Sorry, you need to enable JavaScript to visit this website.

കളിക്കളങ്ങളിൽ വറുതിയുടെ കാലം

ഭീകരാക്രണത്തിനിരയായ ബസ്സിന്റെ ചില്ലയിലൂടെ,  പുറത്ത് കാണാനെത്തിയവരുടെ കാഴ്ച
രണ്ടാം ലോക യുദ്ധത്തിനിടെ ലോഡ്‌സിൽ കളി നടക്കുമ്പോൾ യുദ്ധവിമാനത്തിന്റെ ഇരമ്പൽ കേട്ട് ഗ്രൗണ്ടിൽ വീണുകിടക്കുന്ന കളിക്കാർ. 
1941 ൽ ജർമൻ ആക്രമണത്തിൽ തകർന്ന ലണ്ടനിലെ വീട്ടിൽ ക്രിക്കറ്റ് കളിക്കുന്ന കുട്ടികൾ
സുനാമിയിൽ തകർന്ന ശ്രീലങ്കയിലെ ഗാൾ ക്രിക്കറ്റ് സ്റ്റേഡിയം. 
  • കളിക്കളങ്ങളിൽ വറുതി നേരിടുന്നത് ആദ്യമായല്ല. മുമ്പും പലതവണ സംഭവിച്ചിട്ടുണ്ട്. ക്രിക്കറ്റ് മുടങ്ങിപ്പോയ കാലങ്ങളെക്കുറിച്ച്....

നിരന്തരമായ കളിയെക്കുറിച്ച പരാതിയായിരുന്നു ഇതുവരെ. ക്രമേണ ഓരോ പരമ്പരകൾ റദ്ദാക്കിത്തുടങ്ങി. കാണികളില്ലാതെ ഏതാനും കളികൾ അരങ്ങേറി. ഒഴിഞ്ഞ ഗാലറിയിലേക്കുള്ള സിക്‌സറുകൾ ഭീതിപരത്തിപ്പറക്കുന്ന ആംബുലൻസ് വണ്ടികൾ പോലെ തോന്നി. ഒടുവിൽ അതും നിന്നു. ഇപ്പോൾ പൂർണ നിശ്ശബ്ദം. കളിക്കളങ്ങൾ നിശ്ചലമാവുന്നത് പക്ഷെ ആദ്യമല്ല. 
1914 ഓഗസ്റ്റിൽ ഒന്നാം ലോക മഹായുദ്ധം പുറപ്പെട്ടപ്പോഴും ഏതാനും ആഴ്ച കൗണ്ടി ക്രിക്കറ്റ് തുടർന്നിരുന്നു. പല മത്സരങ്ങൾക്കുമിടയിൽ കളിക്കാരെ സൈനിക ദൗത്യത്തിനായി വിളിച്ചുകൊണ്ടുപോയി. മനുഷ്യ മഹാദുരന്തത്തിനിടയിൽ കളികൾ അപ്രസക്തമാണെന്ന സാക്ഷാൽ ഡബ്ല്യു.ജി ഗ്രെയ്‌സിന്റെ ആഹ്വാനമാണ് സീസൺ നിർത്തിവെക്കുന്നതിലേക്ക് നയിച്ചത്. ഈ ദുരന്തകാലത്ത് ചിലർ കളിക്കുകയും മറ്റു ചിലർ ആസ്വദിക്കുകയും ചെയ്യുന്നത് ഉചിതമാണോയെന്ന് അദ്ദേഹം ചോദിച്ചു. ചാരിറ്റി മത്സരങ്ങളും ആർമി റെജിമെന്റുകൾ തമ്മിലുള്ള കളികളുമൊഴിച്ച് ക്രിക്കറ്റ് പൂർണമായും നിലച്ചു. 


ക്രിക്കറ്റിന്റെ അടുത്ത ഇടവേള രണ്ടാം ലോക യുദ്ധമായിരുന്നു. ഇംഗ്ലണ്ടും വെസ്റ്റിൻഡീസും തമ്മിലുള്ള പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റ് ഓവലിൽ 1939 ഓഗസ്റ്റിൽ അരങ്ങേറുമ്പോൾ അന്തരീക്ഷത്തിൽ യുദ്ധത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടിയിരുന്നു. യുദ്ധം തുടങ്ങിയാൽ യാത്ര മുടങ്ങുമെന്നു കരുതി വെസ്റ്റിൻഡീസ് കളിക്കാരെ തിരിച്ചുവിളിച്ചു. ഓവൽ ഗ്രൗണ്ട് വൈകാതെ യുദ്ധത്തടവുകാരുടെ തടങ്കൽപാളയമായി. പക്ഷെ ഇംഗ്ലണ്ടിൽ ക്രിക്കറ്റ് പൂർണമായും നിലച്ചില്ല. ലോഡ്‌സിൽ നിറഞ്ഞ ഗാലറിക്കു മുന്നിൽ കളികൾ നടക്കുന്നുണ്ടായിരുന്നു. യുദ്ധവിമാനങ്ങളുടെ ബോംബ് വർഷത്തിൽ ലണ്ടൻ തകർന്നടിയുമ്പോൾ പോലും. 1944 ൽ ജർമനിയുടെ ഫഌയിംഗ് ബോംബുകൾ ലണ്ടനിൽ മരണവും നാശവും വിതച്ചു. ജൂലൈ 29 ന് ഇംഗ്ലണ്ട് താരം വാലി ഹാമണ്ട് ഉൾപെടുന്ന റോയൽ എയർഫോഴ്‌സ് ടീമും റോയൽ ആർമി ടീമും തമ്മിലുള്ള കളി കാണാൻ മൂവായിരത്തിലേറെ പേർ എത്തി. കളി ഒരു മണിക്കൂർ പിന്നിട്ടു. എയർഫോഴ്‌സ് ബൗളർ ജാക്ക് റോബർട്‌സനെ നേരിടാൻ ആർമിയുടെ മിഡിൽസെക്‌സ് ബാറ്റ്‌സ്മാൻ ജാക്ക് റോബർട്‌സൻ തയാറായി നിൽക്കവെ യുദ്ധവിമാനങ്ങൾ ഇരമ്പിയെത്തി. സമീപത്ത് ഏതു നിമിഷവും ബോംബ് വീഴുമെന്നുറപ്പായി. കളിക്കാരും കാണികളും നിലത്തുവീണു കിടന്നു. ഭാഗ്യത്തിന് ലോഡ്‌സ് ഗ്രൗണ്ടിന് 200 വാര അകലെയാണ് ബോംബ് വർഷിച്ചത്. കളിക്കാർ പൊടി തട്ടിയെഴുന്നേറ്റു. വ്യാറ്റ് വീണ്ടും റണ്ണപ് പൂർത്തിയാക്കി പന്തെറിഞ്ഞു. ഒന്നും സംഭവിച്ചിട്ടില്ലാത്തതു പോലെ റോബർട്‌സൻ ആ പന്ത് സിക്‌സറിന് പറത്തി. ജീവിതത്തിനും മരണത്തിനുമിടയിൽ ഒരു സിക്‌സർ. 


കറുത്ത വർഗക്കാരനായ ബെയ്‌സിൽ ഒലിവേരയെ ടീമിലെടുത്തതിന്റെ പേരിൽ 1968 ൽ ഇംഗ്ലണ്ടിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനം റദ്ദാക്കേണ്ടി വന്നു. വംശവെറിയന്മാരുടെ ഭരണമായിരുന്നു ദക്ഷിണാഫ്രിക്കയിൽ. 1969-70 ൽ ദക്ഷിണാഫ്രിക്കൻ റഗ്ബി ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനെതിരെ വംശവിവേചനത്തിനെതിരായ പോരാളികൾ രംഗത്തെത്തി. ആ വർഷത്തെ ക്രിക്കറ്റ് പരമ്പരയും റദ്ദാക്കാൻ ഇംഗ്ലണ്ട് ബോർഡ് നിർബന്ധിതമായി. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ ഒറ്റപ്പെടലിന്റെ തുടക്കമായിരുന്നു അത്. വർണവിവേചനം കാരണം 20 വർഷത്തോളം അവർക്കെതിരെ വിലക്ക് നീണ്ടു. 
2004 ലെ ബോക്‌സിംഗ് ദിനത്തിലാണ് (ഡിസംബർ 26) സുനാമി ആഞ്ഞടിച്ചത്. ശ്രീലങ്ക ഉലഞ്ഞു, 35,000 പേർ മരിച്ചു, 15 ലക്ഷത്തോളം പേർ ഭവനരഹിതരായി. ഇരുവശത്തും സമുദ്രത്താൽ ചുറ്റപ്പെട്ട നയനമനോഹരമായ ഗാൾ ക്രിക്കറ്റ് സ്‌റ്റേഡിയത്തെ സുനാമി നക്കിത്തുടച്ചു. കൊളംബോയിൽ അഞ്ചു മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരം കളിക്കുകയായിരുന്നു ന്യൂസിലാന്റും ശ്രീലങ്കയും. ദുരന്തത്തിന്റെ വ്യാപ്തി കരളലിയിക്കുന്നതായിരുന്നു, സ്വന്തം സുരക്ഷയെക്കുറിച്ച ഭീതി എല്ലു തുളക്കുന്നതും. ഗാൾ സ്റ്റേഡിയം പുതുക്കിപ്പണിതു. 2007 ഡിസംബറിൽ ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റിന് സ്റ്റേഡിയം വേദിയായി. 


2009 മാർച്ച് മൂന്നിന് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ പാക്കിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ആരംഭിക്കാനിരിക്കുകയായിരുന്നു. സ്റ്റേഡിയത്തിലേക്ക് വരികയായിരുന്നു ശ്രീലങ്കൻ ബസിനു നേരെ 12 ആയുധധാരികൾ വെടിയുതിർത്തു. ആറ് കളിക്കാർക്കു പരിക്കേറ്റു. സ്റ്റേഡിയത്തിൽ നിന്ന് ഹെലിക്കോപ്റ്ററിലാണ് കളിക്കാരെ മാറ്റിയത്. 1987 ലും 1993 ലും ശ്രീലങ്കയിൽ ബോംബാക്രമണത്തിനു പിന്നാലെ ന്യൂസിലാന്റ് കളിക്കാർ പരമ്പര റദ്ദാക്കി മടങ്ങിയിരുന്നു. 2002 ൽ കറാച്ചിയിൽ ന്യൂസിലാന്റ് കളിക്കാർ താമസിച്ച ഹോട്ടലിനു നേരെയായിരുന്നു ഭീകരാക്രമണം. എന്നാൽ ലാഹോറിലേത് ഒരു ക്രിക്കറ്റ് ടീമിനു നേരെയുള്ള ആദ്യത്തെ നേരിട്ടുള്ള ആക്രമണമായിരുന്നു. ഒരു പതിറ്റാണ്ടോളം പാക്കിസ്ഥാൻ ക്രിക്കറ്റിൽ ഒറ്റപ്പെട്ടു. 2019 വരെ പാക്കിസ്ഥാന് ടെസ്റ്റ് നടത്താനായില്ല. ശ്രീലങ്കൻ ടീം തന്നെയായി അവിടെ വീണ്ടും ടെസ്റ്റ് കളിച്ചത്. 
2019 ൽ ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചർച്ച് പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ ബംഗ്ലാദേശ് കളിക്കാർ പെട്ടുപോവുകയായിരുന്നു. അടുത്ത ദിവസം ഹാഗ്‌ലി ഓവലിൽ ടെസ്റ്റ് തുടങ്ങേണ്ടതായിരുന്നു. ഭാഗ്യത്തിന് അവർ പള്ളിയിലെത്തിയിരുന്നില്ല. ആക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടു. പ്രാർഥനയും ഭക്ഷണവും കഴിഞ്ഞ് പരിശീലനം തുടങ്ങേണ്ടതായിരുന്നു. പരിശീലനം മാത്രമല്ല, പരമ്പര തന്നെ റദ്ദാക്കി ബംഗ്ലാദേശ് ടീം മടങ്ങി. 

 

Latest News