ജിസാൻ - ആരോഗ്യ വ്യവസ്ഥകളും മാനദണ്ഡങ്ങളും പൂർണമല്ലാത്ത, വിദേശ തൊഴിലാളികളുടെ താമസ സ്ഥലം ജിസാൻ നഗരസഭ അടപ്പിച്ചു. കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകളുടെ ഭാഗമായാണ് നടപടി. നഗരത്തിലെ ജനവാസ കേന്ദ്രത്തിലുള്ള ഈ താമസ സ്ഥലത്ത് നിരവധി നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടതായി ജിസാൻ മേയർ നായിഫ് ബിൻ സഈദാൻ അറിയിച്ചു. തുടർന്ന് പോലീസിനെ വിളിച്ച് തൊഴിലാളികളെ ഒഴിപ്പിച്ചാണ് കെട്ടിടം അടപ്പിച്ചത്.
കൊറോണ വ്യാപനം തടയുന്നതിനുള്ള മുഴുവൻ മുൻകരുതലുകൾ നടപടികളും ജിസാൻ നഗരസഭ ബാധകമാക്കുന്നുണ്ട്. തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ആരോഗ്യ വ്യവസ്ഥകളും മാനദണ്ഡങ്ങളും പൂർണമാണെന്ന് ഉറപ്പു വരുത്തുന്നുമുണ്ട്. ഫീൽഡ് സേവനം പൂർത്തിയാക്കി തിരിച്ചെത്തുന്ന ജിസാൻ നഗരസഭക്കു കീഴിലെ തൊഴിലാളികളെ അണുവിമുക്തരാക്കുന്നതിന് ഓട്ടോമാറ്റിക് കവാടങ്ങൾ നഗരസഭ ഏർപ്പെടുത്തി. റോഡുകളിലും മറ്റിടങ്ങളിലും ശുചീകരണ, അണുനശീകരണ ജോലികൾ നിർവഹിക്കുന്ന തൊഴിലാളികൾക്കിടയിൽ കൊറോണ വ്യാപനം തടയുന്നതിന് എല്ലാവിധ മുൻകരുതൽ നടപടികളും നഗരസഭ സ്വീകരിച്ചിട്ടുണ്ടെന്നും മേയർ പറഞ്ഞു.






