റിയാദ് - റിയാദ് സീസണ്‍ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സംഗീതനിശയില്‍ പങ്കെടുത്തവരെ ആക്രമിച്ച യെമനി യുവാവിന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഗീത സംഘാംഗങ്ങളെയും സെക്യൂരിറ്റി ജീവനക്കാരനെയും കുത്തപ്പരിക്കേല്‍പിച്ച ഇമാദ് അബ്ദുല്‍ഖവി അല്‍മന്‍സൂരിക്ക് റിയാദിലാണ് വധശിക്ഷ നടപ്പാക്കിയത്.
സംഗീത പരിപാടിക്കിടെ സ്റ്റേജില്‍ ചാടിക്കയറി പ്രതി സംഘാംഗങ്ങളെ കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നു. പരിപാടി ശ്രവിക്കാനും വീക്ഷിക്കാനും എത്തിയ ആസ്വാദകരെ ഭീതിയിലാക്കിയും അരാജകത്വം സൃഷ്ടിച്ചും ആക്രമണം നടത്തുന്നതിന് യെമനിലെ അല്‍ഖാഇദ നേതാവാണ് ഭീകരനെ ചുമതലപ്പെടുത്തിയത്. യെമനിലെ അല്‍ഖാഇദ അംഗമായ ഭീകരന്‍ പോരാട്ടങ്ങളില്‍ പങ്കെടുത്തതായും അന്വേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു.
അറസ്റ്റിലായ പ്രതിക്ക് വിചാരണ കോടതി വധശിക്ഷ വിധിക്കുകയും ഇത് അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ശിക്ഷ നടപ്പാക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അനുമതി ലഭിക്കുകയും ചെയ്തതോടെയാണ് ഭീകരനെ വധശിക്ഷക്ക് വിധേയനാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ഇന്ത്യക്കു പുറത്തെ ആദ്യ സമ്പൂര്‍ണ മലയാള ദിനപത്രം; മലയാളം ന്യൂസിന്റെ വിജയഗാഥ