ലോക്ഡൗണ്‍ ലംഘിക്കാതെ  പ്രവാസിയുടെ വിവാഹം

മനാമ-ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ബഹ്‌റൈന്‍ പ്രവാസി ലളിത വിവാഹം നടത്തി മാതൃകയായി. ബഹ്‌റൈനിലെ ബിസിനസുകാരനായ വടകര സ്വദേശി സമീഹുല്‍ ഹമീദിന്റെ വിവാഹം ഏപ്രില്‍ ആദ്യ വാരത്തില്‍ നടത്താന്‍ തീരുമാനിക്കുമ്പോള്‍ സാഹചര്യമിതല്ലായിരുന്നു.  ബഹ്‌റൈനില്‍ നിന്ന് കഴിഞ്ഞ മാസാദ്യം നാട്ടിലെത്തിയ സമീഹ് വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി വരികയായിരുന്നു. വടകരയ്ക്കടുത്ത വില്യാപ്പള്ളി അമരാവതിയിലെ രസ്‌നയാണ് വധു. ക്ഷണക്കത്തുകള്‍ അച്ചടിച്ച് ഇരിങ്ങല്‍ സര്‍ഗാലയയിലെ കല്യാണ മണ്ഡപം ബുക്ക് ചെയ്തതിന് ശേഷമാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. അഞ്ചിലധികം പേര്‍ ഒത്തു ചേരാന്‍ പാടില്ലെന്ന  നിബന്ധയും വന്നു. ഈ സാഹചര്യത്തിലാണ് വടകര ഹില്‍ടോപ്പിലെ താഹിറയുടേയും തിക്കോടിയിലെ മസൂദിന്റേയും മകനായ സമീഹ് ചടങ്ങുകള്‍ ലളിതമാക്കിയത്. നഗരസഭാ ആരോഗ്യ വിഭാഗത്തിലും മറ്റു ഔദ്യോഗിക കേന്ദ്രങ്ങളിലും വിവരമറിയിച്ച് ഒരു വാഹനത്തില്‍ വില്യാപ്പള്ളിയിലെ വീട്ടിലെത്തി വധുവിനെയും കൂട്ടി പോരുകയായിരുന്നു. കല്യാണ വേളയില്‍ യാത്രയക്കാന്‍ വധുവിന്റെ കുടുംബാംഗങ്ങളാണുണ്ടായിരുന്നത്.  വരനേയും വധുവിനേയും സ്വീകരിക്കാന്‍ ഉമ്മയും രണ്ട് അമ്മാവന്‍മാരും രണ്ട് സുഹൃത്തുക്കളും മാത്രം. ബി.ടെക് (മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്) ബിരുദധാരിയാണ് സമീഹ്. യു.എ.ഇയിലെ പ്രവാസിയായ ബഷീറിന്റെ മകള്‍ രസ്‌ന കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ ബി.ഡി.എസ് വിദ്യാര്‍ഥിനിയാണ്. ലോകം മുഴുവന്‍ അനുഭവിക്കുന്ന തീവ്ര വേദനയില്‍ പങ്ക് ചേരാനായതിന്റെ ആഹ്ലാദത്തിലാണ് നവ ദമ്പതികള്‍. 

അടിക്കുറിപ്പ് 
 

 

 

 

Latest News