കണ്ണൂർ- കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് ഡോക്ടർ ദമ്പതികളുടെ പിറന്നാൾ സമ്മാനം. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പലും ശിശുരോഗ വിഭാഗത്തിലെ മുൻ മേധാവിയും എമർജൻസി മെഡിസിൻ വിഭാഗത്തിലെ പ്രൊഫസറും ആയ ഡോ. സുധാകരന് തന്റെ പത്നി കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ അനാറ്റമി വിഭാഗത്തിലെ ഡോ. ശ്രീമതിയുടെ ഇത്തവണത്തെ പിറന്നാൾ ദിനാഘോഷം കൊറോണ രോഗികൾക്ക് വേണ്ടി ദിനരാത്രങ്ങൾ ചെലവഴിക്കുന്ന തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകർക്കും വിദ്യാർഥികൾക്കും കൈത്താങ്ങാക്കി മാറ്റാൻ രണ്ടു വട്ടം ചിന്തിക്കേണ്ടി വന്നില്ല.
ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് കൊറോണ എന്ന മഹാമാരിയെ തടയിടാൻ ഒരു ലക്ഷം രൂപയുടെ എൻ 95 മാസ്കുകൾ സംഭാവന ചെയ്താണ് ഡോക്ടർ ദമ്പതികൾ മാതൃകയായത്. കാസർകോട് തൃക്കരിപ്പൂർ സ്വദേശികളാണ് ഡോ. സുധാകരനും പത്നി ഡോ. ശ്രീമതിയും. ദീർഘകാലമായി കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ഇവർ സേവനം അനുഷ്ഠിച്ചുവരികയാണ്. കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ ഡോ എൻ. റോയ് ഡോ. ശ്രീമതിയുടെ കൈയിൽനിന്ന് മാസ്കുകൾ ഏറ്റുവാങ്ങി. വൈസ് പ്രിൻസിപ്പൽ ഡോ. രാജീവ് എസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. സുദീപ് കെ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് ഡി.കെ, എമർജൻസി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറും കാഷ്വാലിറ്റി ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമായ ഡോ. വിമൽ റോഹൻ, എ.ആർ.എം.ഒ ഡോ. മനോജ് കുമാർ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഡോ.ബിന്ദു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.






