സൈക്കിളിൽ രാജ്യം ചുറ്റാനിറങ്ങിയ ദീപു ആംബുലൻസിൽ നാട്ടിലെത്തി

ദീപു ചെങ്ങളത്തെ വസതിയിൽ വീട്ടുകാർക്കൊപ്പം.

കോട്ടയം- പ്രകൃതി സംരക്ഷണ സന്ദേശവുമായി സൈക്കിളിൽ രാജ്യം ചുറ്റാനിറങ്ങിയ യുവാവ് ലോക്ഡൗണിൽ കുടുങ്ങി. ഒടുവിൽ ആംബുലൻസിൽ നാട്ടിലേക്ക് മടങ്ങി. ചെങ്ങളം മാടപ്പത്തറ ദീപു കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനാണ് യാത്ര തുടങ്ങിയത്. 5200 കിലോമീറ്റർ സൈക്കിൾ ചവിട്ടി മാർച്ച് എട്ടിന് ഹിമാചൽ പ്രദേശിൽ എത്തി. തിരികെ ട്രെയിൻ മാർഗം നാട്ടിലേക്ക് വരാനായിരുന്നു പരിപാടി. പക്ഷെ മടക്ക യാത്രയിൽ ലോക്ഡൗണിൽപ്പെട്ടു. ഇതോടെ യാത്ര മുറിഞ്ഞു. പിന്നെ നാട്ടിലെത്താനുള്ള തത്രപ്പാടായി. ലോറികളിലും കിട്ടിയ വാഹനങ്ങളിലും യാത്ര തുടർന്നു. ഇടയ്ക്ക് സൈക്കിൾ ചവിട്ടി. പല സംസ്ഥാനങ്ങളും താണ്ടി പാലക്കാട് ചെറുപ്പള്ളശ്ശേരിയിൽ എത്തി. ഇവിടെ വെച്ച് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിച്ചു.


നിരീക്ഷണ സമയത്തിന് ശേഷം നാട്ടിലേ്ക്ക് മടങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ അധികൃതരെ സമീപിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിഷയം അറിയിച്ചു. അദ്ദേഹം പാലക്കാട് കലക്ടറുമായി സംസാരിച്ചു. തുടർന്ന് തടസ്സം കൂടാതെ ദീപുവിനു നാട്ടിലേക്കുള്ള യാത്രയ്ക്ക് ആംബുലൻസ് ഏർപ്പാടു ചെയ്തു കൊടുത്തു. 14 ദിവസത്തെ ഐസൊലേഷനും യാത്രയ്ക്കും ശേഷം ഇന്നലെയാണ് ദീപു ചെങ്ങളത്തെ വസതിയിലെത്തിയത്.

 

 

Latest News