Sorry, you need to enable JavaScript to visit this website.

യെമനിൽ ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്തു

ഏദൻ - ഇതുവരെ കൊറോണ റിപ്പോർട്ട് ചെയ്യാതിരുന്ന അറബ് രാജ്യമായിരുന്ന യെമനിൽ ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്തു. ദക്ഷിണ, കിഴക്കൻ യെമനിലെ ഹദർമൗത്ത് ഗവർണറേറ്റിൽ തീരദേശ നഗരമായ അൽശഹറിലാണ് രാജ്യത്തെ ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്തതെന്ന് ഹദർമൗത്ത് ഗവർണർ മേജർ ജനറൽ ഫറജ് അൽബഹ്‌സനി അറിയിച്ചു. രോഗി വിദേശിയാണ്. ഒരു സർക്കാർ വകുപ്പിലെ നിരവധി ജീവനക്കാരുമായി ഇയാൾ സമ്പർക്കം പുലർത്തിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന് അടിയന്തരവും കർക്കശവുമായ മുൻകരുതലുകൾ സ്വീകരിക്കാൻ ഗവർണർ ഉത്തരവിട്ടു. ഹദർമൗത്തിലെ കിഴക്കൻ ജില്ലകളായ അൽശഹർ, അൽദീസ്, അൽറൈദ, ഖുസൈഇർ എന്നിവിടങ്ങളിൽ ഭാഗിക കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. മസ്ജിദുകളും പൊതുമാർക്കറ്റുകളും അടച്ചിട്ടുമുണ്ട്. ഹദർമൗത്തിലെ മറ്റു ജില്ലകളിലും മുൻകരുതലുകൾ ബാധകമാക്കിയിട്ടുണ്ട്. 


മധ്യപൗരസ്ത്യ ദേശത്ത് കൊറോണ റിപ്പോർട്ട് ചെയ്യാത്ത ഏക രാജ്യം യെമനാണെന്ന് യെമനിലെ ലോകാരോഗ്യ സംഘടനാ പ്രതിനിധി അൽതഫ് മൂസാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രോഗബാധ സംശയിച്ച് 150 ലേറെ പേരെ റാപ്പിഡ് റെസ്‌പോൺസ് സംഘങ്ങൾ പരിശോധിച്ചിരുന്നു. കൊറോണബാധ സംശയിക്കപ്പെടുന്ന കേസുകളിൽ അന്വേഷണം നടത്തുന്നതിന് യെമനിൽ 333 റാപ്പിഡ് റെസ്‌പോൺസ് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടനാ പ്രതിനിധി പറഞ്ഞു. 


 

Latest News