ലോകത്ത് കോവിഡ് മരണം ഒരു ലക്ഷം കടന്നു, രോഗബാധിതര്‍ 16.67 ലക്ഷം

ന്യൂയോര്‍ക്ക്- ലോകത്ത് കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരം 100,450 പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധിച്ച് ലോകത്ത് ആകമാനം മരണപ്പെട്ടത്. രോഗബാധിതരുടെ എണ്ണം 1,666,901 ല്‍ എത്തിനില്‍ക്കുകയാണ്. ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള അമേരിക്കയില്‍ 17, 843 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 468,566 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,900 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരണമടഞ്ഞത്. ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം മരിച്ചവരുടെ എണ്ണം 7,000 കവിഞ്ഞു. രോഗബാധിതര്‍ 159,937ഉം. വ്യാഴാഴ്ച 10,000 പുതിയ രോഗികളാണ് ന്യൂയോര്‍ക്കില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  18,849 പേര്‍ക്കാണ് കൊറോണ ബാധമൂലം ഇവിടെ ജീവഹാനിയുണ്ടായത്. 143,626 പേര്‍ ഇറ്റലിയില്‍ രോഗബാധിതരായി ഉണ്ട്. 

സ്‌പെയിനില്‍ 15, 970 പേരും ഫ്രാന്‍സില്‍ 12, 210 പേരും ബ്രിട്ടനില്‍ 8, 931 പേരും ഇറാനില്‍ 4,232 പേരും ചൈനയില്‍ 3336 പേരും ബെല്‍ജിയത്തില്‍ 3019 പേരും കോവിഡ് രോഗത്താല്‍ ഇതുവരെ മരണമടഞ്ഞു. 

അതേസമയം, കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ ഒരു മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈറസ് വ്യാപനം തടയാന്‍ ചൈന കൈക്കൊണ്ട കടുത്ത നിയന്ത്രണം പൂര്‍ണമായും ലക്ഷം കണ്ടിരിക്കുന്നതായാണ് ചൈനയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കര, വ്യോമ ഗതാഗതങ്ങള്‍ പുനരാരംഭിച്ച ചൈനയില്‍ ഇപ്പോള്‍ ജനജീവിതം സാധാരണ ഗതി കൈവരിച്ചുവരികയാണ്.

കോവിഡ് വ്യാപനം തടയാന്‍ ലോക്ക്‌ഡൗണില്‍ തുടരുന്ന ഇന്ത്യയില്‍ 37 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു ദിവസം ഇത്രയധികം കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 206 ആയി.

Latest News