Sorry, you need to enable JavaScript to visit this website.

കൊറോണക്കാലത്തിന് മുമ്പ് കാണികളുടെ മനം കീഴടക്കിയവർ

ആഴ്‌സനൽ കളിക്കാരുടെ വിജയാഘോഷം.
ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെതിരായ മത്സരത്തിൽ സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടതിൽ രോഷാകുലനായ അത്‌ലറ്റിക്കൊ മഡ്രീഡിന്റെ ഡിയേഗൊ കോസ്റ്റ വെള്ളക്കുപ്പികൾ ചവിട്ടിത്തെറിപ്പിക്കുന്നു. 
ഇറ്റാലിയൻ ഫുട്‌ബോളിൽ എ.സി മിലാനും യുവന്റസും തമ്മിലുള്ള മത്സരത്തിനിടെ സ്ലാറ്റൻ ഇബ്രഹിമോവിച്ചും ക്രിസ്റ്റിയാനൊ റൊണാൾഡോയും.
ഹാലാന്റ് യോഗാ ശൈലിയിൽ ഗോളാഘോഷിക്കുന്നു. 
ബൊക്ക കിരീടം നേടിയപ്പോൾ മറഡോണക്ക് മുത്തം നൽകി ടെവെസ് ആഹ്ലാദം പ്രകടിപ്പിക്കുന്നു. 

ഈ ഫുട്‌ബോൾ സീസൺ എന്താവുമെന്ന അനിശ്ചിതത്വമാണ് എവിടെയും. കളികൾ എന്നു പുനരാരംഭിക്കാനാവുമോയെന്ന് നിശ്ചയമില്ല. സീസൺ റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് പ്രമുഖ കളിക്കാർ തന്നെ ആവശ്യപ്പെടുന്നു. എങ്കിൽ വിസ്മൃതമായിപ്പോവുക ഈ അതുല്യപ്രകടനങ്ങൾ കൂടിയാണ്. 

അറ്റ്‌ലാന്റയുടെ കുതിപ്പ്
അഭൂതപൂർവമായ കുതിപ്പാണ് ഇറ്റാലിയൻ ടീം അറ്റ്‌ലാന്റ നടത്തിയത്. 2018-19 ൽ തുടങ്ങിയതാണ് ഇത്. ഇറ്റാലിയൻ ലീഗിൽ മൂന്നാം സ്ഥാനത്തെത്തിയതോടെ ആദ്യമായി അവർക്ക് യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ബെർത്ത് ലഭിച്ചു. അവിടെ അവർ നിർത്തിയില്ല. ഇറ്റാലിയൻ ലീഗ് നിർത്തിവെക്കുമ്പോൾ അവർ നാലാം സ്ഥാനത്താണ്. ചാമ്പ്യൻസ് ലീഗിൽ അവർ ക്വാർട്ടർ ഫൈനലിലേക്കു മുന്നേറി. കണ്ണഞ്ചിക്കുന്ന ആക്രമണശൈലിയിലൂടെ അവർ യൂറോപ്പിൽ ഈ സീസണിൽ ആരും കാണാനിഷ്ടപ്പെടുന്ന ടീമായി മാറി. ജോസിപ് ഇലിസിച്ചും ദുവാൻ സപാറ്റയും അലജാന്ദ്രൊ ഗോമസും നയിച്ച ആക്രമണ നിര ഇറ്റാലിയൻ ലീഗിൽ മാത്രം 70 ഗോൾ അടിച്ചുകൂട്ടി. വലൻസിയക്കെതിരായ ചാമ്പ്യൻസ് ലീഗ് പ്രി ക്വാർട്ടറിൽ ഇലിസിച് നാലു ഗോളടിച്ചു. ഇറ്റാലിയൻ ലീഗിൽ പാർമയെയും എ.സി മിലാനെയും 5-0 നും ടൂറിനോയെ 7-0 നും ലെക്കെയെ 7-2 നും തകർത്തു. അറ്റ്‌ലാന്റയും വലൻസിയയും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് പ്രി ക്വാർട്ടർ ആദ്യ പാദം ഇറ്റലിയിലെ ബെർഗാമോയിൽ കൊറോണ വിതക്കുന്നതിന് കാരണമായി എന്നത് ദുഃഖകരമായ അടിക്കുറിപ്പായി. വലൻസിയ ടീമിലെയും സ്റ്റാഫിലെയും മൂന്നിലൊന്ന് പേർക്കും കൊറോണ ബാധിച്ചു.

 

ചെങ്കുപ്പായക്കാരുടെ മുന്നേറ്റം
നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരാണ് ലിവർപൂൾ, നിലവിലെ ക്ലബ് ലോകകപ്പ് ജേതാക്കളും. എന്നാൽ 30 വർഷമായി അവർ ഇംഗ്ലിഷ് പ്രീമിയർ ലീഗ് കിരീടം നേടിയിട്ടില്ല. ഇത്തവണ അസാധാരണമായ കുതിപ്പായിരുന്നു അവരുടേത്. 29 മത്സരങ്ങളിൽ ഇരുപത്തേഴും ജയിച്ചു. ഒന്ന് സമനിലയായി. അവസാന ഘട്ടത്തിൽ ഒരു കളി തോറ്റില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ അവർ ഇതിനകം കിരീടമുറപ്പിച്ചേനേ. പ്രീമിയർ ലീഗ് ചരിത്രത്തിൽ തുടർച്ചയായി 22 ഹോം വിജയങ്ങളുടെ റെക്കോർഡിട്ടു.പ്രീമിയർ ലീഗിൽ ഒമ്പത് കളികൾ ബാക്കിയുണ്ട്. 100 പോയന്റ് തികക്കാൻ അതിൽ ആറെണ്ണം ജയിച്ചാൽ മതി. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെക്കാൾ 25 പോയന്റ് മുന്നിലാണ് അവർ. 19 പോയന്റ് വ്യത്യാസത്തിൽ കിരീടം നേടിയതാണ് നിലവിലെ റെക്കോർഡ്. 

സിറിയ-ഏഷ്യയിലെ വിസ്മയം
ഖത്തർ 2022 ലോകകപ്പിലേക്കുള്ള ഏഷ്യയുടെ യോഗ്യതാ റൗണ്ട നിർത്തിവെക്കുമ്പോൾ സിറിയയാണ് ഗ്രൂപ്പ് എ-യിൽ ഒന്നാം സ്ഥാനത്ത്. ഗ്രൂപ്പ് ജി-യിൽ വിയറ്റ്‌നാമും ഗ്രൂപ്പ് എച്ചിൽ തുർക്ക്‌മെനിസ്ഥാനും ഒന്നാമത് നിൽക്കുന്നു. ഏഷ്യയിലെ പരമ്പരാഗത ഫുട്‌ബോൾ ശക്തികളല്ല ഇവയൊന്നും. സിറിയ യുദ്ധമുഖത്തായിരിക്കാം, എന്നാൽ കളിക്കളത്തിൽ അഞ്ചു കളികളിൽ അഞ്ചും ജയിച്ചു. പരിചയസമ്പന്നരായ യു.എ.ഇയെ 1-0 ന് വിയറ്റ്‌നാം അട്ടിമറിച്ചു. ഏഷ്യയിൽ ഏറ്റവുമധികം തവണ ലോകകപ്പ് കളിച്ച ടീമായ തെക്കൻ കൊറിയയെ തുർക്ക്‌മെനിസ്ഥാൻ വിറപ്പിച്ചുവിട്ടു. 

ബൊക്കയുടെ പ്രതികാരം
അർജന്റീനയിലെ കിരീടപ്പോരാട്ടം ഇതിനെക്കാൾ നാടകീയമാവാനില്ല. മാർച്ചിലെ അവസാന മത്സര ദിനത്തിൽ ജയിച്ചാൽ റിവർപ്ലേറ്റിന് ചാമ്പ്യന്മാരാവാം. പതിനഞ്ചാം സ്ഥാനത്തുള്ള അത്‌ലറ്റിക്കൊ തുകുമാനെതിരെയായിരുന്നു അവരുടെ മത്സരം. എന്നാൽ റിവർപ്ലേറ്റിന് ജയിക്കാനായില്ലെങ്കിൽ മാത്രമേ ബദ്ധവൈരികളായ ബൊക്ക ജൂനിയേഴ്‌സിന് കിരീടം നേടാനാവൂ. റിവർപ്ലേറ്റിനെ തുകുമാൻ 1-1 ന് തളച്ചു. അതോടെ ബൊക്കയുടെ ലാം ബോംബനീറ സ്‌റ്റേഡിയത്തിൽ ആവേശം ഉച്ചസ്ഥായിയിലായി. ജിംനാഷിയ ലാ പ്ലാറ്റക്കെതിരായ മത്സരം ബൊക്ക 1-0 ന് ജയിച്ചു. ഗോളടിച്ചത് ബൊക്ക ഹീറോ കാർലോസ് ടവെസ്. എതിർ കോച്ച് ബൊക്കയുടെ എക്കാലത്തെയും വലിയ ഹീറോ ഡിയേഗൊ മറഡോണ. 2018 ലെ കോപ ലിബർട്ടഡോറസ് ഫൈനലിൽ തങ്ങളെ തോൽപിച്ച റിവർപ്ലേറ്റിനോട് ഇതിനെക്കാൾ മനോഹരമായി ബൊക്കക്ക് പകരം ചോദിക്കാനാവില്ല. 

 

ഹാലാന്റ് എന്ന ഹീറോ
2019 മേയിൽ ഹോണ്ടൂറാസിനെതിരായ അണ്ടർ-20 ലോകകപ്പിൽ ഒറ്റക്ക് ഒമ്പതു ഗോളടിച്ച ദിവസമൊഴിച്ചാൽ എർലിംഗ് ഹാലാന്റിന്റെ പേര് അധികമൊന്നും നോർവേക്കപ്പുറം ഫുട്‌ബോൾ ലോകം കേട്ടിരുന്നില്ല. ഒമ്പത് മാസങ്ങൾക്കിപ്പുറം യൂറോപ്പിലെ കളിപ്രേമികൾക്ക് സുപരിചിതനായി മാറുകയാണ് ഈ ബൊറൂഷ്യ ഡോർട്മുണ്ട് താരം. ഓസ്ട്രിയൻ ലീഗിൽ സാൽസ്ബർഗിനു വേണ്ടി ഈ സീസണിൽ 27 കളികളിൽ 29 ഗോളടിച്ചു. അതിൽ എട്ടും ചാമ്പ്യൻസ് ലീഗിലായിരുന്നു. അതോടെ ജനുവരിയിൽ ബൊറൂഷ്യ ഈ യുവ വിസ്മയത്തെ റാഞ്ചി. പത്തൊമ്പതുകാരൻ നിരാശപ്പെടുത്തിയില്ല. ആദ്യ കളിയിൽ ടീം പിന്നിട്ടു നിൽക്കവെ പകരക്കാരനായിറങ്ങി 23 മിനിറ്റിനിടെ ഹാട്രിക്കടിച്ചു. ജർമൻ ലീഗിൽ ഹാലാന്റിന്റെ ആദ്യ മൂന്നു ഷോട്ടുകളും ഗോളായി. 11 കളികളിൽ 12 ഗോൾ നേടി. എർലിംഗിന്റെ പിതാവ് ആൽഫ് ഹാലാന്റ് നോർവേക്കു വേണ്ടി 34 തവണ കളിച്ചിരുന്നു. ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ സിറ്റിയുൾപ്പെടെ ടീമുകളുടെയും ഡിഫന്ററായിരുന്നു. 

 

Latest News