Sorry, you need to enable JavaScript to visit this website.

ഷബ്‌നക്കിത് സ്വപ്‌ന സാക്ഷാൽക്കാരം

മലയാള സിനിമയിൽ പെൺകരുത്തിന്റെ കൂട്ടായ്മ. സംവിധാനത്തിൽ മാത്രമല്ല, തിരക്കഥാ രചനയിലും സ്ത്രീകൾ പിന്നിലല്ലെന്ന് തെളിയിക്കുകയാണിവിടെ. പ്രശസ്ത സംവിധായകൻ വി.കെ. പ്രകാശിന്റെ മകൾ കാവ്യാ പ്രകാശ് സംവിധായികയായി അരങ്ങേറുന്ന വാങ്ക് എന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവുമൊരുക്കുകയാണ് ഷബ്‌നാ മുഹമ്മദ്.
ഷബ്‌നയെ നിങ്ങളറിയും. സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിലും കലാലയങ്ങളിലെ സോണൽ മത്സരങ്ങളിലും നൃത്തമികവിലൂടെ കലാതിലകപട്ടം സ്വന്തമാക്കിയ ഷബ്‌ന. കുട്ടിക്കാലംതൊട്ടേ ചിലങ്കയെ ഹൃദയത്തോടു ചേർത്ത പെൺകുട്ടി. വിവാഹാനന്തരം അരങ്ങിൽനിന്നും അകന്നുപോകുന്ന കലാകാരികളാണേറെയും. ഷബ്‌നയാകട്ടെ വിവാഹാനന്തരവും കലയെ ഉപാസിച്ച് കഴിയുകയാണ്.
മലപ്പുറം പുന്നയൂർക്കുളത്തിനടുത്ത ചെമ്മന്നൂരിൽ മുഹമ്മദിന്റെയും സൈനബയുടെയും മകൾ കുന്ദംകുളം ബഥനി സെന്റ് ജോസഫ് സ്‌കൂളിലെ എൽ.കെ.ജി ക്ലാസിൽനിന്നും തുടങ്ങിയ നൃത്തസപര്യ 
ഇപ്പോഴും തുടരുന്നു. വടക്കേക്കാട് ഹയർ സെക്കന്ററി സ്‌കൂളിലും എം.ഇ.എസ് കോളേജ് ഓഫ് എൻജിനീയറിംഗിലെ ഇൻഫർമേഷൻ ടെക്‌നോളജി പഠനകാലത്തുമെല്ലാം നൃത്തവേദിയിൽ തിളങ്ങിനിന്നു. കലാമണ്ഡലം ദേവകിയുടെയും വിലാസിനി കലാക്ഷേത്രയുടെയും പ്രിയശിഷ്യയായ ഈ കലാകാരി കേരളത്തിലങ്ങോളമിങ്ങോളം ഒട്ടേറെ ക്ഷേത്രാങ്കണങ്ങളിലും തന്റെ നൃത്തമികവ് തെളിയിച്ചിട്ടുണ്ട്. സ്വന്തം സമുദായത്തിൽനിന്നും സമൂഹത്തിൽനിന്നും ലഭിച്ച പിന്തുണയും പ്രോത്സാഹനവുമാണ് കലാരംഗത്ത് നിലയുറപ്പിക്കാൻ കഴിയുന്നതെന്ന് ഷബ്‌ന പറയുന്നു. എൻജിനീയറിംഗ് പഠനം കഴിഞ്ഞ് ബംഗളൂരുവിൽ ഒരു ഐ.ടി. കമ്പനിയിൽ ജോലി നോക്കിയെങ്കിലും നൃത്തം ഉപേക്ഷിക്കാൻ കഴിയാതെ ജോലി രാജിവച്ചു. ഇതിനിടയിലാണ് വായനയിലേയ്ക്കും എഴുത്തിലേയ്ക്കും കടക്കുന്നത്. എറണാകുളം കലൂരിനടുത്ത ഫഌറ്റിൽ ഭർത്താവ് ജിഷാദിനും മകൾ നിലാവിനുമൊപ്പം കുടുംബജീവിതം നയിക്കുകയാണ് ഷബ്‌ന. നൃത്തരംഗത്തുനിന്നും സിനിമാ ലോകത്തിലേയ്ക്കു കടന്നുവന്ന കഥ ഷബ്‌ന വ്യക്തമാക്കുന്നു.

 

വാങ്കിലേയ്ക്കുള്ള വരവ്?
വി.കെ. പ്രകാശ് സാറുമായി നേരത്തെ പരിചയമുണ്ടായിരുന്നു. ഉണ്ണി ആറിനെയും അറിയാമായിരുന്നു. മകൾ കാവ്യ ഒരു സിനിമയൊരുക്കുന്നുണ്ടെന്നും അതിന് തിരക്കഥയൊരുക്കണമെന്നും വി.കെ.പി പറഞ്ഞപ്പോൾ സമ്മതം മൂളുകയായിരുന്നു. 
ഉണ്ണി ആറിന്റെ കഥയാണ് സിനിമയ്ക്ക് വിഷയമാകുന്നതെന്ന് പറഞ്ഞപ്പോൾ ശരിക്കും ഒരു വെല്ലുവിളിയായി തോന്നി. കാരണം ചെറുകഥയുടെ തനിമ ചോരാതെയാകണം തിരക്കഥയൊരുക്കേണ്ടത്. തിരക്കഥാ രചനയിൽ മുൻപരിചയമില്ലയെന്നത് മറ്റൊരു പോരായ്മയായിരുന്നു. എന്നാൽ പ്രകാശ് സാറും ഉണ്ണി സാറുമെല്ലാം പിന്തുണയുമായി കൂടെ നിന്നപ്പോൾ എഴുതാൻ തീരുമാനിക്കുകയായിരുന്നു.

ഉണ്ണി ആറിന്റെ സഹകരണം?
വി.കെ.പിയോടുള്ള വ്യക്തിപരമായ അടുപ്പവും കാവ്യയോടുള്ള സ്‌നേഹവുമാണ് ഈ പ്രോജക്ട് തുടങ്ങാൻ പ്രേരണയായത്. ഉണ്ണി സാറിന്റെ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള കഥയാണ്. ഇന്റർനാഷനൽ ലിറ്ററ്റി ഫെസ്റ്റിവലിൽ ഏറെ കയ്യടി നേടിയ കഥ. അതിന്റെ തനിമയ്ക്ക് ഒരു തരത്തിലും ക്ഷതമേൽപിക്കാതെ എഴുതാൻ ശരിക്കും ബുദ്ധിമുട്ടായിരുന്നു. ഓരോ വരികളെഴുതുമ്പോഴും കുഴപ്പമുണ്ടാകുമോ എന്ന പേടി. എന്നാൽ ഉണ്ണി സാറിനോട് എന്തും ചോദിക്കാമെന്നതും അതിനെല്ലാം കൃത്യമായ ഉത്തരം കിട്ടുമെന്നതിനാലും കാര്യങ്ങൾ എളുപ്പമായി. കഥാകൃത്ത് മനസ്സിൽ രൂപം കൊടുത്ത കഥ സിനിമയാക്കുമ്പോൾ എത്രത്തോളം അതിനോട് നീതി പുലർത്തി എന്നതും വലിയ പ്രശ്‌നമായിരുന്നു. പലപ്പോഴും ദേഷ്യപ്പെടേണ്ട അവസരങ്ങളുണ്ടായിട്ടും ക്ഷമയോടെയും സ്‌നേഹത്തോടെയുമാണ് ഉണ്ണി സാർ പെരുമാറിയത്. തിരക്കഥാ രചനയിൽ അതൊരു വലിയ സഹായമായിരുന്നു.

കഥാ പശ്ചാത്തലം?
സമത്വത്തിലേയ്ക്കും സ്വാതന്ത്ര്യത്തിലേയ്ക്കും യാത്ര ചെയ്യാനാഗ്രഹിക്കുന്ന ഒരു പെൺകുട്ടിയുടെ ജീവിതമാണ് വാങ്കിന് ആധാരം. സ്ത്രീക്കും പുരുഷനും തുല്യ അവകാശമുണ്ടെന്ന ധ്വനി കൂടിയുണ്ട് ഈ ചിത്രത്തിൽ. കഥാകൃത്ത് കോട്ടയം പശ്ചാത്തലമാക്കിയാണ് എഴുതിയതെങ്കിൽ സിനിമയിൽ അത് മലബാറിലാണ് നടക്കുന്നത്. മലബാറിൽ ജനിച്ചുവളർന്നതുകൊണ്ട് സിനിമയിൽ പരാമർശിക്കുന്ന വിഷയം എന്നെ സംബന്ധിച്ചിടത്തോളം പുതുമയുള്ളതായിരുന്നില്ല. എന്നാൽ കാവ്യയ്ക്ക് ഇതൊന്നുമറിയുമായിരുന്നില്ല. ബംഗളൂരുവിലാണ് അവൾ ജനിച്ചുവളർന്നത്. മലബാറിലെ ഒരു ഉൾനാടൻ ഗ്രാമത്തിലെ സംസ്‌കാരം, സംസാരരീതി, സുരക്ഷിതത്വമില്ലായ്മ... ഇതൊന്നുമറിയാതെ ഇത്തരമൊരു വിഷയം കൈകാര്യം ചെയ്യുക എളുപ്പമല്ല. എന്നാൽ കാവ്യ ഏറെ പരിശ്രമിച്ച് ഇവയെല്ലാം പഠിച്ചെടുത്തു. സംവിധായിക എന്ന നിലയിൽ കാവ്യയ്ക്ക് രണ്ടു വർഷത്തെ പ്രയത്‌നം ഈ ചിത്രത്തിനു പിറകിലുണ്ട്.

 

സ്ത്രീപക്ഷ സിനിമ?
തിരക്കഥയും സംവിധാനവും സ്ത്രീകളാണെന്നു കരുതി ഇതൊരു സ്ത്രീപക്ഷ സിനിമയല്ല. മനുഷ്യരുടെ കഥയാണിത്. ഒരു സമൂഹത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണ്. വലിയൊരു കൂട്ടായ്മ ഈ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. അവരുടെയെല്ലാം ചിത്രമാണിത്.

എഴുത്തുകാരി എന്ന ലേബൽ?
നൃത്തമാണ് എന്റെ ജീവൻ. എന്നാൽ അതിൽ മാത്രമായി ഒതുങ്ങിക്കൂടാൻ ആഗ്രഹിക്കുന്നില്ല. ചിത്രരചനയും ശിൽപ നിർമാണവുമെല്ലാം കൂട്ടിനുണ്ട്. സിനിമ എഴുതണമെന്നു തോന്നിയപ്പോൾ അതിനായുള്ള ശ്രമം തുടങ്ങി. നിരവധി സിനിമകൾ കണ്ടും തിരക്കഥകൾ വായിച്ചുമാണ് ആ ട്രാക്കിലേയ്ക്ക് കടന്നുവന്നത്. സിനിമാ മേഖലയിലെ സുഹൃത്തുക്കൾ വഴികാട്ടികളായി. കഥാപാത്രങ്ങളുടെ കാര്യത്തിലും കഥയിലെ വഴിത്തിരിവുകളെക്കുറിച്ചുമെല്ലാം മനസ്സിലാക്കിത്തന്നത് അവരാണ്. ലാൽജോസ് സാറിനുവേണ്ടി ഒരു തിരക്കഥ ഒരുക്കാനുള്ള ശ്രമത്തിനിടയിലാണ് വാങ്കിലേയ്ക്കുള്ള ക്ഷണമെത്തുന്നത്. അടുത്ത ലക്ഷ്യം ലാൽജോസ് സാറിന്റെ തിരക്കഥ പൂർത്തിയാക്കലാണ്.

അഭിനയവും വഴങ്ങും?
അനശ്വര രാജൻ വേഷംപകരുന്ന റസിയയുടെ ഉമ്മയായ ജാസ്മിനായാണ് ചിത്രത്തിലെത്തുന്നത്. മകൾ നിലാവും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. റസിയയുടെ ബാല്യകാലമാണ് നിലാവ് അവതരിപ്പിക്കുന്നത്. കാക്കനാട് രാജഗിരി സ്‌കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് നിലാവ്.


പ്രേക്ഷകരോട്?
എല്ലാവരും ഈ ചിത്രം കാണണമെന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്. ഏറ്റവും പരിമിതമായ ചുറ്റുപാടിൽനിന്നുകൊണ്ടാണ് ഈ ചിത്രമൊരുക്കിയുട്ടുള്ളത്. ഞങ്ങൾ രണ്ടു പെൺകുട്ടികളാണ്. അതും അധികം ആളുകൾ പറയാത്തൊരു കഥ. വലിയ താരങ്ങളൊന്നുമില്ല. നിർമാതാക്കളും വലിയ വെല്ലുവിളിയാണ് ഏറ്റെടുത്തിരിക്കുന്നത്. ഇതുപോലുള്ള സിനിമകൾ ഇനിയും നിർമിക്കാൻ മറ്റുള്ളവർക്കും പ്രചോദനമാകണമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. 

 

Latest News