Sorry, you need to enable JavaScript to visit this website.

മസ്‌കത്ത് കോവിഡ് പരിശോധന കേന്ദ്രങ്ങളില്‍ വന്‍ തിരക്ക്

മസ്‌കത്ത്- ലോക്ഡൗണ്‍ തുടരുന്ന മസ്‌കത്ത് മത്രയിലെ കോവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ പ്രവാസികളുടെ വന്‍ തിരക്ക്. മലയാളികളടക്കമുള്ള തൊഴിലാളികളും മറ്റും ധാരാളമായി ഇവിടെ എത്തുന്നു. തിരക്കു കണക്കിലെടുത്ത് വിപുല ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കോവിഡ് ലക്ഷണമുള്ളവരെ മാത്രമാണ് പരിശോധിക്കുക. പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടല്‍ എന്നിവയുള്ളവര്‍ പരിശോധന നടത്തണം.

മത്ര സബ്‌ലയിലും പോലീസ് സ്‌റ്റേഷനു സമീപമുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലുമാണ് കോവിഡ് പരിശോധനയ്ക്കു സൗകര്യം. ദിവസവും രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് പരിശോധന. അവധി ദിവസങ്ങളിലടക്കം പരിശോധന നടത്താം. ഒമാനില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ മത്രയിലാണ്. മലയാളികളടക്കം ഇന്ത്യക്കാരായ ഒട്ടേറെ ചെറുകിടഇടത്തരം സ്ഥാപന ഉടമകളും ജീവനക്കാരുമുള്ള മേഖലയാണിവിടം. മത്ര വിലായത്തില്‍ ഈ മാസം ഒന്നിന് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ അടിയന്തര സാഹചര്യം കണക്കിലെടുത്ത് മസ്‌കത്ത് ഗവര്‍ണറേറ്റിലാകെ നടപ്പാക്കിയിരിക്കുകയാണ്. 22 വരെയാണിതെങ്കിലും തുടര്‍ന്നേക്കാം. മത്രയ്ക്കു പുറമേ മസ്‌കത്ത്, ബൗഷര്‍, സീബ്, ആമറാത്, ഖുറിയാത്ത് വിലായത്തുകളിലാണ് ലോക്ഡൗണ്‍ ഉള്ളത്.

 

Latest News