ബീഡി വാങ്ങാന്‍ കോവിഡ് ക്യാമ്പിലെ ഫാനുകള്‍ മോഷ്ടിച്ചു; മൂന്ന് പേര്‍ പിടിയില്‍

കൊച്ചി-കാവിഡ്-19 ക്യാമ്പില്‍നിന്ന് ഫാനുകള്‍ മോഷ്ടിച്ച മൂന്നു അന്തേവാസികള്‍ പിടിയില്‍. എറണാകുളം സൗത്തിലുള്ള ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒരുക്കിയ കോവിഡ്-19 ക്യാമ്പിലാണ് സംഭവം.

ആലപ്പുഴ ഹരിപ്പാട് സ്വദേശി സുധീഷ് (37) കൊല്ലം, പുനലൂര്‍ സ്വദേശി മജു മുഹമ്മദലി (28), എറണാകുളം ചക്കരപ്പറമ്പ് സ്വദേശി ജിന്തേഷ് (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

രാവിലെ പിടിഎ പ്രസിഡന്റായ ഷിബു സ്‌കൂളില്‍ എത്തിയപ്പോഴാണ് ചില ക്ലാസ് മുറികള്‍ തുറന്നു കിടന്നത് ശ്രദ്ധയില്‍ പെട്ടതും ഫാനുകള്‍ മോഷണം പോയതായി അറിയുന്നതും. പ്രിന്‍സിപ്പല്‍ എത്തി സ്ഥിരികരിക്കുകയും പോലിസില്‍ വിവരം അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും അന്തേവാസികളെ ചോദ്യം ചെയ്തുമാണ് പ്രതികളെ കണ്ടെത്തിയത്. ബീഡി വാങ്ങാന്‍ പൈസ ഇല്ലാത്തതിനാലാണ് ഫാനുകള്‍ മോഷ്ടിച്ചതെന്നാണ് ഇവരുടെ മൊഴി. ഫാനുകള്‍ പിന്നീട് ആക്രി കടയില്‍നിന്ന് കണ്ടെടുത്തു.

 

Latest News