മനാമ- ബഹ്‌റൈനില്‍ ഇതുവരെ കോവിഡ് പോസീറ്റീവ് ആയത് 524 പേര്‍ക്ക്. ഇതില്‍ 520 പേരുടേയും നില ഭദ്രമാണ്. നാലു പേരുടെ നില ഗുരുതരം. ആറ് മരണങ്ങളാണ് ഇതുവരെ രേഖപ്പെടത്തിയത്. 557 കേസുകള്‍ ചികിത്സിച്ച് ഭേദമാക്കി ഡിസ്ചാര്‍ജ് ചെയ്തു. ഇതുവരെ 63300 പേര്‍ക്ക് കോവിഡ് ടെസ്റ്റുകള്‍ നടത്തിയതായും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
രോഗബാധയേറ്റു ചികിത്സയിലായിരുന്ന ഒരാള്‍ വെള്ളിയാഴ്ച മരിച്ചതോടെയാണ് മരണം ആറായത്. ഇറാനില്‍ നിന്നെത്തിയ 63 കാരനാണ് വെള്ളിയാഴ്ച മരണമടഞ്ഞത്.
നിരവധി പേര്‍ രോഗമുക്തി നേടി ദിവസേന വിട്ടയക്കപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ കോവിഡ് 19 രോഗബാധയുമായി ബന്ധപെട്ടു ആശങ്കകള്‍ വേണ്ടെന്നും അതേസമയം ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രാലയ അധികൃതര്‍ അഭ്യര്‍ഥിച്ചു. ഇറാനില്‍ കുടുങ്ങിയിരുന്ന ബഹ്‌റൈനികളെ ആറു തവണയായി രാജ്യത്തെത്തിച്ചിരുന്നു. ഇതില്‍ ഒരാളാണ് മരിച്ചത്. ഇനിയും നൂറു കണക്കിന് ബഹ്്‌റൈനികള്‍ ഇറാനില്‍ കുടുങ്ങികിടക്കുന്നുണ്ട്. അവരെയും എത്രയും വേഗം രാജ്യത്തെത്തിക്കുവാനുള്ള നടപടികളിലാണ് അധികൃതര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബഹ്്‌റൈനികളെ രാജ്യത്തെത്തിക്കുവാന്‍ മെയ് 28 വരെയുള്ള ദിവസങ്ങളിലായി 18 ഫ്‌ളൈറ്റുകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.