ഉപ്പില്ലാത്ത കഞ്ഞി എന്നത് ഒരു പ്രയോഗം മാത്രമല്ല, ഭക്ഷണത്തിന്റെ രുചിക്കുറവിന്റെ അടയാളം കൂടിയാണ്. ഉപ്പിടാതെ ഒരു ഭക്ഷണം പോലും ഉണ്ടാക്കാനാകില്ല. എന്നാൽ അമിതമായാൽ അമൃതും വിഷം എന്ന പോലെയാണ് ഉപ്പിന്റെയും കാര്യം. ഉപ്പ് ഏതെല്ലാം തരത്തിൽ ആരോഗ്യത്തിന് ഹാനികരമാണെന്നും എല്ലാവർക്കും അറിയാം.
ഉപ്പിടാതെ ഭക്ഷണം ഉണ്ടാക്കാൻ സാധിക്കുമോ. സാധിക്കും എന്നു തന്നെയാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ഉപ്പിന് പകരം ഭക്ഷണത്തിൽ പരീക്ഷിക്കാവുന്ന ചിലതുണ്ട്..
നാരങ്ങാനീർ /ഓറഞ്ച് നീർ
ഭക്ഷണത്തിൽ നാരങ്ങാ നീരോ ഓറഞ്ച് നീരോ ചേർക്കാം. ഇത് ഭക്ഷണത്തിന് കൂടുതൽ ടേസ്റ്റ് പകരും. മാത്രമല്ല, ഓറഞ്ച് നീരും നാരങ്ങാ നീരും ഉപ്പിന്റെ ഫലം ചെയ്യുന്നതായും തെളിയിക്കപ്പെട്ടതാണ്.
ഔഷധം/ സുഗന്ധദ്രവ്യം
ഇഷ്ടഭക്ഷണങ്ങളിൽ അൽപം ഔഷധ ഗുണമുള്ളതായ സുഗന്ധദ്രവ്യങ്ങൾ ചേർക്കാം. ഇത് ഭക്ഷണത്തിന് അനുപമമായ രുചി തന്നെ പകരും. സുഗന്ധച്ചെടി, തുളസി, മല്ലിയില, പുതീന തുടങ്ങിയവ ഇതിന് ഉപയോഗിക്കാവുന്നതാണ്.

വിനാഗിരി
വിനാഗിരി ഉപ്പിന് പകരം ഭക്ഷണത്തിൽ ഉപയോഗിക്കാവുന്നതാണ്. ഇറച്ചിയെ മയപ്പെടുത്തുമെന്ന് മാത്രമല്ല, മറ്റു സ്‌പൈസുകളുമായി ചേർന്ന് ആസ്വാദ്യകരമായ ഒരു രുചി പകരുകയും ചെയ്യും.
ഇഞ്ചി/വെളുത്തുള്ളി
ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും കൂടുതൽ ഫ്‌ളേവറുകൾ ഭക്ഷണത്തിന് പ്രത്യേക മാനം കൊണ്ടുവരും. ഇത് ഭക്ഷണത്തിൽ ഉപ്പിന്റെ ആവശ്യകത കുറച്ചു കൊണ്ടുവരികയും അങ്ങനെ ഉപ്പിന്റെ ഉപഭോഗം കുറക്കുകയും ചെയ്യാം. ആരോഗ്യ പ്രശ്‌നങ്ങൾ കുറവാണെന്നതും ഇതിന്റെ പ്രത്യേകതയാണ്.
വെണ്ണ
പുതിയതായി കടഞ്ഞെടുത്ത വെണ്ണ ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കുന്നുണ്ട്. സലാഡുകളിലും ഇത് ഉപയോഗിക്കാവുന്നതാണ്.






