ഖത്തറിൽനിന്നെത്തിയ യുവാവിന്റെ റൂട്ട്മാപ്പ് പുറത്തു വിട്ടു; ഒപ്പം യാത്ര ചെയ്തവരും കുടുംബാംഗങ്ങളും പട്ടികയിൽ 

പാലക്കാട്- കോവിഡ്19 സ്ഥിരീകരിച്ച ചാത്തന്നൂർ ഇട്ടോണം സ്വദേശിയുടെ റൂട്ടമാപ്പ് പുറത്തുവിട്ടു. മാർച്ച് 22 ന് കരിപ്പൂർ വിമാനത്താവളം വഴി നാട്ടിലെത്തിയ ഈ 32 കാരൻ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങളെല്ലാം അതേപടി അനുസരിച്ച് വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. എന്നാൽ സഹയാത്രികരായ നിരവധി പേർ സമ്പർക്കപ്പട്ടികയിലുണ്ട്. മലബാറിന്റെ വിവിധ ഭാഗങ്ങളിലായി പരന്നു കിടക്കുന്ന അവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.


പത്തു വർഷമായി ഗൾഫിൽ ജോലി ചെയ്തുവരുന്ന ഇട്ടോണം സ്വദേശി മാർച്ച് 21 ന് വൈകിട്ട് ഖത്തറിൽ നിന്ന് ദോഹ-മസ്‌കറ്റ് ഡബ്ല്യൂ.വൈ 662 നമ്പർ ഫ്‌ളൈറ്റിൽ മസ്‌കത്തിലെത്തി. 51 നമ്പർ വിന്റോ സൈഡ് സീറ്റ് ആയിരുന്നു. ആറു മണിക്കൂറിലധികം മസ്‌കത്ത് വിമാനത്താവളത്തിൽ ചെലവഴിച്ചു. അവിടെ നിന്ന് ഡബ്ല്യൂ.വൈ 297 നമ്പർ ഫ്‌ളൈറ്റിൽ യാത്ര ചെയ്താണ് മാർച്ച് 22 ന് രാവിലെ ഏഴിന് കരിപ്പൂരിൽ വന്നിറങ്ങിയത്. 18എഫ് നമ്പർ വിന്റോ സൈഡ് സീറ്റായിരുന്നു. ഒന്നേക്കാൽ മണിക്കൂറോളം വിമാനത്താവളത്തിൽ ചെലവഴിക്കേണ്ടി വന്നു. വിമാനത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്തായ കോഴിക്കോട്ടുകാരനെ കൈ കൊടുത്ത് യാത്രയാക്കി. തുടർന്ന് ഷെയർ ടാക്‌സിയിൽ നാട്ടിലേക്ക്. സുഹൃത്തിനെ പൊന്നാനിയിലെ വീട്ടിൽ ഇറക്കിയ ശേഷം രാവിലെ ഒമ്പതു മണിയോടെ ഇട്ടോണത്തെ വീട്ടിൽ എത്തി. കൂടെയുണ്ടായിരുന്ന മറ്റൊരു വ്യക്തിയേയും കൊണ്ട് ടാക്‌സി കൂറ്റനാട്ടേക്ക് പോകുകയും ചെയ്തു. അത് യുവാവിന് പരിചയമുള്ള ആളായിരുന്നില്ല. കരിപ്പൂരിൽ നിന്നുള്ള യാത്രക്കിടയിൽ മറ്റെവിടെയും കാറ് നിർത്തിയിട്ടില്ല.  


ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ അനുസരിച്ച് വീട്ടിൽ ക്വാറന്റൈനിൽ പ്രവേശിച്ച യുവാവിന് 24 ന്  തൊണ്ടവേദന ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടു. പിതാവ് തിരുമിറ്റക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്ത് മരുന്ന് വാങ്ങിക്കൊണ്ടു പോയി. മാർച്ച് 26 ന് മൂത്രത്തിൽ ഇൻഫെക്ഷൻ വന്നപ്പോഴും പിതാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി മരുന്ന് വാങ്ങി. ഏപ്രിൽ 11 നാണ് യുവാവിനെ ആംബുലൻസിൽ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്കെത്തിച്ച് സ്രവം പരിശോധനക്ക് എടുക്കുന്നത്. രോഗം സ്ഥിരീകരിച്ചതോടെ ഈ വ്യക്തിയെ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. 
ഖത്തറിൽ നിന്ന് യുവാവിനൊപ്പം നാട്ടിലേക്ക് യാത്ര ചെയ്തവരും ടാക്‌സി ഡ്രൈവറും കുടുംബാംഗങ്ങളും മാത്രമാണ് പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉള്ളത്. നാട്ടിലെത്തിയതിന്റെ രണ്ടാം ദിവസം തന്നെ ശാരീരികമായ അസ്വസ്ഥതകൾ വ്യക്തമായിട്ടും സ്രവം പരിശോധനക്ക് അയക്കാൻ രണ്ടാഴ്ചയിലധികം വൈകിയത് എന്തുകൊണ്ടാണെന്ന് കൃത്യമായി വിശദീകരിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്ന് വീഴ്ച സംഭവിച്ചതായി വിമർശനങ്ങൾ ഉയരുന്നുണ്ട്. 


 

Latest News