Sorry, you need to enable JavaScript to visit this website.

അന്ധമായി വീമ്പടിക്കരുതേ...

മാരകമായ പകർച്ചവ്യാധിയുടെ കാലത്ത് കുറഞ്ഞ  ദിവസങ്ങൾക്കകം  എണ്ണമില്ലാത്ത മനുഷ്യർ മരണത്തിന് കീഴടങ്ങുന്നത്  കാണുമ്പോൾ പകച്ച് നിൽക്കുന്ന മാനവ രാശിയിൽ  സ്വാഭാവികമായും ഉയരുന്ന പലതരം ആശങ്കകൾ ഉണ്ട്. ഈ ആശങ്കകൾക്കെല്ലാം  പ്രതിവിധി ദൈവ നിഷേധത്തിലധിഷ്ഠിതമായ മത നിരാസമാണെന്ന് കൊട്ടിഘോഷിക്കുന്നവരും  ശാസ്ത്ര മൂല്യങ്ങളെ പാടെ അവഗണിച്ച്,  എല്ലാം ദൈവം നോക്കിക്കോളുമെന്ന  തികഞ്ഞ നിരുത്തരവാദ സമീപനം സ്വീകരിക്കുന്നവരും  അരങ്ങ് കീഴടക്കുന്നത് കണ്ട് കൊണ്ടിരിക്കുന്നു. രണ്ട് വാദങ്ങളും ഒരേ പോലെ അവലംബമില്ലാത്തതും പ്രമാണ രഹിതവുമാണ്.
മതം, ശാസ്ത്രം എന്നിവയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടോ പഠനമോ വേണ്ടത്രയില്ലാത്തവരാണ് കൂടുതൽ ഒച്ച വെക്കുന്നതെന്ന് കാണാം.  എന്നാൽ സാമാന്യമായ വായനയും ആഴത്തിലുള്ള അന്വേഷണവും ഈ മേഖലയിൽ ഇല്ലാത്ത പലരും  സോഷ്യൽ മീഡിയയിൽ തൽപര കക്ഷികൾ  പടച്ചുവിടുന്ന അടിസ്ഥാനരഹിതമായ വാദങ്ങളിലെ പൊള്ളത്തരങ്ങൾ തിരിച്ചറിയാതെ അങ്കലപ്പിലാവുന്നതും നാം കാണുന്ന നാളുകളാണിത്.


ഇതു വരെ കണ്ടിട്ടില്ലാത്ത, സമാനതകളില്ലാത്ത ഒരു പ്രതിസന്ധിയിലൂടെ ലോകം കടന്നു പോവുമ്പോൾ വിവേകമുള്ളവർ അലസരായി, സ്വയം പഴിച്ച്  നിരാശരാവുകയല്ല ചെയ്യുക. അവർ ലഭ്യമായ സാധ്യതകൾ ഉപയോഗപ്പെടുത്തി അകപ്പെട്ട പ്രതിസന്ധിയെ തരണം ചെയ്യാനാവശ്യമായ അറിവന്വേഷിക്കും. ചരിത്രത്താളുകൾ മറിച്ചു നോക്കും. ഇന്ന് വരെ മനുഷ്യർ ആർജ്ജിച്ച  ശാസ്ത്രത്തിന്റെ മുന്നേറ്റത്തിൽ ശുഭാപ്തി വിശ്വാസമുള്ളവരാവും. ഭൗതികവും ആത്മീയവുമായ വഴിവിളക്കുകളെന്ന് വിശേഷിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങൾ ആഴത്തിൽ പഠിക്കുകയും അറിഞ്ഞനുഭവിക്കുന്ന ശാന്തിയും സമാധാനവും ശുഭപ്രതീക്ഷയും മറ്റുള്ളവരോട് പങ്ക് വെക്കുകയും ചെയ്യും.
ശാസ്ത്രബോധം ഉള്ളവർക്ക് മതമൂല്യങ്ങളിൽ  വിശ്വസിച്ചുകൂടാ എന്നതാണ് ഒരു കൂട്ടരുടെ തെറ്റായ ധാരണ. മതബോധമുള്ളവർ പറയുന്നതൊന്നും ശാസ്ത്രം ആവില്ല എന്നതാണ് അവരുടെ വാദം. ചെറിയ ഒരുദാഹരണം അവരുടെ ശ്രദ്ധയിലേക്ക് അറിയിക്കട്ടെ, 1979ൽ  ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പങ്കുവച്ചത് മൂന്ന് പേരാണ്. ഇതിൽ ഒരാൾ  അബ്ദുൾ സലാം തികഞ്ഞ ഇസ് ലാം മത വിശ്വാസിയാണ്. മറ്റൊരാൾ സ്റ്റീവൻ വെയ്ൻ ബർഗ് നിരീശ്വരവാദിയാണെന്ന കാര്യം എത്ര പേർക്കറിയാം?


കുറച്ച് കൂടി ആഴത്തിൽ ശാസ്ത്രത്തിന്റെ തമസ്‌ക്കരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ചരിത്രം കൂടി വായിക്കാൻ അത്തരക്കാർ  ക്ഷമയും ആവേശവും  കാണിച്ചാൽ അത്ഭുതപ്പെട്ടു പോവുന്ന വസ്തുത, ഇന്ന് നാം കൊണ്ടാടുന്ന ശാസ്ത്ര കണ്ടു പിടുത്തങ്ങളുടെയെല്ലാം ചുക്കാൻ പിടിച്ചവരിൽ ഭൂരിപക്ഷവും  കറയറ്റ ദൈവ വിശ്വാസികളായിരുന്നെന്ന്  കാണാം.
ശാസ്ത്രമെന്നത് ദൈവത്തെ നിഷേധിക്കലാണെന്ന്  പഠിക്കുകയും പഠിപ്പിക്കുകയും അതൊരു ഫാഷനായി കൊണ്ടാടുകയും ചെയ്യുന്ന പ്രത്യയശാസ്ത്ര വക്താക്കൾ എന്താണ് ശാസ്ത്രം കൊണ്ട് വിവക്ഷിക്കുന്നത് എന്ന് പുന:പരിശോധിക്കുന്നത് നന്നായിരിക്കും.
പ്രകൃതി പ്രതിഭാസങ്ങളെ ചിട്ടയായ നിരീക്ഷണ പരീക്ഷണ നിഗമനങ്ങളിലൂടെ പഠിച്ച്  ചിലതിനെ തള്ളിയും ചിലതിനെ  ദൃഡീകരിച്ചുറപ്പിച്ചും തുടർച്ചയായി  നവീകരിക്കുന്ന  അറിവ് നേടുന്ന ഒരു പ്രക്രിയയാണത്.  അറിയുക എന്നർത്ഥമുള്ള സൈയൻഷ്യ എന്ന ലാറ്റിൻ വാക്കിൽ നിന്നാണ്പതിനാലാം നൂറ്റാണ്ടിൽ  സയൻസ് എന്ന പദം ആവിർഭവിച്ചത്.


വേദഗ്രന്ഥങ്ങളിലെ അടിസ്ഥാന പാഠങ്ങൾ പരിശോധിച്ചാൽ  നിരീക്ഷണ പരീക്ഷണ നിഗമനങ്ങളിലൂടെ സ്വശരീരത്തിലെയും ഈ ഭൗതിക ലോകത്തിലെയും സൂക്ഷ്മ സ്ഥൂല വിസ്മയങ്ങളെ കുറിച്ച് സവിസ്തരം പീന ഗവേഷണങ്ങൾ നടത്തി ഈ കുറ്റമറ്റ  വിസ്മയ സൃഷ്ടികളുടെ പിന്നിലെ സൃഷ്ടാവിന്റെ മഹത്വം തിരിച്ചറിയാനും   മനുഷ്യരുടെയും മറ്റു ജന്തുജാലങ്ങളുടേയും ജീവിത ക്ഷേമത്തിന് മനുഷ്യർക്കായി പ്രവാചകരിലൂടെ പ്രദാനം ചെയ്ത വിധി വിലക്കുകളേയും സുവിശേഷങ്ങളേയും മുന്നറിയിപ്പുകളേയും പിൻ പറ്റി ജീവിതം തനിക്കും മറ്റുള്ളവർക്കും ശാന്തിയ്ക്കും സമാധനത്തിനും അഭിവൃദ്ധിയ്ക്കും ഉതകുന്ന തരത്തിൽ സ്വയം ക്രമീക്കാനുമാണ് ആഹ്വാനം ചെയ്യുന്നതെന്ന് കാണാം. ചിട്ടയായ പഠനത്തിലൂടെയായാൽ പോലും  ശാസ്ത്രം ചിലപ്പോൾ തെറ്റായ നിഗമനങ്ങളിൽ എത്തിചേർന്നെന്ന് വന്നേക്കാം. മനുഷ്യൻ അത്തരം തെറ്റായ ശാസ്ത്ര നിഗമനങ്ങളുടെ മറപിടിച്ച് വേദഗ്രന്ഥങ്ങളിൽ കൈ കടത്തലുകൾ നടത്തിയതിന്റെ ചരിത്രവും അതിലൂടെയുണ്ടായ കെടുതികളും  ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. അത് കൂടി വായനയ്ക്ക് വിധേയമാക്കുന്നത് വിജ്ഞാന കുതുകികൾക്ക് കൂടുതൽ ഉൾവെളിച്ചം പകർന്നേക്കാം. കേരളം കൊറോണ കാലത്ത് കാട്ടുന്ന മഹത്തായ മാതൃകയിൽ നാമെല്ലൊം ഏറെ  അഭിമാനിക്കുന്നുണ്ട്. ലോകത്തിലെ ഒന്നാം കിട വൈജ്ഞാനിക കേന്ദ്രങ്ങളടക്കം  ആ മാതൃകയെ മുക്തകണ്ഠം പ്രശംസിക്കുന്നുണ്ട്. പി.ബി നൂഹ് എന്ന ഐ.എസ് ഉദ്യോഗസ്ഥന്റെ ഉൾകാഴ്ചയോടെയുള്ള ഇടപെടലും സർക്കാറിന്റെയും പ്രതിപക്ഷത്തിന്റെയും സംസ്ഥാനത്തെ ഭൂരിപക്ഷം വരുന്ന വിദ്യാസമ്പന്നരായ ജനതയുടെ പിന്തുണയെയും  വാഴ്ത്തുന്ന ഒരു ലേഖനം  മാസച്ചൂസ്റ്റ് ഇൻസ്റ്റിറ്റിയൂട്ട്  ഓഫ് ടെക്‌നോളജിയുടെ ജേർണലിൽ വായിച്ച സന്തോഷത്തിന്റെ പശ്ചാത്തലത്തിൽ ഒരു കാര്യം ചരിത്രാന്വേഷികൾക്ക് വേണ്ടി പങ്ക് വെക്കട്ടെ.


''1880 ൽ ബാഗ്ദാദിൽ പൊട്ടി പുറപ്പെട്ട പ്ലാഗ് കേരളത്തിലേക്ക് കടക്കുമോ എന്ന ഒരു പരിഭ്രാന്തി മലബാറിനെ പിടികൂടുകയുണ്ടായി. കർശനമായ ക്വാറന്റൈൻ പ്രതിവിധികൾ സ്വീകരിച്ചത് കൊണ്ട് അതുണ്ടായില്ല ''എന്ന് 1887 ജനുവരി ഒന്നിന് പ്രസിദ്ധീകരിച്ച  മലബാർ മാന്വലിൽ വില്യം ലോഗൻ രേഖപ്പെടുത്തിയിട്ടുണ്ട്. പാൻഡമിക്കിന്റെ കാലത്ത് നമുക്കൊരു മാതൃകാപരമായ വർത്തമാനം മാത്രമല്ല, ഉജ്ജ്വലമായ ഒരു ഭൂതകാലം കൂടി ഉണ്ട് എന്നഭിമാനിക്കേണ്ടിയിരിക്കുന്നു. കേരളം ഈ നേട്ടം കൈവരിച്ചതിന് മാറിമാറി വന്ന സർക്കാറുകൾക്കും വലിയ പങ്കുണ്ട്. ചരിത്രം അതിന്റെ തെളിവുകൾ നിരത്തുകയും ചെയ്യുന്നു.
 

Latest News