കുവൈത്ത് സിറ്റി - ഇരുപത്തിനാലു മണിക്കൂറിനിടെ കുവൈത്തില്‍ 161 പേര്‍ക്കു കൂടി കൊറോണബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കുവൈത്തില്‍ ഒരു ദിവസത്തിനിടെ ഇത്രയും കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമാണ്. ഇതോടെ കുവൈത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 1,154 ആയി ഉയര്‍ന്നു. കുവൈത്തില്‍ 133 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇരുപത്തിനാലു മണിക്കൂറിനിടെ കുവൈത്തില്‍ പത്തു പേരാണ് രോഗമുക്തി നേടിയത്. കൊറോണ രോഗികളില്‍ 27 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതില്‍ പത്തു പേരുടെ നില ഗുരുതരമാണ്.
കുവൈത്തില്‍ പുതുതായി കൊറോണബാധ സ്ഥിരീകരിച്ചവരില്‍ 104 പേര്‍ ഇന്ത്യക്കാരാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍സനദ് പറഞ്ഞു. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരില്‍ 31 പേര്‍ക്ക് വിദേശ യാത്രയിലൂടെയാണ് രോഗം ബാധിച്ചത്. ഇക്കൂട്ടത്തില്‍ 17 സ്വദേശികളെ ബ്രിട്ടനില്‍ നിന്നും ഒമ്പതു സ്വദേശികളെ ജര്‍മനയില്‍ നിന്നും മൂന്നു കുവൈത്തികളെ അമേരിക്കയില്‍ നിന്നും ഒരു രാജ്യത്തിന്റെയും പൗരത്വമില്ലാത്ത ബിദൂന്‍ വിഭാഗത്തില്‍ പെട്ട ഒരാളെ ബ്രിട്ടനില്‍ നിന്നും ഇന്ത്യക്കാരിയെ ഈജിപ്തില്‍ നിന്നുമാണ് ഒഴിപ്പിച്ചത്. ഇവരെല്ലാവരും ക്വാറന്റൈനിലായിരുന്നു.
നേരത്തെ രോഗം ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിലൂടെ 124 പേര്‍ക്ക് കൊറോണ വൈറസ് പടര്‍ന്നുപിടിച്ചു. ഇക്കൂട്ടത്തില്‍ നാലു പേര്‍ കുവൈത്തികളും 101 പേര്‍ ഇന്ത്യക്കാരും 15 പേര്‍ ബംഗ്ലാദേശുകാരുമാണ്. സൗദി അറേബ്യ, ഫിലിപ്പൈന്‍സ്, ജോര്‍ദാന്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോരുത്തരും ഇക്കൂട്ടത്തിലുണ്ട്. ഒരു കുവൈത്തി വനിതയും രണ്ടു ഇന്ത്യക്കാരും ഒരു ബള്‍ഗേറിയക്കാരനും ഒരു ഈജിപ്തുകാരനും ഒരു ഫിലിപ്പിനോയും അടക്കം ആകെ ആറു പേര്‍ക്ക് ഏതുവിധേനെയാണ് രോഗം ബാധിച്ചതെന്ന് നിര്‍ണയിക്കാന്‍ ശ്രമിച്ചുവരികയാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് പരിശോധനനകള്‍ നടത്തുന്നുമുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.






