കോഴിക്കോട്ട് മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് - ജില്ലയിൽ ഇന്നലെ മൂന്ന് പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. അഴിയൂർ സ്വദേശിയായ 42 കാരനാണ് ഒരാൾ. മാഹിയിൽ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ സമ്പർക്ക പട്ടികയിലുള്ള ആളാണ്. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണ്. അദ്ദേഹത്തിന്റെ വീട്ടിലുള്ളവരുടെയും കൂടുതൽ സമ്പർക്കത്തിലുള്ളവരുടെയും സാമ്പിൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇവരെല്ലാം കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലാണ്. 
ഇന്നലെ രോഗബാധ സ്ഥിരീകരിച്ച എടച്ചേരി സ്വദേശികളായ മറ്റു രണ്ടു പേരിൽ ഒരാൾ മാർച്ച് 18ന് ദുബായിൽ നിന്ന് വന്നതാണ്. 35 വയസ്സുണ്ട്. ഇദ്ദേഹത്തിന്റെ പിതാവ് ഏപ്രിൽ 11 ന് പോസിറ്റീവ് ആയതിനെ തുടർന്ന് കുടുംബാംഗങ്ങളെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. തുടർന്ന് നടത്തിയ ടെസ്റ്റിലാണ് ഇദ്ദേഹം പോസിറ്റീവ് ആയത്. മൂന്നാമത്തെയാൾ ഇതേ വീട്ടിൽ തന്നെയുള്ള 19 കാരിയാണ്. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള എല്ലാവരുടെയും നില തൃപ്തികരമാണ്.


ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച കോഴിക്കോട് ജില്ലക്കാരുടെ ആകെ എണ്ണം 16 ആയി. ഇവരിൽ ഏഴു പേർ രോഗമുക്തി നേടി ആശുപത്രി വിട്ടതിനാൽ ഒമ്പതു പേരാണ് ചികിത്സയിൽ തുടരുന്നത്. ഇതുകൂടാതെ രോഗം സ്ഥിരീകരിച്ച നാല് ഇതര ജില്ലക്കാരിൽ രണ്ട് കാസർകോട് സ്വദേശികളും രോഗമുക്തരായി ആശുപത്രി വിട്ടു. രണ്ട് കണ്ണൂർ സ്വദേശികൾ ചികിത്സയിലുണ്ട്.
ജില്ലയിൽ ഇന്നലെ 1167 പേർ കൂടി വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.ജയശ്രീ അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവരുടെ ആകെ എണ്ണം 6453 ആയി. നിലവിൽ 16,240 പേർ നിരീക്ഷണത്തിലുണ്ട്. ഇന്നലെ പുതുതായി വന്ന അഞ്ച് പേരടക്കം ആകെ 29 പേരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. നാല് പേരെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.


ഇന്നലെ 19 സ്രവ സാംപിൾ പരിശോധനയ്ക്കയച്ചു. ഇതുവരെ ആകെ 556 സാംപിളുകൾ അയച്ചതിൽ 532 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 512 എണ്ണം നെഗറ്റീവ് ആണ്. 16 കോഴിക്കോട് ജില്ലക്കാരും നാല് ഇതര ജില്ലക്കാരുമടക്കം ആകെ 20 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 24 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.  
സംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെൽപ് ലൈനിലൂടെ 11 പേർക്ക് ഇന്നലെ കൗൺസലിംഗ് നൽകി. കൂടാതെ 35 പേർക്ക് ഫോണിലൂടെ സേവനം നൽകി. ജില്ലയിൽ 4465 സന്നദ്ധ സേവന പ്രവർത്തകർ 8865 വീടുകൾ സന്ദർശിച്ച് ബോധവൽക്കരണം നടത്തി. സോഷ്യൽ മീഡിയയിലൂടെ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടർന്നുവരുന്നു. 

 

Latest News