ന്യൂദല്‍ഹി- ലൂഡോ കളിക്കുന്നതിനിടെ ചുമച്ചതിനെ തുടര്‍ന്ന് കൊറോണ ചുമയെന്ന് കളിയാക്കിയ യുവാവിനുനേരെ സുഹൃത്ത് വെടിവെച്ചു. കാലിന് വെടിയേറ്റ യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.
ഗ്രേറ്റര്‍ നോയിഡയിലെ ഗൗതം ബുദ്ധ് നഗറില്‍ ക്ഷേത്രവളപ്പിലാണ് സംഭവം. കളിക്കുന്നതിനിടെ യുവാവ് നിര്‍ത്താതെ ചുമച്ചു. ഇതോടെ കൊറോണ പരത്താന്‍ ശ്രമിക്കുകയാണോ എന്നു സുഹൃത്ത് ചോദിച്ചതാണ് വാക്കുതര്‍ക്കത്തിലും വെടിവെപ്പിലും കലാശിച്ചത്. കൊറോണ ചുമയെന്ന് കളിയാക്കിയതോടെ യുവാവ് പ്രകോപിതനായെന്നും ഇതാ കൊറോണ പിടിച്ചോ എന്നു പറഞ്ഞുകൊണ്ട് സുഹൃത്ത് കൈയിലുണ്ടായിരുന്ന തോക്കെടുത്ത് വെടിയുതിര്‍ത്തുവെന്നും പറയുന്നു. വെടിയൊച്ച കേട്ട് സമീപത്തുനിന്ന് ആളുകള്‍ ഓടിക്കൂടിയിരുന്നു. ജയ് വീറിനാണ് വെടിയേറ്റതെന്നും പ്രതി പ്രശാന്ത് രക്ഷപ്പെട്ടുവെന്നും പോലീസ് കമ്മീഷണര്‍ പറഞ്ഞു.
ജയ് വീര്‍ ഗ്രേറ്റര്‍ നോയിഡയിലെ കൈലാശ് ആശുപത്രിയില്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.






