പാനൂരില്‍ വിദ്യാര്‍ത്ഥിനിക്ക് പീഡനം; ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പോലിസിനെതിരെ നടപടിയെന്ന് മന്ത്രി കെ കെ ശൈലജ

കണ്ണൂര്‍- പാനൂരില്‍ നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ബിജെപി മണ്ഡലം പ്രസിഡന്റായ അധ്യാപകന്‍ പീഡിപ്പിച്ച സംഭവത്തില്‍ പോലിസിന്റെ അനാസ്ഥക്ക് എതിരെ ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ്മന്ത്രി കെ കെ ശൈലജ. പ്രതിയെ അറസ്റ്റ് ചെയ്യാത്ത പോലിസ് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കുകയാണെന്ന് മന്ത്രി ആരോപിച്ചു. ഇക്കാര്യം ഡിജിപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം ബിജെപി നേതാവും പ്രതിയുമായ പത്മരാജനെ അറസ്റ്റ് ചെയ്യാമെന്ന് അറിയിച്ചിരുന്ന തലശേരി ഡിവൈഎസ്പി ഇപ്പോള്‍ ഉരുണ്ട് കളിക്കുകയാണ്.

പീഡനക്കേസില്‍ പ്രതിക്ക് എതിരെ നടപടിയുണ്ടായില്ലെങ്കില്‍ പോലിസിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പാനൂരിലാണ് നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകനായ പത്മരാജന്‍ ലൈംഗികമായി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ മാതാവ് പോലിസില്‍ പരാതി നല്‍കി ഒരു മാസം പിന്നിടുമ്പോഴും പത്മരാജന്റെ സ്വാധീനം കണക്കിലെടുത്ത് പോലിസ് അറസ്റ്റ് ചെയ്യാതെ വൈകിപ്പിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മറ്റി അധ്യക്ഷനാണ് പ്രതിയായ പത്മരാജന്‍. സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് കുട്ടിയെ പീഡിപ്പിച്ചതായി സഹപാഠിയും പോലിസിന് മൊഴി നല്‍കിയിരുന്നു.
 

Latest News