മലപ്പുറം- കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയിൽ ആശുപത്രിയിൽ കഴിയുന്നത് 23 പേർ മാത്രം. ഇവർ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിലാണ്. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ ഇന്നലെ മുതൽ 20 പേർക്കു കൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 12,189 ആയതായി ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു. 632 പേരെ ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം വീടുകളിലെ പ്രത്യേക നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. 12,102 പേരാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 64 പേർ കോവിഡ് കെയർ സെന്ററുകളിലും സ്വയം നിരീക്ഷണത്തിൽ കഴിയുന്നു.
ജില്ലയിൽ ഇപ്പോൾ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. 19 പേർക്കാണ് ഇതുവരെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ എട്ട് പേർ വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തരായി ആശുപത്രി വിട്ടു. ഇതുവരെ 1405 പേർക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 23 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
കോവിഡ് 19 മുൻകരുതൽ പ്രവർത്തനങ്ങൾ ജില്ലയിൽ കർശനമായി തുടരുകയാണെന്ന് ജില്ലാ കലക്ടർ പറഞ്ഞു. വാർഡ് തലങ്ങളിൽ ദ്രുതകർമ സംഘങ്ങളുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നവരുള്ള 5232 വീടുകൾ ദ്രുതകർമ സംഘങ്ങൾ സന്ദർശിച്ച് ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കൈമാറി. ഇതിനൊപ്പം നിരീക്ഷണത്തിലുള്ളവർ പൊതു സമ്പർക്കം പുലർത്തുന്നുണ്ടോയെന്നും സംഘം നിരീക്ഷിച്ചു വരികയാണ്. 2194 സ്ക്വാഡുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്.
കോവിഡ് വ്യാപനം തടയാനുള്ള പ്രവർത്തനങ്ങൾ ജില്ലാതല കൺട്രോൾ സെല്ലിന്റെ ആഭിമുഖ്യത്തിൽ തുടരുകയാണ്. ഇന്നലെ 64 പേർ കൺട്രോൾ സെല്ലുമായി ഫോണിൽ ബന്ധപ്പെട്ടു. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 206 പേരുമായി വിദഗ്ധ സംഘം ഫോൺ വഴി ബന്ധപ്പെട്ടു. ഒമ്പത് പേർക്ക് കൗൺസലിംഗ് നൽകി.
നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലുള്ള മുതിർന്ന പൗരന്മാർക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള 555 മുതിർന്ന പൗരന്മാരെ ഇന്നലെ പാലിയേറ്റീവ് നഴ്സുമാർ വഴി കണ്ടെത്തി ആരോഗ്യ ജാഗ്രതാ നിർദേശങ്ങൾ കൈമാറി. പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഇതിനായി 26 പേരുമായി കൺട്രോൾ സെല്ലിൽ നിന്ന് കോൺടാക്ട് ട്രെയ്സിംഗ് വിഭാഗം ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.






