Sorry, you need to enable JavaScript to visit this website.

ആശുപത്രിയിലെ കൂടിക്കാഴ്ച 

വീട്ടുജീവിതത്തിലെ വിശേഷങ്ങൾ അറിയിക്കാനും അറിയാനും പലരെയും പോലെ മൽബുവും ഫോൺ വിളി കൂട്ടിയിട്ടുണ്ട്. മുമ്പത്തെ പോലെയല്ല, കിന്നാരം കേൾക്കാൻ ഇപ്പോൾ മൽബിയും നിന്നു തരുന്നു. മക്കൾ വരുന്നുണ്ട്, ബാപ്പ വരുന്നുണ്ട്, വേറെ പണിയുണ്ട് എന്നൊന്നും പറഞ്ഞ് വീഡിയോ കോൾ കട്ടാക്കുന്നില്ല. 
ഇതൊക്കെ പ്രവാസികളെ മന്ത്രിമാർ പോലും ആശ്വസിപ്പിക്കുന്നതിന്റെ ഇഫക്ടാണെന്നാണ് മുറിയിലെ മറ്റുള്ളവരുടെ അഭിപ്രായം. അതെന്തായാലും കൊറോണക്കു മുമ്പും ശേഷവുമുള്ള ഫോൺ വിളികൾ എന്തുകൊണ്ടും ഒരുപോലെയല്ല. 
കഴിഞ്ഞ ദിവസം വീഡിയോ കോളിനിടയിൽ മൽബിയുടെ പ്രഖ്യാപനം: 
കൊറോണയുടെ മരുന്ന് കണ്ടുപിടിക്കും. 
അതിനു ലോകം മുഴുവൻ ശ്രമിച്ചുകൊണ്ടിരിക്കയാണല്ലോ?
അതല്ല, ഞാൻ കണ്ടുപിടിക്കേണ്ടി വരും: മൽബി.
ഓ.. ഉപ്പാപ്പയുടെ പിൻമുറക്കാരിയാകും എന്നാണോ?
ഔഷധങ്ങളും ഇലകളും തേടിനടന്നയാളായിരുന്നു മൽബിയുടെ ഉപ്പാപ്പ. നാട്ടിൽ അറിയപ്പെട്ടിരുന്ന വൈദ്യൻ. ഒരിക്കലും അലോപ്പതി മരുന്ന് കഴിക്കാതെ ഈ ലോകത്തോട് വിട പറഞ്ഞയാൾ. 
നീ ശ്രമിക്കണം. ആർക്കറിയാം. അതൊരു ചരിത്ര സംഭവമാകും. ശ്രമം തുടങ്ങിയെന്ന് അറിയിച്ചാൽ ഇപ്പോൾ തന്നെ ടി.വിയിൽ വരും. വാട്‌സാപ്പിൽ ഒരു പ്രഖ്യാപനമെങ്കിലും നടത്തണം.
ഞാൻ മരുന്ന് കണ്ടുപിടിക്കുമെന്നല്ല, കണ്ടുപിടിച്ചില്ലെങ്കിൽ ഞാൻ ഇവിടെ കിടന്ന് മരിക്കുമെന്നാണ് പറഞ്ഞത്.
അതെന്താ..
നിങ്ങളുടെ മക്കളുടെ കളിയും നിർത്താൻ പറ്റുന്നില്ല, അവരുടെ വിശപ്പും നിർത്താൻ പറ്റുന്നില്ല. അതുകൊണ്ട് കൊറോണ മരുന്ന് കണ്ടുപിടിച്ചേ പറ്റൂ.
വിശപ്പോ?
അതെ, വീട്ടിൽ അടിച്ചിട്ടിരിക്കയാണെങ്കിലും അവർക്കൊക്കെ ഇപ്പോൾ ഭയങ്കര തീറ്റയാണ്. ഓരോ ദിവസവും തിന്നാൻ ഓരോരോ സാധനങ്ങൾ ഉണ്ടാക്കണം. യുട്യൂബിൽ നോക്കി ഓരോന്നു കണ്ടുപിടിക്കും. ചൈനീസ് മുതൽ ഇറ്റാലിയൻ വരെ. ഉണ്ടാക്കി കൊടുത്തില്ലെങ്കിൽ അവർ കിച്ചണിലേക്കിറങ്ങും. 
മൽബു കുലുങ്ങി ചിരിക്കുന്നതിനിടയിലാണ് ഉസ്മാന്റെ വരവ്.
മുറിയിലെ ഒരാളെ ആശുപത്രിയിൽ കൊണ്ടുപോകണം. പെർമിഷനൊക്കെ റെഡിയാണ്. ചെറിയ പനിയാണെങ്കിലും ശ്രദ്ധിക്കാതെ വിടരുതല്ലോ. 
മൽബുവിനെയും രോഗിയെയും ഉസ്മാൻ ആശുപത്രിയിലേക്ക് യാത്രയാക്കി.
പേരുകേട്ട ആശുപത്രിയിൽ പ്രശസ്തനായ ഡോക്ടറെ തന്നെയാണ് കാണാൻ പോകുന്നത്. അവിടെ എത്തിയപ്പോൾ രോഗിയുടെയും മൽബുവിന്റെയും ടെംപറേച്ചർ നോക്കി. മൽബുവിന് കുഴപ്പമില്ലെങ്കിലും രോഗിയെ മാത്രമേ അകത്തേക്ക് കടത്തിവിട്ടുള്ളൂ. മൽബുവിനോട് കാറിലിരിക്കാൻ പറഞ്ഞു. ആശുപത്രിയിൽ ഏർപ്പെടുത്തിയ സെറ്റപ്പിൽ മൽബുവിന് മതിപ്പ് തോന്നി. അകലം പാലിക്കുന്നതിനുള്ള എല്ലാ ഏർപ്പാടുകളുമുണ്ട്. ഒരു ചെയറിന്റെ അടുത്ത ചെയറിൽ ആളുകൾ ഇരിക്കാതരിക്കാൻ ടാപ്പ് ഒട്ടിച്ചിരിക്കുന്നു.
കാറിൽ ഇരുന്നപ്പോൾ മൽബു ഓർക്കുകയായിരുന്നു.
ഈ ഡോക്ടറെ കാണാൻ അവസരം കിട്ടാതിരുന്നതും ഭാഗ്യം തന്നെ. അയാളെ മുഖാമുഖം കണ്ടാൽ എന്തായാലും ചിരി വരും. ഓർക്കുമ്പോൾ തന്നെ ചിരിയടക്കാൻ പ്രയാസം.
ഒന്നാം പ്രവാസത്തിലായിരുന്നു ആ സംഭവം. നാട്ടിൽനിന്നെത്തിയ ഒരാൾക്ക് ഇഖാമയും ഇൻഷുറൻസും ശരിയായിട്ടില്ല. അതിനിടയിൽ കലശലായ തൊണ്ടവേദന. അക്കാലത്ത് ആശുപത്രികളും ഇൻഷുറൻസ് കമ്പനികളും ആൾമാറാട്ടം പിടികൂടുന്നതിന് നടപടികൾ ശക്തമാക്കി വരുന്നേയുള്ളൂ. വേണമെങ്കിൽ സ്വന്തം ഇൻഷുറൻസ് കാർഡ് വേറൊരാൾക്ക് കൊടുത്ത് അയാളെ ഡോക്ടറെ കാണാൻ വിടാം.
മൽബു ആ റിസ്‌കിനു നിന്നില്ല. പകരം അയാളോട് രോഗ വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞ ശേഷം രോഗിയുടെ വേഷം കെട്ടി മൽബു തന്നെ ഡോക്ടറെ കാണാൻ പോകുകയായിരുന്നു. കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞ ശേഷം വായക്കകത്തേക്ക് ടോർച്ചടിച്ച് നോക്കിയ ഡോക്ടർ പറഞ്ഞു: 
ഇന്നു തന്നെ വന്നതു നന്നായി. തൊണ്ടയിൽ നല്ല പഴുപ്പുണ്ട്. ഒരാഴ്ച ആന്റിബയോട്ടിക് കഴിക്കണം. പേടിക്കാനൊന്നുമില്ല, കാലാവസ്ഥാ മാറ്റത്തിന്റേതാണ്. നല്ല പൊടിയല്ലേ.. 
മൽബു ഡോക്ടറുടെ കണ്ണുകളിലേക്ക് തന്നെ നോക്കി. 
മരുന്ന് കഴിച്ച് ഒരാഴ്ച കൊണ്ട് കൂട്ടുകാരന് സുഖമായെങ്കിലും നാട്ടിലും ഗൾഫിലും പ്രശസ്തനായ ഡോക്ടറുടെ പേരു കേൾക്കുമ്പോൾ മൽബു ഇപ്പോഴും ചിരിക്കുകയും അറിയാതെ സ്വന്തം തൊണ്ട തടവിപ്പോകുകയും ചെയ്യും.
 

Latest News