ന്യൂദല്‍ഹി- യു.എ.ഇയില്‍നിന്ന് ഇന്ത്യക്കാരില്‍ ഒരു വിഭാഗത്തെയെങ്കിലും നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് യു.എ.ഇയിലെ പ്രവാസി സംഘടനാ നേതാക്കളുമായി പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച നടത്തി. പ്രധാനമന്ത്രി കാര്യാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന് ആനന്ദബോസാണ് വീഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കിയത്.
സ്വന്തം പൗരന്മാരെ കൊണ്ടു പോകാന്‍ വിസമ്മതിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യു.എ.ഇ മുന്നറിയിപ്പ് നല്‍കിയിരുന്നു. മടങ്ങാന്‍ ആഗ്രഹിക്കുന്ന ഏറ്റവും അര്‍ഹരായവരെ ഉടന്‍ നാട്ടിലെത്തിക്കാനാണ്
സര്‍ക്കാര്‍ ആലോചിക്കുന്നത്. സാധാരണ രോഗികള്‍, ഗര്‍ഭിണികള്‍, വയോധികര്‍, സന്ദര്‍ശക വിസാ കാലാവധി കഴിഞ്ഞവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്കായിരിക്കും ആദ്യ പരിഗണന. 25,000 പേരെയെങ്കിലും ഉടന്‍ നാട്ടിലെത്തിക്കേണ്ടിവരുമെന്നാണ് കരുതുന്നത്.
വിമാനയാത്രക്കുള്ള ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കണമെന്ന നിര്‍ദേശം പ്രവാസി സംഘടനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
ലേബര്‍ ക്യാമ്പുകളില്‍ നിന്ന് സാധാരണ രോഗികളേയും കോവിഡ് രോഗികളേയും വേര്‍തിരിക്കുക, കൂടുതല്‍ ക്വാറന്റൈന് കേന്ദ്രങ്ങള്‍ ഒരുക്കുക എന്നിവക്ക് യു.എ.ഇയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുക, ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും പ്രവാസി സംഘടനകള്‍ മുന്നോട്ടു വെച്ചു.
വിവിധ സംഘടനാ പ്രതിനിധികളായ ശംസുദ്ദീന്‍ ബിന്‍ മുഹ്യുദ്ദീന്‍, ഇ.പി ജോണ്സണ്, ബിജു സോമന്, എന്‍. പി രാമചന്ദ്രന്, പുത്തൂര്‍ റഹ്മാന്, പി.കെ അന്‍വര്‍ നഹ, സജീവ് കുമാര്‍ തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.






