മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ അതത് രാജ്യങ്ങള്‍ കൊണ്ടുപോകണം- യു.എ.ഇ

ദുബായ്- നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചു കൊണ്ടുപോകാന്‍ അതത്് രാജ്യങ്ങള്‍ തയാറാകണമെന്ന് യു.എ.ഇ. തിരിച്ചുകൊണ്ടുപോകാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ പുനഃപരിശോധിക്കുമെന്നും യു.എ.ഇ വ്യക്തമാക്കുന്നു.

സ്വന്തം പൗരന്മാരെ രാജ്യത്തേക്ക് തിരിച്ചു വിളിക്കുന്നില്ലെങ്കില്‍ അത്തരം രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ പുനഃപരിശോധിക്കുമെന്നും ഈ രാജ്യങ്ങള്‍ക്ക് അനുവദിച്ചിട്ടുളള വിസ ക്വാട്ടയില്‍ മാറ്റം വരുത്തുന്നത് ആലോചിക്കേണ്ടി വരുമെന്നും യു.എ.ഇ. മാനവ വിഭവശേഷിസ്വകാര്യവത്കരണ മന്ത്രാലയം വ്യക്തമാക്കുന്നു. അതേസമയം ഏതെങ്കിലും രാജ്യത്തിന്റെ പേര് മന്ത്രാലയം എടുത്തു പറഞ്ഞിട്ടില്ല.

ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളും ഇതിനോടകം തങ്ങളുടെ പൗരന്മാരെ തിരിച്ചു കൊണ്ടുപോയിക്കഴിഞ്ഞു. എന്നാല്‍ ഇന്ത്യ ഇനിയും പൗരന്മാരെ നാട്ടില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് യു.എ.ഇയിലുള്ളത്.

വിമാനക്കമ്പനികള്‍ ഇന്ത്യയിലേക്ക് ഷെഡ്യൂള്‍ഡ് സര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നു. ബുക്കിങ്ങും തുടങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ സാധ്യമായില്ല.

 

Latest News