ഗര്‍ഭിണിയുടെ മരണം കോവിഡ് മൂലമെന്ന് സംശയം; ദല്‍ഹിയില്‍ ആശുപത്രി ജീവനക്കാര്‍ നിരീക്ഷണത്തില്‍

ന്യൂദല്‍ഹി- ദല്‍ഹിയിലെ ഭഗവാന്‍ മഹാവീര്‍ ആശുപത്രിയില്‍ ഗര്‍ഭിണി മരിച്ചത്  കോവിഡ് മൂലമെന്ന് സംശയം. ഇതേ തുടര്‍ന്ന് ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കം ആശുപത്രിയിലെ 68 ജീവനക്കാര്‍   വീടുകളില്‍ കരുതല്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു.  തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണിയായ 25-കാരി ബുധനാഴ്ച രാത്രിയാണ് മരിച്ചത്.
അടുത്തിടെയാണ്  വിദേശത്തുനിന്ന് ഇവര്‍ നാട്ടിലെത്തിയത്. എന്നാല്‍ വിദേശയാത്ര സംബന്ധിച്ച വിവരവും വീട്ടില്‍ നിരീക്ഷണത്തിലായിരുന്നുവെന്ന കാര്യവും ഇവര്‍ മറച്ചുവെച്ചുവെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സമയത്ത് യാത്രാവിവരങ്ങള്‍ മറച്ചുവെച്ച ഇവര്‍ പിന്നീട്, വിദേശത്തുനിന്നെത്തിയ വിമാനത്തിലെ സഹയാത്രികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് യാത്രാവിവരം ആശുപത്രി അധികൃതരോട് വെളിപ്പെടുത്തിയത്. കുടുംബാംഗങ്ങള്‍ ഏപ്രില്‍ 10 മുതല്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.
 മരിച്ച യുവതിയുടെ കോവിഡ് പരിശോധനാ ഫലം വരുന്നതുവരെ നിരീക്ഷണത്തില്‍ തുടരാനാണ് ജീവനക്കാരോട് നിര്‍ദേശിച്ചിരിക്കുന്നത്.

 

Latest News