ കേസുകളില്‍ 400 എണ്ണവും ഫീല്‍ഡ് പരിശോധനകളിലൂടെയാണ് കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ആലി പറഞ്ഞു. മുന്‍ ദിവസങ്ങളില്‍ സ്ഥിരീകരിച്ച ഏതാനും കേസുകളും ഇതേ രീതിയിലാണ് കണ്ടെത്തിയത്.
രോഗവ്യാപന സാധ്യത കൂടിയ വീടുകളും തിരക്കേറിയ സ്ഥലങ്ങളും മെഡിക്കല്‍ സംഘങ്ങള്‍ സന്ദര്‍ശിച്ച് രോഗബാധ സംശയിക്കുന്ന കേസുകളോ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട കേസുകളോ ഉണ്ടോയെന്ന് കണ്ടെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയാണ് ഫീല്‍ഡ് പരിശോധനകളിലൂടെ ചെയ്യുന്നത്. രോഗവ്യാപനം തടയുന്നതിന് മുന്‍കൂട്ടി നടത്തുന്ന ശ്രമങ്ങളാണ് ഫീല്‍ഡ് പരിശോധനകളെന്നും ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.
മക്കയിലാണ് വെള്ളിയാഴ്ച ഏറ്റവും കൂടുതല്‍ പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇരുപത്തിനാലു മണിക്കൂറിനിടെ 325 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. മദീന-197, ജിദ്ദ 142, ഹുഫൂഫ്-35, റിയാദ്-24, ദമാം-18, ജുബൈല്‍-4, തായിഫ്-3, മോയ-2, ബീശ-2, അല്‍കോബാര്‍-2, മൈസാന്‍-1, യാമ്പു-1, ജിസാന്‍-1, റാസ്തന്നൂറ-1, അല്‍മുദൈലിഫ്-1, ഖമീസ് മുശൈത്ത്-1, നജ്റാന്-1, ഖുന്‍ഫുദ-1 എന്നിങ്ങിനെയാണ് മറ്റു കൊറോണ കേസുകള്‍.
ഇരുപത്തിനാലു മണിക്കൂറിനിടെ മരിച്ച നാലു കൊറോണ രോഗികളും വിദേശികളാണ്. ജിദ്ദയില്‍ രണ്ടു പേരും മക്കയിലും തബൂക്കിലും ഓരോരുത്തരുമാണ് മരണപ്പെട്ടത്. ഇവരുടെ പ്രായം 41 മുതല്‍ 82 വരെയാണ്.






