ലോക്ക്ഡൗണില്‍ ഗാര്‍ഹിക പീഡനം നടത്തിയാല്‍ കുടുങ്ങും; ശിക്ഷ 'നിര്‍ബന്ധിത ക്വാറന്റൈന്‍'


പൂനെ- ലോക്ക്ഡൗണിനിടെ സ്ത്രീകള്‍ക്ക് നേരെയുള്ള ഗാര്‍ഹിക പീഡനങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ പൂനെയില്‍  പ്രാദേശിക ഭരണകൂടമായ 'പൂനെ സില്ലാ പരിഷത്ത്' വ്യത്യസ്തമായ ഒരു തീരുമാനവുമായി രംഗത്ത്. ഗാര്‍ഹിക പീഡന പരാതികള്‍ ലഭിച്ചാല്‍ അന്വേഷിക്കാന്‍ പ്രത്യേക സമിതി തന്നെ രൂപീകരിച്ചിട്ടുണ്ട് പരിഷത്ത്. സ്ത്രീകള്‍ വീടുകളില്‍ പീഡനം അനുഭവിക്കേണ്ട സ്ഥിതിയുണ്ടായാല്‍ അന്വേഷിച്ച് അറിയാനായി പ്രാദേശിക വിജിലന്‍സ് കമ്മറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. അംഗനവാടി സേവികയിലെ അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് ഈ സമിതി രൂപീകരിച്ചിരിക്കുന്നത്. ഇത്തരം കേസുകള്‍ ലഭിച്ചാല്‍ പ്രതി ഭര്‍ത്താവോ മറ്റ് കുടുംബാംഗങ്ങളോ ആരായാലും അവരെ സമിതി കൗണ്‍സില്‍ ചെയ്യും. തുടര്‍ന്നും അവര്‍ പീഡനവും ഉപദ്രവവും തുടര്‍ന്നാല്‍ ഇവരെ വ്യവസ്ഥാപിതമായി ക്വാറന്റൈന്‍ ചെയ്യുമെന്ന് പൂനെ സില്ലാ പരിഷത്ത് അറിയിച്ചു.

പോലിസിന്റെ സഹായത്തോടെയായിരിക്കും ഇത്തരക്കാരെ നിര്‍ബന്ധിത ക്വാറന്റൈന്‍ ചെയ്യുക. എല്ലാവിധത്തിലും ഒറ്റപ്പെടുത്തുന്ന ക്വാറന്റൈന്‍ ഏര്‍പ്പെടുത്താനാണ് അധികൃതരുടെ തീരുമാനം.ലോക്ക്ഡൗണില്‍ രാജ്യത്തെ സ്ത്രീകള്‍ക്ക് നേരെയുള്ള ഗാര്‍ഹിക പീഡനങ്ങളില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പീഡകരായ കുടുംബാംഗങ്ങളെയോ ഭര്‍ത്താവിനെയോ ക്വാറന്റൈന്‍ ചെയ്യുന്ന നടപടിയിലേക്ക് നീങ്ങാന്‍ പൂനെ സില്ലാ പരിഷത്തിനെ പ്രേരിപ്പിച്ചത്.
 

Latest News