കോവിഡ് ഫണ്ടിലേക്ക് മൂന്ന് കോടി  നൽകി രാഘവ ലോറൻസ് 

കോവിഡ് ഫണ്ടിലേക്ക് മൂന്ന് കോടി രൂപ നൽകി വാർത്തകളിൽ നിറയുകയാണ് തമിഴ് നടനും നൃത്തസംവിധായകനുമായ രാഘവ ലോറൻസ്. സൂപ്പർ ഹിറ്റ് രജനീകാന്ത് ചിത്രം ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കുന്നതിന് ലഭിച്ച അഡ്വാൻസാണ് താരം കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും തമിഴ് സിനിമയിലെ ദിവസ വേതനക്കാർക്കുമായി വീതിച്ചു നൽകുന്നത്.
മൂന്ന് കോടിയിൽ 50 ലക്ഷം പ്രധാന മന്ത്രിയുടെ ഫണ്ടിലേക്കും, 50 ലക്ഷം തമിഴ്നാട് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്കുമാണ്. തമിഴ് സിനിമയിലെ ദിവസ വേതനക്കാർക്കു നൽകാനുള്ള ഫെഫ്സിയുടെ ഫണ്ടിലേക്കും ഡാൻസർ യൂനിയനും അദ്ദേഹം 50 ലക്ഷം വീതം നൽകി. 75 ലക്ഷം തന്റെ ജന്മനാടായ റോയപുരത്തെ ദിവസ വേതനക്കാരായ ജീവനക്കാർക്കാണ്. ക്ലേശമനുഭവിക്കുന്ന കുട്ടികൾക്ക് 25 ലക്ഷവും നൽകി.


കോവിഡ് കാലത്ത് ലോക്ഡൗൺ മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഈ മൂന്ന് കോടി ഒന്നിനും തികയില്ലെന്ന് ലോറൻസ് ട്വിറ്ററിൽ കുറിച്ചു. കൂടുതൽ നൽകണമെന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
മോഹൻലാൽ, ശോഭന, സുരേഷ് ഗോപി എന്നിവർ പ്രധാന വേഷങ്ങളിലെത്തി, ഫാസിൽ സംവിധാനം ചെയ്ത മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പായിരുന്നു ചന്ദ്രമുഖി. പി. വാസു സംവിധാനം ചെയ്ത ചിത്രത്തിൽ രജനീകാന്തിനൊപ്പം നയൻതാരയും ജ്യോതികയുമാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. ചിത്രം പുറത്തിറങ്ങി 15 വർഷം തികയുമ്പോൾ ഒരുക്കുന്ന രണ്ടാം പതിപ്പിന്റെയും സംവിധാനം പി. വാസു തന്നെ. രജനികാന്തിന്റെ അനുവാദത്തോടെയും അനുഗ്രഹത്തോടെയുമാണ് ഈ രണ്ടാം ഭാഗത്തിൽ താൻ അഭിനയിക്കാൻ പോകുന്നതെന്ന് ലോറൻസ് പറഞ്ഞു.
എങ്കിലും ചിത്രം പുറത്തിറങ്ങുംമുമ്പുതന്നെ ലോറൻസിന്റെ സൽക്കർമം വാർത്തകളിൽ നിറഞ്ഞു. ഇതിനുപിന്നാലെ തെന്നിന്ത്യൻ സൂപ്പർ താരങ്ങളെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരിക്കുകയാണ് നടൻ ഷമ്മി തിലകൻ. 'ലോറൻസ് സംഭാവന നൽകിയ വിവരമറിഞ്ഞ് തമിഴിലേയും, തെലുങ്കിലേയും, മലയാളത്തിലേയും സൂപ്പറുകൾ ഉത്കണ്ഠാകുലരാണ്. ലോറൻസിന്റെ സിനിമകളിൽ സഹകരിക്കുന്ന മലയാള താരങ്ങളെ വിലക്കണോ എന്ന് തീരുമാനമെടുക്കാൻ ഇടവേള പോലുമില്ലാതെ പതിനഞ്ചര കമ്മിറ്റി കൂടിയാലോചനകൾ നടത്തുന്നുണ്ടെന്നും ഷമ്മി കുറിച്ചു. 

 

Latest News