Sorry, you need to enable JavaScript to visit this website.

പതറല്ലേ, മനമിടറല്ലേ

ലോകം കേവലമൊരു ഗ്രാമമായി ചുരുങ്ങിയ ഈ കാലത്ത് മഹാവ്യാധികളുടെ ദുരന്ത വാർത്തകൾക്കിടയിൽ അർജന്റീനയിൽനിന്നുള്ള ഒരു വാർത്തയുണ്ട്. കുടുംബ കലഹങ്ങൾ മൂലം ഏതാനും ദിവസത്തെ ലോക്ഡൗൺ കാലയളവിൽ എട്ടോളം പേർ കൊല്ലപ്പെട്ടു എന്ന വാർത്തയാണത്.
പ്രതീക്ഷിച്ചതിൽ അധികം ദിനങ്ങളിൽ പുറത്തേക്കൊന്നും പോവാൻ കഴിയാതെ വീട്ടിൽ കഴിയേണ്ടി വരുമ്പോൾ സ്വാഭാവികമായും സാമൂഹിക ജീവിയായ മനുഷ്യൻ അഭിമുഖീകരിക്കുന്ന മാനസികവും വൈകാരികവും സാമ്പത്തികവുമായ പ്രതിസന്ധികൾകൾ ചെറുതല്ല. 
ഏതാനും ദിവസങ്ങൾക്കു മുമ്പ് ജിദ്ദയിൽ നിന്നും ഒരു സുഹൃത്ത് വിളിച്ചറിയിച്ചത് ഉറക്കമില്ലാത്ത രാത്രികളിലൂടെയാണ് കടന്നു പോകുന്നതെന്നാണ്. നാലഞ്ച് ദിവസമായി അദ്ദേഹം ഉറങ്ങിയിട്ട്. മനസ്സിൽ നിറയെ നീറുന്ന അസ്വസ്ഥതയാണ്. വൈദ്യസഹായം തേടേണ്ടി വരുമോ എന്നതാണ് അയാളുടെ ആശങ്ക. ഇങ്ങനെ വൻതോതിൽ ആത്മസംഘർഷത്തിനടിപ്പെടുന്ന സാധാരണക്കാരുടെ എണ്ണം അനുദിനം ഒരുപാട് വർധിച്ചു വരികയാണ്. 
തീർച്ചയായും ഇങ്ങനെയുള്ള ഒരു പകർച്ചവ്യാധിയുടെ കാലത്ത് മാനസിക സംഘർഷം, ഉൽക്കണ്ഠ, ഭയം ഏകാന്തത തുടങ്ങിയവ സാധാരണമാണ്. കോവിഡ്19 ന്റെ ഒരു ഉപോൽപന്നമായി ലോകാരോഗ്യ സംഘടന തന്നെ പറയുന്ന കാര്യം ലോകാടിസ്ഥാനത്തിൽ മാനസിക ആരോഗ്യത്തിൽ വലിയ തോതിലുള്ള ഏറ്റക്കുറച്ചിലുകൾ സംഭവിക്കും എന്ന് തന്നെയാണ്. 
ബി.ബി.സിയുടെ റിപ്പോർട്ടർ വീട്ടിലിരുന്ന് വാർത്ത വായിക്കുന്നതിനിടയിൽ അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ രസകരമായ രംഗം വൈറലായത് നമ്മളൊക്കെ കണ്ടതാണ്. വീട്ടിലിരുന്ന് ഓഫീസ് ജോലി ചെയ്യുമ്പോൾ ഉണ്ടാകുന്ന മാനസിക സംഘർഷത്തെ കുറിച്ച് എന്റെ സഹപ്രവർത്തകർ നിരന്തരം സ്വകാര്യ സംഭാഷണങ്ങളിൽ പറയാറുണ്ട്. ഒരു ജോലിയും ചെയ്യാതെ വീട്ടിലിരിക്കേണ്ടി വരുന്നവരിലുണ്ടാവുന്ന മാനസിക പിരിമുറുക്കങ്ങൾ അതിലേറെയാണ്. 
വീട്ടിലിരുന്നു ജോലി ചെയ്യേണ്ട ഈ അപൂർവ സാഹചര്യം പ്രവാസ ലോകത്ത് ചില പ്രത്യേക ജോലികളിൽ ഏർപ്പെടുന്നവരിൽ നിയന്ത്രണാതീതമായ വൈകാരിക വിക്ഷുബ്ധതക്കും വിഷാദത്തിനും ഇടയാക്കിയിട്ടുണ്ട്. വീട്, ഔദ്യോഗിക വസതി ഇവ തമ്മിലുള്ള അന്തരം ഇല്ലാതാവുകയും രണ്ടിടത്തും പാലിക്കുന്ന സ്വഭാവ മര്യാദകളിൽ നിയന്ത്രിച്ചു നിർത്തിയ പല വൈകാരിക വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും വീട്ടുതടങ്കലിന്റെ നാളുകളിൽ നിയന്ത്രണം വിടുന്നതിന്റെ കണ്ണീർ കഥകൾ കുറച്ചൊന്നുമല്ല കേട്ടുകൊണ്ടിരിക്കുന്നത്.
സാധാരണയിൽ കൂടുതൽ നേരം ജോലി ചെയ്യേണ്ട സാഹചര്യം വീട്ടിലിരുന്ന് തൊഴിലെടുക്കുമ്പോൾ ആവശ്യമായി വരുന്നു. പതിവിൽനിന്നു ഭിന്നമായി തൊഴിൽ എടുക്കേണ്ട ഈ അവസ്ഥ പലരുടെയും ശാരീരികാരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നുണ്ട്. 


വീട്ടിൽനിന്ന് തൊഴിലെടുക്കുമ്പോൾ മാനസിക സംഘർഷം ലഘൂകരിക്കാൻ എന്ത് ചെയ്യണം എന്ന ചോദ്യത്തിനുത്തരമായി വിദഗ്ധർ പറയുന്നത് ആത്മസംഘർഷങ്ങളുടെ നാളുകളിലൂടെയാണ് ഞാനും ലോകരും കടന്നു പോകുന്നതെന്ന് സ്വയം ബോധ്യപ്പെടണം എന്നുള്ളതാണ്. അത്തരം തിരിച്ചറിവിലൂടെ തന്നെ മാനസികമായ പിരിമുറുക്കത്തെ ഒരു പരിധി വരെ തളയ്ക്കാൻ കഴിയും. വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന ഒരാൾ ദിനാരംഭത്തിൽ തന്നെ അതിനുതകുന്ന മാനസികാവസ്ഥ ഒരുക്കണം. തൊഴിൽ സംബന്ധമായ പ്രയാസങ്ങൾ മാത്രമല്ല വീട്ടിൽ ഉണ്ടാവുക. അല്ലാതെയുള്ള പലതരത്തിലുള്ള ശല്യങ്ങളും ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളും വീട്ടിൽ ഉണ്ടായേക്കാം. 
പ്രത്യേകിച്ചും കുടുംബത്തോടൊപ്പം താമസിക്കുന്നവർ പതിവിൽനിന്നും ഭിന്നമായി കൂടുതൽ നേരം മക്കളുമായും ഇണകളുമായും ഇടപെടുകയും സംസാരിക്കുകയും ചെയ്യുമ്പോൾ ചർച്ച വഴിമാറി അനാവശ്യമായ കാര്യങ്ങളിൽ എത്തിച്ചേരുകയും പരസ്പരം കലഹങ്ങളിൽ കലാശിക്കുകയും ചെയ്യുന്നു എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. 
ഇവിടെയൊക്കെ നാം പാലിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ക്ഷമയോടെയും കാരുണ്യ ഭാവത്തോടെയും സ്വന്തത്തെയും മറ്റുള്ളവരെയും സമീപിക്കണം എന്നുള്ളതു തന്നെയാണ്.
ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും വേണ്ടത്ര ജലപാനം നടത്തുന്നതും മാനസിക ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. ആരോഗ്യ സംബന്ധമായ ശീലങ്ങൾ പരമാവധി ക്രമീകരിക്കാൻ ഈ നാളുകൾ ഉപയോഗപ്പെടുത്തുക. ഊണ്, ഉറക്കം, വ്യായാമം എന്നിവ ശാസ്ത്രീയമായി ക്രമീകരിക്കാനുതകുന്ന വിദഗ്ധരുടെ പഠന ക്ലാസുകൾ ഉപയോഗപ്പെടുത്തുന്നത് നന്നായിരിക്കും. മുറിവൈദ്യൻമാരുടെ കെണിയിൽ വീഴാതെ നോക്കണമെന്നു മാത്രം.
അകാല മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് ഏകാന്തതയാണ് എന്ന് ഗവേഷണം കണ്ടെത്തിയിട്ടുണ്ട്. ആധുനിക കാലത്തെ ഏറ്റവും പ്രധാന സങ്കേതമായ സോഷ്യൽ മീഡിയ യുക്തിപൂർവം ഉപയോഗിച്ചുകൊണ്ട് നമ്മുടെ ഉറ്റവരോടും ഉടയവരോടും സ്‌നേഹ സൗഹൃദങ്ങൾ പങ്കുവെക്കുന്നതിലൂടെ ഏകാന്തതയെ മറികടക്കാം. മഹാവ്യാധിയുടെ കാലത്ത് പ്രവാസ ലോകത്ത് ഒറ്റപ്പെട്ടു പോകുന്നവർ പരമാവധി സോഷ്യൽ മീഡിയയിലൂടെ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ആരോഗ്യകരമായ ചർച്ചകളിലും തുറന്നു പറച്ചിലുകളിലും വിജ്ഞാന വിനോദ പരിപാടികളിലും സമയം ചെലവഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശാസ്ത്ര വേദവിജ്ഞാനീയങ്ങളിലും മറ്റും അറിവുള്ളവരുടെ പരിചയവും സൗഹൃദവും അവരുമായി ഇടക്കിടെ സംസാരിക്കുന്നതും മാനസികമായ സംഘർഷത്തിന് അയവു വരുത്താൻ ഏറെ സഹായിക്കും.
സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് അറിയാം ഈ നാളുകളിൽ ലൈവ് സ്ട്രീമിംഗ് ഏറെ വർധിച്ചിരിക്കുന്ന കാര്യം. പൊതുപ്രവർത്തകർ സാമൂഹ്യ സന്നദ്ധ സേവന രംഗത്ത് പ്രവർത്തിക്കുന്നവർ എല്ലാം കുറച്ചു നേരമെങ്കിലും ലൈവിൽ എത്തുന്നവരാണിപ്പോൾ. ബോധപൂർവം വിവാദവും വിഭാഗീയതയും സൃഷ്ടിച്ച് ലൈക്കും കമന്റും വാരിക്കൂട്ടാനും മറ്റുള്ളവരുടെ ആത്മസംഘർഷങ്ങൾ വർധിപ്പിക്കാനും കച്ചകെട്ടിയിറങ്ങുന്നവരുടെ വലയിൽ കുടുങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ക്ഷേമകരമായ ജീവിതത്തെ കുറിച്ച് കാഴ്ചപാടുള്ളവരുടെ ജീവിതവും പ്രഭാഷണങ്ങളും പഠനങ്ങളും പ്രസിദ്ധീകരണങ്ങളും കണ്ടെത്തി ഉപയോഗപ്പെടുത്തുന്നതിനു മുൻഗണന നൽകുന്നത് നല്ലതായിരിക്കും.
തന്റെ ക്ഷേമത്തെ പോലെ തന്നെ അന്യരുടെ ക്ഷേമത്തിനും പ്രാധാന്യവും പരിഗണനയും നൽകുമ്പോൾ സ്വാഭാവികമായും ആത്മസംഘർഷങ്ങൾ കുറഞ്ഞു വരും എന്നത് നേരനുഭവമാണ്. അതു തന്നെയാണ് ഗവേഷണ പഠനങ്ങളും തെളിയിക്കുന്നത്. 
ഉൽക്കണ്ഠയുടെ അളവ് കൂടാൻ കാരണം കാര്യങ്ങൾ കൈവിട്ടു പോകുന്നല്ലോ എന്ന തോന്നലാണ്. രോഗബാധയേറ്റ് റിയാദിൽ മരണപ്പെട്ട പ്രവാസി സുഹൃത്തിന്റെ ഒടുവിലത്തെ സംസാരം വിരൽ ചൂണ്ടിയത് അതിലേക്കാണ്. അതുകൊണ്ടു തന്നെ പകർച്ചവ്യാധിയുടെ ഈ ഭീതിദമായ നാളുകളിൽ ഹൃദ്യമായ സൗഹൃദങ്ങൾ ഊനം തട്ടാതെ സൂക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക. 
നിത്യേന കുറച്ചുനേരം നേരം നട്ടെല്ലു നിവർത്തിയിരുന്ന് ശരീരം പൂർണമായും വിശ്രാന്തിയിലാവുന്ന വിധത്തിൽ ശ്വാസഗതിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു പരമാവധി ഓക്‌സിജൻ ഉള്ളിലേക്ക് എടുക്കുന്നത് കൂടുതൽ ഊർജവും ഉന്മേഷവും പ്രദാനം ചെയ്യും. ശ്വാസകോശത്തിലേക്കു നന്നായി ശുദ്ധവായു നിറയുന്ന തരത്തിൽ വേണം ശ്വാസമെടുക്കാൻ. കുറച്ചുനേരം പിടിച്ചു നിർത്തിയതിനു ശേഷം സാവകാശം ശ്വാസം പുറത്തേക്കു വിടുക. ഇങ്ങനെ വളരെ അവധാനതയോടെ ഉള്ളിലേക്കെടുത്ത് കുറച്ചുനേരം നേരം പിടിച്ചുനിർത്തി പതുക്കെ പുറത്തേക്ക് വിടുന്ന ശ്വസനക്രിയ സംഘർഷ മേഖലയിൽ ജോലി ചെയ്യുന്നവർക്കിടയിൽ ഏറെ പതിവുള്ളതാണ്. ഈ ശ്വസനക്രിയ ലോക്ഡൗൺ നാളുകളിൽ വീട്ടിൽ ഇരിക്കുന്നവർ പരിശീലിക്കുന്നത് പതിവാക്കുന്നതും മാനസിക പിരിമുറുക്കം കുറക്കുന്നതിന് ഏറെ സഹായിക്കും.

 

Latest News