ഫ്ലോറിഡ- ഗള്‍ഫില്‍ പട്രോളിംഗിലുള്ള അമേരിക്കന്‍ കപ്പലുകളെ ഇറാന്‍ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ 11 കപ്പലുകള്‍ 10 അടി അകലെ വലം വച്ചതായി യുസ് നാവികസേന. അപകടകരമായ അകലത്തില്‍ ഒരു മണിക്കൂറോളം ഇവര്‍ ഗൾഫിലെ അമേരിക്കൻ നാവികസേനയ്ക്കും കോസ്റ്റ് ഗാർഡ് കപ്പലുകൾക്കും പ്രകോപനം സൃഷ്ട്രിച്ചതായും നേവി വ്യക്തമാക്കി.
അന്താരാഷ്ട്ര ജലത്തിൽ സൈനിക ഹെലികോപ്റ്ററുകളുമായി യോജിച്ച് പട്രോളിംഗ് നടത്തുന്നതിനിടെയാണ് ആറ് യുഎസ് സൈനിക കപ്പലുകളെ 11 ഇറാനിയന്‍ കപ്പലുകള്‍ സമീപിച്ചത്. യുഎസ് കപ്പലുകൾ സൈറണ്‍ മുഴക്കിയും ബ്രിഡ്ജ്-ടു-ബ്രിഡ്ജ് റേഡിയോ വഴിയും നിരവധി മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഒരു മണിക്കൂറിന് ശേഷമാണ് ഇവ പിന്‍വാങ്ങിയതെന്ന് യുഎസ് നേവിയുടെ പ്രസ്താവനയില്‍ പറയുന്നു. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ അപകടകരവും പ്രകോപനപരവുമായ നടപടി കൂട്ടിയിടി സാധ്യത വര്‍ദ്ധിപ്പിച്ചതായും ഇത് അന്തരാഷ്ട്ര സമുദ്രനിയമങ്ങളുടെ ലംഘനമാണെന്നും നേവി ചൂണ്ടിക്കാട്ടി.
മേഖലയിലെ ഇറാൻ ആക്രമണത്തെ തടയാൻ യുഎസ് നേതൃത്വത്തിലുള്ള ഇന്റർനാഷണൽ മാരിടൈം സെക്യൂരിറ്റി കൺസ്ട്രക്റ്റ് ബുധനാഴ്ച വൈകി നല്‍കിയ പ്രസ്താവനയിൽ ഗള്‍ഫ് സമുദ്രത്തില്‍ ഇങ്ങനെ ഒരു സംഭവം നടന്നതായി വ്യക്തമാക്കുന്നുണ്ട്. അതേസമയം, പ്രദേശത്ത് കപ്പല്‍ ഗതാഗതത്തിന് നിലവില്‍ ഭീഷണികളൊന്നും ഇല്ലെന്നും വിശദീകരണമുണ്ട്.