കേരളത്തില്‍ മൂന്ന് പേര്‍ക്ക് കൂടി കൊറോണ; ചികിത്സയിലുള്ളത് ആകെ 178 പേര്‍


തിരുവനന്തപുരം- കേരളത്തില്‍ മൂന്ന് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍ ജില്ലയില്‍ രണ്ട് പേരും പാലക്കാട് ജില്ലയില്‍ ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരാള്‍ വിദേശത്ത് നിന്ന് വന്നതാണെന്നും രണ്ട് പേര്‍ക്ക് സമ്പര്‍ക്കമാണ് വൈറസ് ബാധക്ക് കാരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് മാത്രം 19 പേര്‍ക്ക് വൈറസ് പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്.ഇപ്പോള്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത് 178 പേര്‍ മാത്രമാണ്.  കൊറോണ കേസുകള്‍ കുറയുന്നുണ്ടെങ്കിലും ജാഗ്രതയില്‍ കുറവുവരുത്താന്‍ പാടില്ലെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ആള്‍ക്കൂട്ടവും അശ്രദ്ധയും അത്യാപത്താണ് വിളിച്ചുവരുത്തുക.അതുകൊണ്ട് തന്നെ വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.പ്രവാസികളെ എത്രയും പെട്ടെന്ന് കേരളത്തിലെത്തിക്കണമെന്നാണ് ആഗ്രഹം. പ്രവാസികളുടെ പ്രശ്‌നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അവരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരികെ വരുന്നവരുടെ ടെസ്റ്റിങ് ,ക്വാറന്റൈന്‍ എന്നിവ സംസ്ഥാനസര്‍ക്കാര്‍ തന്നെ കൈകാര്യം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Latest News