Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലയാളം ന്യൂസ് പത്രാധിപരുടെ സന്ദേശം; വിജയവീഥിയില്‍ 21 വര്‍ഷം

രുപത്തൊന്ന് വര്‍ഷത്തെ സംഭവ ബഹുലമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ തിളങ്ങുന്ന റെക്കോര്‍ഡുമായാണ് സൗദി റിസര്‍ച്ച് ആന്റ് പബ്ലിഷിംഗ് കമ്പനി പ്രസിദ്ധീകരണമായ മലയാളം ന്യൂസ് അതിന്റെ പിറന്നാളാഘോഷിക്കുന്നത്. തെറ്റിദ്ധരിക്കാതിരിക്കുക, ആഘോഷിക്കുന്നത് എന്ന വാക്ക് ഞാന്‍ ആലങ്കാരികമായി പ്രയോഗിച്ചതാണ്. ലോകം മുഴുവന്‍ ആശങ്കയുടെയും ആപത്തിന്റെയും ഇരുള്‍ മൂടി നില്‍ക്കുമ്പോള്‍ പ്രാര്‍ഥനയും കരുതലും മാത്രമേ നമുക്ക് മുമ്പിലുള്ളൂ. ജിദ്ദയിലെ പത്രാധിപ ഡെസ്‌കും സൗദിയിലെയും കേരളത്തിലെയും റിപ്പോര്‍ട്ടിംഗ് സംവിധാനങ്ങളുമെല്ലാം സാങ്കേതിക പരിമിതിയുടെ നടുവിലാണ്, വിട്ടൊഴിയാത്ത ആശങ്കയിലും. എന്നിട്ടും വീടുകളിലിരുന്ന് മുടക്കം കൂടാതെ യഥാസമയം പത്രമിറക്കാനും ഓണ്‍ ലൈന്‍ വാര്‍ത്തകളും ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും  ജാഗ്രതയോടെ 24 മണിക്കൂറും കാത്തിരുന്ന് യഥാസമയം അപ്‌ലോഡ് ചെയ്ത് വായനക്കാരുടെ വികാരവുമായി സദാ ചേര്‍ന്നു നില്‍ക്കാനും മലയാളം ന്യൂസ് സ്റ്റാഫ് പുലര്‍ത്തുന്ന അതീവ ജാഗ്രതയെയും സമര്‍പ്പണത്തെയും ഈയവസരത്തില്‍ എനിക്ക് പ്രശംസിക്കാതിരിക്കാനാവില്ല.

https://www.malayalamnewsdaily.com/sites/default/files/2020/04/15/poster.jpg
ലോകം മുഴുവന്‍ ലോക്ഡൗണിലായിപ്പോകുന്ന ഒരവസ്ഥയെന്നത് നമുക്ക് തീര്‍ത്തും അചിന്ത്യമായിരുന്നു. ഓരോ മനുഷ്യനുമിപ്പോള്‍ കടന്നുപോകുന്നത്് അതിസങ്കീര്‍ണമായ അവസ്ഥാന്തരത്തിലൂടെയാണ്. ഏറെ ക്ലേശിച്ചാണെങ്കിലും ലോകത്തിന്റെ ദൈന്യതയത്രയും അതേപടി പകര്‍ത്താനും വായനക്കാരുടെ ഉല്‍ക്കണ്ഠ പങ്കുവെക്കാനും ഞങ്ങളും ഒപ്പം നില്‍ക്കുന്നു. ചൈനയില്‍ വൈറസ്് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ആരും നിനച്ചില്ല, കൊലവിളിയുമായി അത് നമ്മുടെ വീടുകളിലേക്കുമെത്തുമെന്ന്. വുഹാനിലെ കര്‍ഷകനില്‍ നിന്ന് ലണ്ടനിലെ ബിസിനസുകാരനിലേക്കെത്തിയ വൈറസിന്റെ വ്യാളീമുഖ വ്യാപ്തിയെത്രയെന്ന് ഭീതിയോടെ ലോകം മുഴവന്‍ കാണുന്നു. നമ്മള്‍ പക്ഷേ ഒറ്റക്കെട്ടാണ്. ഒരുമയോടെ പൊരുതിയാല്‍ നമുക്ക് ഇവയെ മറികടക്കാം. അതാണ് ചരിത്ര പാഠം.


ഇംഗ്ലീഷ് കവി ജോണ്‍ ഡണ്‍ എഴുതിയ പോലെ ഒറ്റക്കൊരു ദ്വീപല്ല, ഒരു മനുഷ്യനും. ഏകാന്തനായി ഒരാള്‍ക്കും ഇത്തരം ദുരന്തങ്ങള്‍ക്കെതിരെ പൊരുതാനാകില്ല, കൂട്ടായ്മയിലൂടെയല്ലാതെ. ഒന്നിച്ചുനില്‍ക്കാത്ത ഒരാളെയും ഇത്തരം മഹാമാരികള്‍ വിഴുങ്ങാതിരുന്നിട്ടുമില്ല. ചരിത്രം നാം മറക്കരുത്. 1919 ലെ സ്പാനിഷ് ജ്വരം ലോകമെമ്പാടുമുള്ള ലക്ഷങ്ങളെയാണ് വകവരുത്തിയത്. സൗദി അറേബ്യയെയും അക്കാലത്തെ മഹാവ്യാധി വെറുതെ വിട്ടില്ല. നിരവധി മയ്യിത്തുകള്‍ അതാത് കുടുംബങ്ങളുടെ അഭാവത്തില്‍ അനാഥമായി മറവു ചെയ്യേണ്ടി വന്നു. നൂറോളം മൃതദേഹങ്ങള്‍ക്കു വേണ്ടി ഒരൊറ്റ ജനാസ നമസ്‌കാരം നിര്‍വഹിക്കേണ്ടി വന്ന കഥ ഇവിടത്തെ പഴയ ആളുകള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അത് പോലെ 1929 ല്‍ അമേരിക്കയും യൂറോപ്പും മഹാമാരിക്ക് ഇരയായി. പക്ഷേ ഇത്തരം അപകടകരമായ അവസ്ഥകളെയെല്ലാം ലോകം ഒരുമിച്ചുനിന്ന് അതിജീവിച്ചതാണ് ചരിത്രം. ഇന്‍ശാ അല്ലാഹ്, ഇന്നു നേരിടുന്ന ദുരന്താത്മകമായ സന്ദിഗ്ധ കാലത്തെയും നമ്മള്‍ അനായാസം അതിജീവിക്കും; ഈ പരീക്ഷണ ഘട്ടത്തെ പതുക്കെയെങ്കിലും മറികടക്കും. നമ്മുടെയൊക്കെ നിത്യജീവിതം പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തും. കൂടുതല്‍ ആഹ്ലാദപ്രദമായ അന്തരീക്ഷത്തില്‍ മലയാളം ന്യൂസ് അടുത്ത വര്‍ഷത്തെ ജന്മവാര്‍ഷികം ആഘോഷിക്കുമെന്ന് എനിക്കുറപ്പുണ്ട്. പ്രാര്‍ഥനാപൂര്‍വം...   

 

 

Latest News