റിയാദ് - കൊറോണ വ്യാപനം തടയുന്നതിനു വിമാന സർവീസുകൾ നിർത്തിവെച്ചതോടെ ഇന്തോനേഷ്യയിൽ കുടുങ്ങിയ 250 സൗദി പൗരന്മാരെ പ്രത്യേക വിമാനത്തിൽ സ്വദേശത്തു തിരിച്ചെത്തിച്ചു. ജക്കാർത്തയിൽനിന്ന് ഇന്നലെ രാവിലെ സൗദിയ വിമാനത്തിൽ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ വിദേശ, ടൂറിസം, ആരോഗ്യ മന്ത്രാലയങ്ങളുടെയും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെയും പ്രതിനിധികൾ ചേർന്നു സ്വീകരിച്ചു. എയർപോർട്ടിലെത്തിയ ഉടൻ ഇവരെ മുൻകരുതലായി ക്വാറന്റൈൻ ചെയ്തു. എല്ലാവരെയും ക്വാറന്റൈനുകളാക്കി മാറ്റിയ ഹോട്ടലുകളിലേക്ക് മാറ്റി. നിശ്ചിത കാലം ക്വാറന്റൈനിൽ പൂർത്തിയാക്കുകയും രോഗവിമുക്തരാണെന്നു പരിശോധനകളിലൂടെ പൂർണമായും ഉറപ്പു വരുത്തുകയും ചെയ്ത ശേഷമേ ഇവരെ വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കുകയുള്ളൂ.
ജക്കാർത്തയിൽനിന്ന് യാത്ര തിരിച്ച സൗദി പൗരന്മാരെ ഇന്തോനേഷ്യയിലെ സൗദി അംബാസഡർ ഉസാം അൽസഖഫിയും എംബസി ഉദ്യോഗസ്ഥരും ചേർന്നു യാത്രയാക്കി. വിദേശ മന്ത്രാലയത്തിലെ ക്രൈസിസ് മാനേജ്മെന്റ് കൺട്രോൾ റൂമിന്റെ നിരീക്ഷണത്തിലാണ് ഇവർ ഇന്തോനേഷ്യയിൽ നിന്ന് വിമാനം കയറിയത്.
പന്ത്രണ്ടു ഘട്ട മുൻകരുതലുകൾ സ്വീകരിച്ചാണ് സൗദി പൗരന്മാരെ വിദേശത്തു നിന്ന് ഒഴിപ്പിക്കുന്നത്. സൗദിയിലേക്കു യാത്ര തിരിക്കുന്ന എയർപോർട്ടിൽ വെച്ചും വിമാനം കയറുന്നതിനു മുമ്പും യാത്രക്കാരെ പരിശോധിക്കുകയും വിമാനത്തിനകത്ത് യാത്രക്കാർക്കിടയിൽ സുരക്ഷിത അകലം ഉറപ്പു വരുത്തുകയും ചെയ്തു. ടെർമിനലിൽ അടുത്തടുത്തായി ക്യൂ നിൽക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് സൗദിയിൽ ലാന്റ് ചെയ്യുന്ന വിമാനത്തിൽ നിന്ന് നിയന്ത്രിതമായാണ് യാത്രക്കാരെ പുറത്തിറക്കുന്നത്. കൂടാതെ വിമാനത്തിൽ നിന്ന് ടെർമിനലിലേക്ക് പ്രവേശിക്കുന്ന എയ്റോ ബ്രിഡ്ജുകളിൽ അണുനശീകരണ ഏരിയകളും സജ്ജീകരിച്ചിട്ടുണ്ട്. വിമാനമിറങ്ങുന്ന യാത്രക്കാരുടെ ശരീര താപനില തെർമൽ ക്യാമറകൾ ഉപയോഗിച്ച് ആരോഗ്യ മന്ത്രാലയ സംഘങ്ങൾ പരിശോധിക്കുകയും ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്യും.
ജവാസാത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും വിരലടയാളം രേഖപ്പെടുത്തുന്നതിനും മുമ്പായി യാത്രക്കാർ കൈകൾ അണുവിമുക്തമാക്കലും നിർബന്ധമാണ്. കസ്റ്റംസ് ഏരിയയിൽ യാത്രക്കാരനും കസ്റ്റംസ് ഉദ്യോഗസ്ഥനും ഇടയിൽ ചുരുങ്ങിയത് ഒന്നര മീറ്ററിന്റെ അകലം കാത്തുസൂക്ഷിക്കുകയും ചെയ്യും. എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങുന്ന യാത്രക്കാരെ ആരോഗ്യ, ടൂറിസം മന്ത്രാലയങ്ങൾ പ്രത്യേക ബസുകളിൽ ഹോട്ടലുകളിലേക്കു മാറ്റും. പതിനാലു ദിവസമാണ് ഇവർ ഹോട്ടലുകളിൽ കഴിയേണ്ടത്.
വിദേശങ്ങളിൽ നിന്ന് ഒഴിപ്പിക്കുന്ന സൗദി പൗരന്മാരെ പാർപ്പിക്കുന്നതിന് 11,000 ലേറെ മുറികൾ അടങ്ങിയ ഹോട്ടലുകൾ ക്വാറന്റൈനുകളാക്കി മാറ്റിയിട്ടുണ്ട്. ബഹ്റൈനിൽ കുടുങ്ങിയ സൗദി പൗരന്മാരെ കഴിഞ്ഞ ദിവസങ്ങളിൽ ബസ് മാർഗം കിംഗ് ഫഹദ് കോസ്വേയിലൂടെ ഒഴിപ്പിച്ച് സ്വദേശത്ത് എത്തിച്ചിരുന്നു. വിമാന മാർഗമുള്ള ആദ്യ ഒഴിപ്പിക്കലാണ് ഇന്തോനേഷ്യയിൽ നിന്ന് ഇന്നലെ നടത്തിയത്.
ലോക രാജ്യങ്ങളിൽ കുടുങ്ങിയ മുഴുവൻ സൗദി പൗരന്മാരെയും ഒഴിപ്പിക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശം നൽകിയിട്ടുണ്ട്. റിയാദ്, ജിദ്ദ, ദമാം എയർപോർട്ടുകൾ വഴിയാണ് ഇവരെ സ്വദേശത്ത് തിരിച്ചെത്തിക്കുക. സ്വദേശത്തേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന സൗദി പൗരന്മാരുടെ രജിസ്ട്രേഷന് വിദേശ മന്ത്രാലയം ലിങ്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തേ പ്രഖ്യാപിച്ച സമയം അവസാനിച്ചതിനെ തുടർന്ന് രജിസ്ട്രേഷന് കൂടുതൽ സമയം അനുവദിച്ചിട്ടുമുണ്ട്.






