കണ്ണൂർ - കോവിഡ് കാലത്ത് സന്നദ്ധ സേവനത്തിനായി കണ്ണൂർ ജില്ലാ പഞ്ചായത്ത് സജ്ജമാക്കിയ കോൾ സെന്ററിൽ സെലിബ്രിറ്റികളുടെ തിളക്കം. ചലച്ചിത്ര താരങ്ങൾ, ഫുട്‌ബോൾ താരങ്ങൾ, വിദ്യാഭ്യാസ വിചക്ഷണർ, രാഷ്ട്രീയ നേതാക്കൾ, ഗായകർ, ഭരണ കർത്താക്കൾ തുടങ്ങി നിരവധി പ്രമുഖരാണ് സാമൂഹ്യ സേവനത്തിനുള്ള സന്നദ്ധതയുമായി കോൾ സെന്ററിലെത്തിയത്. ഗായിക സയനോര, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഫുട്‌ബോൾ താരം സി.കെ.വിനീത്, കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ, ജില്ലാ ജഡ്ജി ഇന്ദിര തുടങ്ങി നിരവധി പേരാണ് എത്തിയത്. ഈ നിരയിൽ ഏറ്റവുമൊടുവിലായി ചലച്ചിത്ര താരം സന്തോഷ് കീഴാറ്റൂരും നടി ആത്മീയ രാജനുമാണ് ഓരോ ദിവസങ്ങളിലായി മുഴുവൻ സമയവും കോൾ സെന്ററിൽ ചെലവഴിച്ചത്.
കോളുകൾ സ്വീകരിച്ച് ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റ് എഴുതിയെടുത്ത് ബന്ധപ്പെട്ടവരെ ഏൽപ്പിക്കുകയാണിവർ ചെയ്യുന്നത്. അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നടക്കം കോളുകൾ വരുന്നുണ്ട്. വിവിധ ഭാഷകളിലാണ് വിളികളെത്തുന്നത്. ഹിന്ദി അടക്കമുള്ള ഭാഷകളിൽ വരുന്ന കോളുകൾ സ്വീകരിച്ച് കൃത്യമായ മറുപടി നൽകി രേഖപ്പെടുത്തുന്നതും ശ്രമകരമായ പ്രവൃത്തിയാണ്.
ലിസ്റ്റുകൾ പൂർത്തിയായ ശേഷമാണ് സെലിബ്രിറ്റികൾ തങ്ങളുടെ പേര് വെളിപ്പെടുത്താറുള്ളത്. ഇത് കേൾക്കുന്നവരുടെ പ്രതികരണം അത്ഭുതകരമാണെന്ന് സന്തോഷ് കീഴാറ്റൂർ പറയുന്നു. ചിലർ ആദ്യം തന്നെ ശബ്ദത്തിലൂടെ തിരിച്ചറിയുന്നുണ്ട്. പേര് വെളിപ്പെടുത്തുമ്പോൾ പലരും അത്ഭുതത്തോടെ ചോദിക്കുന്നത് പുലി മുരുകന്റെ അച്ഛനല്ലേയെന്നാണ്. വിക്രമാദിത്യൻ അടക്കമുള്ള സിനിമകളിലെ കഥാപാത്രങ്ങളുടെ പേരു പറഞ്ഞും ചിലർ സന്തോഷത്തോടെ പ്രതികരിക്കുന്നുവെന്നാണ് അനുഭവം.
കോൾ സെന്ററിൽ ഇരുന്ന ഫുട്‌ബോൾ താരം സി.കെ.വിനീതിനിത് മറക്കാനാവാത്ത അനുഭവമാണ്. വീട്ടിനകത്ത് ഇരിക്കുന്നതിനേക്കാൾ സമൂഹത്തിന് പ്രയോജനമാകുന്ന എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിലാണ് കോൾ സെന്ററിലെത്തിയത്. വ്യത്യസ്തമായ അനുഭവമാണ് ഈ ദിനം സമ്മാനിച്ചത്. കോൾ സെന്ററിൽ മുഴുവൻ സമയവും സേവനം നടത്തുന്നവർ യാതൊരു വിധ പ്രതിഫലവും സ്വീകരിക്കാതെയാണിത് ചെയ്യുന്നത്. നമ്മുടെ സാന്നിധ്യം ഇവർക്ക് പ്രചോദനമാവുന്നുവെങ്കിൽ കൂടുതൽ സന്തോഷമാണെന്ന് വിനീത് പറയുന്നു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുതൽ സന്തോഷ് കീഴാറ്റൂർ വരെയുള്ളവർക്ക് ഇത് വ്യത്യസ്തമായ അനുഭവമാണ് നൽകിയത്. ഈ കൊറോണ കാലം എക്കാലവും ഓർമ്മിക്കാൻ വഴിവെക്കുന്നതാണീ അനുഭവം. ജില്ലാ പഞ്ചായത്തിന്റെ കോൾ സെന്റർ ഇതിനകം വൻ വിജയമായിക്കഴിഞ്ഞു.






